വാഷിങ്ടൺ: യു.എസിൽ അതിശൈത്യത്തിൽ മരണം 47 ആയതായി റിപ്പോർട്ട്. ഒരാഴ്ചയായി തുടരുന്ന മഞ്ഞുവീഴ്ച ട്രെയിൻ, വിമാന സർവിസുകളെയും റോഡ് ഗതാഗതത്തെയും ബാധിച്ചു. മഞ്ഞുമൂടി കാഴ്ച മറഞ്ഞതിനാൽ പതിനായിരത്തിലേറെ വിമാന സർവിസുകളാണ് ഒരാഴ്ചക്കിടെ റദ്ദാക്കിയത്.
വാഹനങ്ങൾ റോഡിൽ നിർത്തിയിടേണ്ട അവസ്ഥയാണ്. അറ്റ്ലാന്റ, ഷികാഗോ, ഡെൻവർ, ഡിട്രോയിറ്റ്, ന്യൂയോർക് എന്നീ സ്ഥലങ്ങളിൽ യാത്രക്കാർ ക്രിസ്മസ് ദിനത്തിലുൾപ്പെടെ വിമാനത്താവളങ്ങളിൽ കുടുങ്ങി.
പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്. റോഡും തെരുവും വീട്ടുമുറ്റവും മഞ്ഞുകട്ട പൊതിഞ്ഞിരിക്കുകയാണ്. വീടിനകത്തും കാറിനകത്തും ആളുകൾ തണുത്ത് മരവിച്ച് മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാഹനങ്ങൾ നദിയിൽ മുങ്ങിയും മഞ്ഞുകാരണം കാഴ്ച മറഞ്ഞുള്ള വാഹനാപകടങ്ങളും ചേർത്താണ് 47 മരണം. വൈദ്യുതിയില്ലാത്തത് ദുരിതം ഇരട്ടിയാക്കി. വൈദ്യുതിബന്ധം നഷ്ടമായി 17 ലക്ഷത്തിലേറെ പേർ ഇരുട്ടിലായി. ഏതാനും ദിവസംകൂടി കൊടുംതണുപ്പ് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതിരൂക്ഷമായ കാലാവസ്ഥ യു.എസിലെ 48 സംസ്ഥാനങ്ങളെയും ബാധിച്ചു.
രാജ്യത്തിന്‍റെ കിഴക്കൻ ഭാഗങ്ങളിലാണ് കൂടുതൽ പ്രശ്നം. രണ്ടുകോടി ആളുകളെ അതിശൈത്യവും മഞ്ഞുവീഴ്ചയും ബാധിച്ചതായാണ് റിപ്പോർട്ട്. നദികൾ കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്.
രാജ്യനിവാസികൾ ക്രിസ്മസ് ആഘോഷത്തിന് തയാറെടുക്കുന്നതിനിടെയാണ് ശീതക്കാറ്റും മഞ്ഞുവീഴ്ചയും ദുരിതം വിതച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.