മ്യാന്‍മറിൽ മാധ്യമപ്രവർത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് യുനെസ്കോ

ന്യൂയോർക്ക് : മ്യാന്‍മറിന്‍റെ തെക്കുകിഴക്കൻ മേഖലയിൽ സൈന്യം നടത്തിയ ആക്രമണത്തിനിടെ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്താന്‍ മ്യാൻമർ അധികാരികളോട് ആവശ്യപ്പെട്ടതായി യുനെസ്കോ അറിയിച്ചു. കഴിഞ്ഞ ഡിസംബർ 25-ന് ഫെഡറൽ ന്യൂസ് ജേണലിനായി കയിൻ സംസ്ഥാനത്തെ അഭയാർഥികളുടെ ദുരവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മ്യാൻമറിലെ സായുധസേന നടത്തിയ പീരങ്കി ആക്രമണത്തിൽ മാധ്യമപ്രവർത്തകനായ സായ് വിൻ ഓങ്ങ് കൊല്ലപ്പെടുന്നത്.

സായ് വിൻ ഓങ്ങിനെപ്പോലുള്ള മാധ്യമപ്രവർത്തകർ പൊതുജനങ്ങളെ വിവരങ്ങൾ അറിയിക്കാൻവേണ്ടി ജീവൻ വരെ പണയപ്പെടുത്തി ജോലിചെയുന്നവരാണെന്നും അവരെ അംഗീകരിച്ച്കൊണ്ട് സിവിലിയൻമാർക്കെതിരായ ആക്രമണം തടയുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരം മാധ്യമപ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും യുനെസ്‌കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലേ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മ്യാൻമറിൽ 2021 ഡിസംബറിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പത്രപ്രവർത്തകനാണ് സായ് വിൻ ഓങ്. മാധ്യമ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ നിർത്തണമെന്നും കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നതായി യുനെസ്കോ അറിയിച്ചു.

ഒരു വർഷം മുമ്പാണ് മ്യാൻമറിൽ സൈനിക അട്ടിമറി നടക്കുന്നത്. ഏകാധിപത്യ സൈനികഭരണ പശ്ചാത്തലത്തിൽ സൈന്യത്തിനെതിരെ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷൻ കൗൺസിൽ (എസ്‌.എ.സി) എന്ന ഒരു ജനാധിപത്യ അനുകൂല സംഘടന രൂപപ്പെട്ടതായി നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസമായി മ്യാൻമറിലുടനീളം സൈനിക റെയ്ഡുകൾ വർധിച്ച സാഹചര്യത്തിൽ ഇരു വിഭാഗവും തമ്മിലുള്ള സംഘർഷം രൂക്ഷമായതായി യു.എൻ അഭയാർഥി ഏജൻസിയായ യു.എൻ.എച്ച്.സി.ആർ അടുത്തിടെയാണ് റിപ്പോർട്ട് ചെയ്തത്. സൈന്യത്തിന്‍റെ റെയ്ഡുകളെ തുടർന്നുള്ള സംഘട്ടനങ്ങളുടെ ഫലമായി ഏകദേശം 4,600 ഓളം പേർ ഡിസംബർ പകുതി മുതൽ മ്യാൻമറിൽ നിന്ന് പലായനം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Tags:    
News Summary - UNESCO condemns killing of journalist in Myanmar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.