നയ്പിഡോ: മ്യാൻമറിലെ പട്ടാള ഭരണത്തിന് കീഴിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിൽ അന്താരാഷ്ട്ര ഇടപെടലുകൾ അനിവാര്യമെന്ന് ഐക്യരാഷ്ട്ര സംഘടന. മ്യാൻമറിലെ ജനങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കാനും സിവിൽ ഭരണം പുനഃസ്ഥാപിക്കാനും പട്ടാള ഭരണാധികാരികൾക്ക് മേൽ ലോകരാജ്യങ്ങൾ ഒരുമിച്ച് നിന്ന് സമ്മർദ്ദം ചെലുത്തണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശവിഭാഗം തലവനായ മിഷേൽ ബാഷെലെറ്റ് അഭിപ്രായപ്പെട്ടു.
മ്യാൻമറിൽ സൈന്യം ഭരണം പിടിച്ചെടുത്ത് ഒരു വർഷത്തിന് ശേഷം നിരവധി ആളുകൾക്ക് ജീവന്‍ നഷ്ടപ്പെട്ടതായും മിഷേൽ ബാഷെലെറ്റ് പറഞ്ഞു. മ്യാൻമറിലെ സൈനിക അട്ടിമറിക്ക് ശേഷം സൈനികനയങ്ങളിൽ വിയോജിക്കുന്നവർക്കതിരെ സൈന്യം രക്തരൂക്ഷിതമായ നിരവധി അടിച്ചമർത്തലുകൾ നടത്തിയിരുന്നു. ഏകദേശം 1,500 ലധികം മ്യാൻമർക്കാരെ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ടെന്ന് യു.എൻ പറഞ്ഞു.
പട്ടാള മേധാവിത്വത്തിനെതിരെ ശബ്ദമുയർത്തിയ 11,787 പേരെ തടങ്കലിലാക്കി. അതിൽ 8,792 പേർ ഇപ്പോഴും തടവിൽ തുടരുകയാണ്. കൂടാതെ തടങ്കലിലെ പീഡനത്തിൽ 290 പേർ മരിച്ചതായും യു.എൻ കൂട്ടിച്ചേർത്തു. മ്യാൻമർ വിഷയത്തിൽ അന്താരാഷ്ട്ര പ്രതികരണങ്ങൾ ഫലപ്രദമായിരുന്നില്ലെന്നും മിഷേൽ ബാഷെലെറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.