കിയവ്: ''റഷ്യക്കാർ പ്രാകൃതരാണ്. അവർ നശിപ്പിക്കുന്നതിന്റെ പ്രധാന്യത്തെ കുറിച്ച് അവർ ബോധവാന്മാരല്ല. ഞാൻ ഹിറ്റ്ലറെ കണ്ടിട്ടില്ല. പക്ഷേ പുടിൻ വളരെ മോശപ്പെട്ട ഒരാളാണെന്ന് നിസ്സംശയം പറയാം. അയാൾ മനുഷ്യനല്ല, ഒരു പിശാചാണ്.'' യൂറോപ്പിലെ ഏറ്റവും സാംസ്കാരിക പ്രാധാന്യമുള്ള നഗരങ്ങളിലൊന്നായ ലിവിവിലെ ലാറ്റിൻ കത്തീഡ്രലിനു മുന്നിൽ നിൽക്കുന്ന ലില്യ ഒനിഷ്ചെങ്കോ കടുത്ത രോഷത്തിലാണ്. റഷ്യൻ സൈന്യം അവരുടെ പൈതൃകത്തെ മുച്ചൂടുംവിധം നശിപ്പിക്കുമ്പോൾ ആ നാടിന്റെ പൈതൃക സംരക്ഷകയായ അവർ ഇങ്ങനെയല്ലാതെ എങ്ങനെ പ്രതികരിക്കാൻ.
ലിവിവിന്റെ സിറ്റി കൗൺസിൽ ഹെറിറ്റേജ് പ്രൊട്ടക്ഷൻ ഓഫിസ് മേധാവിയാണ് ലില്യ. നമ്മുടെ സംസ്കാരം നഷ്ടപ്പെടുകയാണെങ്കിൽ നമ്മുടെ വ്യക്തിത്വം തന്നെ നഷ്ടപ്പെടുമെന്ന് അവർ പറയുന്നു. അതുകൊണ്ടു തന്നെ അവർ ഒരുകൂട്ടം സഹപ്രവർത്തകരെയും കൂട്ടി സംസ്കാരിക പൈതൃകങ്ങളെ സംരക്ഷിക്കാനുള്ള കഠിനപ്രയത്നത്തിലാണ്. യുനസ്കോയുടെ പട്ടികയിൽ ഉൾപ്പെട്ട നിരവധി സാംസ്കാരിക മുഖങ്ങൾ ലിവിവിൽ കാണാം. ഞാനും സഹപ്രവർത്തകരും സംരക്ഷിക്കപ്പെടേണ്ട വസ്തുക്കളുടെ ഒരു നീണ്ട പട്ടിക തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.
പുരാതന ക്രിസ്ത്യൻ പള്ളികൾ മരത്തടികളും മറ്റുംകൊണ്ട് സംരക്ഷിക്കുക, നഗരമധ്യത്തിലെ പ്രതിമകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും കവചമൊരുക്കുകയും ചെയ്യുക, മ്യൂസിയങ്ങളിലെ അതിപ്രധാനവും നൂറ്റാണ്ടുപഴക്കവുമുള്ള ശിൽപങ്ങളും പെയിന്റിങ്ങുകളും ബങ്കറുകളിൽ എത്തിക്കുക എന്നിങ്ങനെയുള്ള തിരക്കിലാണ് അവർ.
20 ലക്ഷത്തിലധികം പേരാണ് നിലവിൽ അഭയാർഥികളായി യുക്രെയ്ൻ വിട്ടത്. ഈ മാനുഷിക ദുരന്തത്തോടൊപ്പം, സാംസ്കാരിക ദുരന്തം കൂടിയാണ് റഷ്യ വിതക്കുന്നത്. കിയവിന്റെ വടക്ക്-പടിഞ്ഞാറുള്ള ഇവാൻകിവ് നഗരത്തിലെ മ്യൂസിയത്തിന് ഷെല്ലാക്രമണത്തിൽ തകരാർ സംഭവിച്ചു. യുക്രെയ്ൻ നാടോടി കലാകാരിയായ മരിയ പ്രിമാചെങ്കോയുടെ നിരവധി കൃതികളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ചിലതെല്ലാം വീണ്ടെടുക്കാനാവാത്ത വിധം നശിച്ചു. കഴിഞ്ഞയാഴ്ച ഷെല്ലാക്രമണത്തിൽ ഖാർകിവിലെ കത്തീഡ്രലും നാമാവശേഷമായി.
പടിഞ്ഞാറൻ സൈറ്റോമിർ മേഖലയിലെ വിയാസിവ്ക ഗ്രാമത്തിൽ 19ാം നൂറ്റാണ്ടിലെ ദാരുനിർമിത ദേവാലയം റഷ്യൻ സേന തകർത്തതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി വിഡിയോയിൽ പറഞ്ഞിരുന്നു. റഷ്യയുടെ ഈ നടപടിയെ 'യുക്രെയ്ൻ രാഷ്ട്രത്തിനെതിരായ വംശഹത്യ'യായാണ് കാണേണ്ടതെന്നാണ് സ്മാരകങ്ങളുടെ സംരക്ഷണ സംഘടനയിലെ അംഗമായ ഒൽഹ റുട്കോവ്സ്ക ഫേസ്ബുക്കിൽ കുറിച്ചത്.
ലിവിവിൽ 14ാം നൂറ്റാണ്ടിൽ പണിത അർമീനിയൻ പള്ളിയിലെ തടികൊണ്ട് തീർത്ത യേശു, മറിയം, മഗ്ദലന മറിയം എന്നിവരുടെ ശിൽപം ബങ്കറിലേക്ക് മാറ്റിയിരിക്കുകയാണ്. 1941ൽ നാസി പട നഗരത്തിലേക്ക് കയറുന്നതിന് തൊട്ടുമുമ്പും ശിൽപങ്ങൾ അതിന്റെ നടുമുറ്റത്ത് നിന്ന് നീക്കിയിരുന്നു. ശ്രദ്ധേയമായ മറ്റൊരു കാര്യം, ലിവിവിന്റെ ഈ വാസ്തുവിദ്യ വിസ്മയം രണ്ടാം ലോകയുദ്ധത്തെ അതിജീവിച്ചവയാണ് എന്നതാണ്.
ലിവിവിന്റെ പഴയ മാർക്കറ്റ് സ്ക്വയറിൽ നിയോ ക്ലാസിക്കൽ ജർമൻ ശിൽപി ഹാർട്ട്മാൻ വിറ്റ്വർ ചുണ്ണാമ്പുകല്ലിൽ തീർത്ത പ്രതിമകൾക്ക് സംരക്ഷമൊരുക്കിയിട്ടുണ്ട്. 19ാം നൂറ്റാണ്ടിലെ റഷ്യൻ മാസ്റ്റർപീസുകളുള്ള കിയവിലെ ആർട്ട് മ്യൂസിയം ഉൾപ്പെടെ സ്ഥലങ്ങളിലെ സൃഷ്ടികൾ ഇപ്പോൾ മാറ്റിക്കൊണ്ടിരിക്കുകയാണ്.
1880കളുടെ അവസാനത്തിൽ റഷ്യൻ നാടകകൃത്ത് ആന്റൺ ചെക്കോവ് ചെറുപ്പത്തിൽ ചെലവഴിച്ച സുമിയിലെ മ്യൂസിയത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. മ്യൂസിയത്തിന് സമീപം ചൊവ്വാഴ്ച നടന്ന വ്യോമാക്രമണത്തിൽ കുട്ടികളടക്കം നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. പല നഗരങ്ങളിലെയും സാംസ്കാരിക പൈതൃകത്തിന്റെ നാശത്തെക്കുറിച്ചുള്ള കൂടുതൽ കൂടുതൽ റിപ്പോർട്ടുകൾ തങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നതായി യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സെന്റർ മേധാവി ലസാരെ എലൗണ്ടൗ പറഞ്ഞു.
സർഗാത്മക നഗരമായി യുനെസ്കോ അടയാളപ്പെടുത്തിയ അതിവിശിഷ്ട സാംസ്കാരിക ജീവിതം നിറഞ്ഞുനിൽക്കുന്ന ഖാർകിവ്, ആയിരം വർഷം പഴക്കമുള്ള ചെർനിഹിവ് നഗരകേന്ദ്രം എന്നിവയും ഭീഷണിയിലാണ്. ആയിരത്തിലധികം ലൈബ്രേറിയൻമാരും പുരാവസ്തു ഗവേഷകരും യുക്രെയ്ന്റെ സാംസ്കാരിക പൈതൃകം ഡിജിറ്റൽ രൂപത്തിലാക്കിയും സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.