കിയവ്: സപോരിസ്യ ആണവനിലയത്തിന്‍റെ നിയന്ത്രണം യുക്രെയ്ൻ തിരിച്ചുപിടിച്ചതായി റിപ്പോർട്ടുകൾ. യൂറോപ്പിലെ ഏറ്റവും വലിയ ആണവോർജ നിലയമായ തെക്ക് കിഴക്കൻ യുക്രെയ്നിലെ സപോരിസ്യ നിലയം വെള്ളിയാഴ്ചയാണ് റഷ്യൻ സൈന്യം പിടിച്ചെടുത്തത്.
വ്യാഴാഴ്ച രാത്രി ആക്രമണത്തിനിടെ ആണവനിലയത്തിൽ വലിയ അഗ്നിബാധ ഉണ്ടായെങ്കിലും പിന്നീട് നിയന്ത്രണവിധേയമാക്കി. നാലുമണിക്കൂറിലേറെ തീ ആളിക്കത്തി. തീ ആണവ റിയാക്ടറുകളിലേക്ക് വ്യാപിച്ച് ആണവ ചോർച്ച ഉണ്ടാകാമെന്ന് ആശങ്ക ഉയർന്നിരുന്നു. റഷ്യൻ ഷെല്ലിങ്ങിനെ തുടർന്നാണ് ആണവ നിലയത്തിന് തീപിടിച്ചതെന്ന് യുക്രെയ്ൻ ഭരണകൂടം ആരോപിച്ചു. അഗ്നിബാധ നിയന്ത്രണവിധേയമാക്കാനുള്ള യുക്രെയ്ൻ അടിയന്തര സേവന സേനയുടെ ശ്രമത്തെ റഷ്യൻ സൈന്യം തടഞ്ഞുവെന്നും യുക്രെയ്ൻ കുറ്റപ്പെടുത്തിയിരുന്നു.
ഇന്നേവരെ ഒരു രാജ്യവും ആണവോർജ നിലയങ്ങളെ ആക്രമിച്ചിട്ടില്ലെന്നും മാനവ ചരിത്രത്തിലാദ്യമായി ഒരു ഭീകരരാഷ്ട്രം ആണവ ഭീകരപ്രവർത്തനം നടത്തിയിരിക്കുകയാണെന്നുമാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പ്രതികരിച്ചത്. റഷ്യൻ സേന യുക്രെയ്നിലെ രണ്ടാമത്തെ ആണവ നിലയത്തിന് സമീപം എത്തിയതായി യു.എന്നിലെ യു.എസ് പ്രതിനിധി പറഞ്ഞു. വ്യാഴാഴ്ച രാത്രി ലോകം വൻദുരന്തത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിനു പിന്നാലെ റഷ്യൻ സേന യുക്രെയ്നിലെ രണ്ടാമത്തെ ആണവ നിലയമായ യൂഷോക്രെയ്സ്ക് ലക്ഷ്യമിടുകയാണെന്ന് ലിൻഡ തോമസ് ആരോപിച്ചു.
കിയവിൽനിന്ന് 200 മൈൽ തെക്കാണ് ഈ ആണവ നിലയം. അതേസമയം, യുക്രെയ്ൻ നഗരമായ സുമിയുടെ തെരുവുകളിൽ കനത്ത പോരാട്ടം നടക്കുകയാണ്. ജനങ്ങളോട് വീടുകളിൽനിന്ന് തന്നെ കഴിയാനോ, സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനോ പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നൽകി. കിയവിൽ വ്യോമാക്രമണം നടക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.