കരിങ്കടലിൽ മുങ്ങുന്ന മോസ്കവ; റഷ്യൻ പടക്കപ്പലിന്‍റെ ദൃശ്യങ്ങൾ പുറത്ത്

തങ്ങൾ മിസൈലാക്രമണത്തിൽ തകർത്തുവെന്ന് യുക്രെയ്നും, തീപ്പിടിത്തത്തെ തുടർന്നുള്ള പൊട്ടിത്തെറിയിലാണ് തകർന്നതെന്ന് റഷ്യയും അവകാശപ്പെടുന്ന റഷ്യൻ പടക്കപ്പൽ മോസ്കവയുടെ ദൃശ്യങ്ങൾ പുറത്ത്. റഷ്യയുടെ അഭിമാനമായ പടക്കപ്പൽ തീപ്പിടിച്ച് കരിങ്കടലിൽ മുങ്ങുന്നതിന്‍റെ ദൃശ്യമാണ് പുറത്തുവന്നത്. അതേസമയം, ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

റഷ്യൻ പടക്കപ്പലിനെ തങ്ങളുടെ കരുത്തേറിയ കപ്പൽവേധ മിസൈലായ നെപ്ട്യൂൺ തകർത്തെന്നാണ് യുക്രെയ്ൻ അവകാശപ്പെട്ടിരുന്നത്. 280 കിലോമീറ്റർ വരെ ദൂരപരിധിയുള്ളതും വൻ നാശമുണ്ടാക്കാൻ പര്യാപ്തമായതുമായ മിസൈലാണ് നെപ്ട്യൂൺ.

എന്നാൽ യുക്രെയ്ന്‍റെ വാദം റഷ്യ അംഗീകരിച്ചിരുന്നില്ല. കപ്പലിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊട്ടിത്തെറിച്ച് മുങ്ങുകയായിരുന്നെന്നാണ് റഷ്യ അവകാശപ്പെട്ടത്. ശക്തമായ കാറ്റിൽപെട്ടതും അപകടകാരണമായി റഷ്യ പറയുന്നു. എന്നാൽ, ഇപ്പോൾ ലഭിച്ച ദൃശ്യങ്ങളിൽ കാറ്റിന്‍റെ സൂചനകളില്ലെന്നും മിസൈൽ പതിച്ചതിന്‍റെ അടയാളമാണ് കാണാനാവുകയെന്നും മറൈൻ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.


റഷ്യന്‍ നാവികസേനയുടെ മൂന്നാമത്തെ വലിയ പടക്കപ്പലാണ് 186.4 മീറ്റര്‍ നീളമുള്ള മോസ്‌ക്‌വ. സേനയുടെ അഭിമാനം. ശീതയുദ്ധം നടക്കുന്ന കാലത്ത് 1979ലാണ് കപ്പല്‍ റഷ്യന്‍ സേനയുടെ ഭാഗമായത്. ജോര്‍ജിയ, സിറിയ എന്നീ രാജ്യങ്ങളുമായുള്ള തര്‍ക്കകാലത്ത് മോസ്‌ക്വ കപ്പലിനെ വിന്യസിച്ചിരുന്നു. 16 ദീര്‍ഘദൂര ക്രൂയിസ് മിസൈലുകളെ വഹിക്കാനുള്ള ശേഷി ഈ യുദ്ധക്കപ്പലിനുണ്ട്. 550ഓളം ആളുകളേയും വഹിക്കാനാവും.

'മോസ്കവ പടക്കപ്പൽ മുങ്ങിയതിനു പിന്നാലെ മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചു'; പ്രഖ്യാപനവുമായി റഷ്യൽ ചാനൽ

മോസ്കോ: റഷ്യൻ പടക്കപ്പൽ മോസ്കവ കരിങ്കടലിൽ മുങ്ങിയതിനു പിന്നാലെ മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചതായി റഷ്യൻ സ്റ്റേറ്റ് ടെലിവിഷൻ. തങ്ങളുടെ മിസൈൽ ആക്രമണത്തിലാണ് പടക്കപ്പൽ തകർന്നതെന്ന് യുക്രെയ്ൻ അവകാശപ്പെടുന്നുണ്ടെങ്കിലും റഷ്യ അംഗീകരിച്ചിട്ടില്ല.

പൊട്ടിത്തെറിയെ തുടർന്നുണ്ടായ തീപിടിത്തത്തിലാണ് കപ്പൽ തകർന്നതെന്നാണ് റഷ്യ അവർത്തിക്കുന്നത്. ഇതിനിടെയാണ് സർക്കാർ അനുകൂല ചാനലായ റഷ്യ വണ്ണിന്‍റെ അവതാരക ഒൽഗ സ്കബെയേവ ഇത്തരത്തിൽ പ്രഖ്യാപനം നടത്തിയത്. പോരാട്ടം രൂക്ഷമാകുന്നതിനെ മൂന്നാം ലോകമഹായുദ്ധം എന്നു വിളിക്കാമെന്നും അത് ഉറപ്പാണെന്നുമാണ് അവർ ചാനലിലൂടെ കാഴ്ചക്കാരോട് പറഞ്ഞത്.

നാറ്റോ സംവിധാനത്തിനെതിരെയാണ് ഇപ്പോൾ നമ്മൾ പോരാടുന്നതെന്നും അത് തിരിച്ചറിയണമെന്നും അവർ കൂട്ടിച്ചേർത്തു. പൊട്ടിത്തെറിയെ തുടർന്നാണ് പടക്കപ്പൽ മുങ്ങിയതെന്ന് ഭരണകൂടം ആവർത്തിക്കുമ്പോഴും, സംഭവത്തെ റഷ്യൻ മണ്ണിൽ നടത്തിയ ആക്രമണമായാണ് ചാനലിൽ അതിഥിയായെത്തിയ വിദഗ്ധ വിലയിരുത്തിയത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ അദ്ദേഹം യുദ്ധം എന്ന് വിളിക്കുന്നതിനു പകരം, പ്രത്യേക സൈനിക ഓപറേഷൻ എന്ന ഭരണകൂട നിലപാട് ആവർത്തിക്കുകയും ചെയ്തു.


Tags:    
News Summary - Ukraine war: Dramatic images appear to show sinking Russian warship Moskva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.