ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് 

ഇറാനെ കുറ്റപ്പെടുത്തിയില്ലെന്ന്; യു.എൻ സെക്രട്ടറി ജനറലിന് വിലക്കേർപ്പെടുത്തി ഇസ്രായേൽ

തെൽ അവിവ്: ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി ഇസ്രായേൽ. ഇന്നലത്തെ മിസൈലാക്രമണത്തിൽ ഇറാനെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്താൻ അന്‍റോണിയോ ഗുട്ടെറസ് തയാറായില്ലെന്ന് ആരോപിച്ചാണ് ഇസ്രായേലിന്‍റെ വിലക്ക്. യു.എൻ സെക്രട്ടറി ജനറൽ തീവ്രവാദികളെയാണ് പിന്തുണക്കുന്നതെന്നും ഇസ്രായേലിന്‍റെ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് ആരോപിച്ചു.

'ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന് ഇസ്രായേലിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി പ്രഖ്യാപിക്കുന്നു. ഇറാൻ നടത്തിയ ക്രൂരമായ ആക്രമണത്തെ, ലോകത്തിലെ മറ്റെല്ലാ രാഷ്ട്രങ്ങളും ചെയ്തതുപോലെ അപലപിക്കാൻ തയാറാകാത്ത ഏതൊരാളും ഇസ്രായേലിന്‍റെ മണ്ണിൽ കാലുകുത്താൻ അർഹനല്ല. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ക്രൂരമായ ആക്രമണത്തെയും ലൈംഗികാതിക്രമത്തെയും ഇനിയും അപലപിക്കാൻ തയാറാകാത്തയാളാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ. ഹമാസിനെ ഭീകര പ്രസ്ഥാനമായി പ്രഖ്യാപിക്കാനും തയാറായിട്ടില്ല. ഹമാസ്, ഹിസ്ബുല്ല, ഹൂതികൾ, ഇറാൻ തുടങ്ങി ആഗോളതീവ്രവാദ ശക്തികളെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കുന്ന സെക്രട്ടറി ജനറൽ ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തിലെ കളങ്കമാണ്. അന്‍റോണിയോ ഗുട്ടെറസ് ഒപ്പമുണ്ടെങ്കിലും ഇല്ലെങ്കിലും ഇസ്രായേൽ സ്വന്തം പൗരന്മാരുടെ സുരക്ഷയും രാജ്യത്തിന്‍റെ അന്തസ്സും ഉയർത്തിപ്പിടിക്കാനുള്ള പ്രവർത്തങ്ങൾ തുടരും' -വിദേശകാര്യ മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. 

പശ്ചിമേഷ്യയിലെ സംഘർഷം വർധിച്ചുവരുന്നതിനെ അപലപിക്കുന്നു എന്നായിരുന്നു ഇന്നലത്തെ മിസൈൽ ആക്രമണത്തിൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ പ്രതികരണം. ഇത് അവസാനിക്കണം. വെടിനിർത്തൽ അത്യാവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ആക്രമണത്തിൽ ഇറാനെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തണമെന്നാണ് ഇസ്രായേലിന്‍റെ ആവശ്യം. 


ഗസ്സയിലും ലബനനിലും ഇസ്രായേൽ തുടരുന്ന ക്രൂരമായ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇന്നലെ ഇറാൻ തെൽ അവിവിലേക്ക് 200ഓളം മിസൈലുകൾ തൊടുത്തത്. ഇസ്രായേലിന്റെ മിലിറ്ററി ഇൻഫ്രാസ്ടെക്ചർ, മൊസാദ് രഹസ്യാന്വേഷണ കേന്ദ്രം, നേവാറ്റിം എയർബേസ്, ഹാറ്റ്സോർ എയർബേസ്, റഡാർ ഇൻസ്റ്റലേഷനുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രായേൽ തിരികെ ആക്രമണം നടത്തിയാൽ കൂടുതൽ ശക്തമായ തിരിച്ചടിയുണ്ടാവും. ഇസ്മാഈൽ ഹനിയ്യ, ഹസൻ നസ്റുല്ല, അബ്ബാസ് നിൽഫോർഷൻ എന്നിവരെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് തങ്ങൾ ചെയ്യുന്നതെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - UN chief banned from Israel in row over Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.