റഫ: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് വെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ നരകിക്കുന്ന ഗസ്സയിലെ മനുഷ്യർക്ക് ആശ്വാസവുമായി ഏതാനും ട്രക്കുകൾ റഫ അതിർത്തി കടന്നെങ്കിലും പരിമിതമായ സഹായമാണ് എത്തിയത്. ലക്ഷക്കണക്കിന് ജനങ്ങൾ ദുരിതമനുഭവിക്കുന്ന ഗസ്സയിലേക്ക് ഈജിപ്ഷ്യൻ അവശ്യവസ്തുക്കളുമായി കഴിഞ്ഞ ദിവസം റെഡ് ക്രസന്റിന്റെ 20 ട്രക്കുകളും ഇന്നലെ 17 ട്രക്കുകളുമാണ് എത്തിയത്. ആദ്യത്തേതും പരിമിതവുമായ സഹായമാണ് ഇതെന്നും ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളുമടങ്ങിയ സിവിലിയന്മാരിൽ കുറച്ചുപേരുടെ ജീവൻ രക്ഷിക്കാൻ മാത്രമേ ഇത് ഉപകരിക്കൂവെന്നും യു.എൻ ഏജൻസികൾ പറഞ്ഞു.
ഗസ്സയിലെ 1.6 ദശലക്ഷത്തിലധികം ആളുകൾക്ക് മാനുഷിക സഹായം ആവശ്യമാണ്. കുട്ടികളും ഗർഭിണികളും പ്രായമായവരുമായ നിരവധി പേരാണ് ഭക്ഷണവും ചികിത്സയും കാത്തുകഴിയുന്നത്. ഗസ്സയിലെ ജനസംഖ്യയുടെ പകുതിയോളം കുട്ടികളാണ്. പുതിയ സംഘർഷത്തിനു മുമ്പുതന്നെ ഇവിടത്തെ സാഹചര്യങ്ങൾ മോശമായിരുന്നു. കാര്യങ്ങളിപ്പോൾ അതിഗുരുതര അവസ്ഥയിലാണ്. ലോകം കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും യു.എൻ ഏജൻസികളായ യു.എൻ വികസന പരിപാടി (യു.എൻ.ഡി.പി), യു.എൻ ജനസംഖ്യ ഫണ്ട് (യു.എൻ.എഫ്.പി.എ), യുനിസെഫ്, വേൾഡ് ഫുഡ് പ്രോഗ്രാം, ലോകാരോഗ്യ സംഘടന എന്നിവർ പറഞ്ഞു.
നിരന്തര ബോംബാക്രമണത്തെ തുടർന്ന് ഷെൽട്ടറുകൾ, വെള്ളം, വൈദ്യുതിസംവിധാനങ്ങൾ, പാർപ്പിടസമുച്ചയങ്ങൾ ഉൾപ്പെടെ നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. ആരോഗ്യസംവിധാനങ്ങളുടെ അഭാവംമൂലം രോഗങ്ങൾ പൊട്ടിപ്പുറപ്പെട്ട് മരണനിരക്ക് കുതിച്ചുയരുന്നതിനുമുമ്പ് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഗസ്സയിലുടനീളം ഉടനടി സഹായങ്ങൾ എത്തിക്കാൻ മാനുഷികമായ വെടിനിർത്തൽ വേണമെന്നും ഏജൻസികൾ ആവശ്യപ്പെട്ടു.
റഫ അതിർത്തിവഴിയുള്ള സഹായത്തിന് ഈജിപ്തിനോട് നന്ദി അറിയിക്കുന്നതായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഗസ്സക്ക് ആവശ്യമായ അളവിൽ തുടർച്ചയായി സഹായം എത്തിക്കണം. ഇത് സാധ്യമാക്കാൻ എല്ലാവരുമായി ആശയവിനിമയം നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് അണ്ടർ സെക്രട്ടറി ജനറലും എമർജൻസി റിലീഫ് കോഓഡിനേറ്റർ മാർട്ടിൻ ഗ്രിഫിത്തും ഈജിപ്ഷ്യൻ അധികൃതർക്ക് നന്ദി അറിയിച്ചു.
ട്രക്കുകൾ അതിർത്തി കടക്കവെ ബോംബിങ്
റഫ: ഈജിപ്ത് അതിർത്തിയിലൂടെ സഹായ ട്രക്കുകൾ ഗസ്സയിലേക്ക് കടക്കുന്നതിനിടെയും ഇസ്രായേലിന്റെ ബോംബിങ്. രണ്ടാംഘട്ടമായി 17 ട്രക്കുകളാണ് ഗസ്സയിലേക്ക് വരുന്നത്. രണ്ടുപേർക്ക് പരിക്കേറ്റതായി ഈജിപ്ഷ്യൻ ഇനിഷ്യേറ്റിവ് ഫോർ പേഴ്സനൽ റൈറ്റ്സ് എക്സി. ഡയറക്ടർ ഹുസ്സാം ബഹ്ഗത് പറഞ്ഞു. ഈജിപ്തിന്റെ അതിർത്തിയിലെ നിരീക്ഷണകേന്ദ്രവും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.