റോം: സുഡാൻ, ഹെയ്തി, ബുർക്കിനഫാസോ എന്നിവിടങ്ങളിലെ ജനങ്ങളെ കാത്തിരിക്കുന്നത് കൊടും പട്ടിണിയെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയുടെ രണ്ട് ഏജൻസികൾ. ആഭ്യന്തര സംഘർഷങ്ങളാണ് ഈ രാജ്യങ്ങളെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്.
ഏറ്റവും ഗുരുതരമായ സ്ഥിതിയിലുള്ള അഫ്ഗാനിസ്താൻ, നൈജീരിയ, സോമാലിയ, ദക്ഷിണ സുഡാൻ, യമൻ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഈ രാജ്യങ്ങളെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളുടെ ജീവനും തൊഴിലും സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷൻ എന്നിവരുടെ റിപ്പോർട്ടുകളിൽ ആവശ്യപ്പെടുന്നു. അതിജാഗ്രതാ ലെവലിലുള്ള ഒമ്പത് രാജ്യങ്ങൾക്കുപുറമെ, 22 രാജ്യങ്ങൾ ‘ഹോട്സ്പോട്ട്’ വിഭാഗത്തിലാണെന്നും റിപ്പോർട്ട് പറയുന്നു.
സുഡാനിൽനിന്ന് 10 ലക്ഷത്തോളം ആളുകൾ പലായനം ചെയ്യാൻ സാധ്യതയുണ്ട്. സുരക്ഷാ കാരണങ്ങളാൽ പോർട്ട് സുഡാൻ വഴിയുള്ള വിതരണ ശൃംഖല തടസ്സപ്പെട്ടതിനാൽ വരും മാസങ്ങളിൽ രാജ്യത്ത് കഴിയുന്ന 25 ലക്ഷത്തോളം പേർ കൊടുംപട്ടിണിയിലാകും -ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ദരിദ്ര രാജ്യങ്ങളിലെ പട്ടിണിയും കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രതിസന്ധികളും സ്ഥിതി രൂക്ഷമാക്കുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടിവ് ഡയറക്ടർ സിൻഡി മക്കെയിൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.