ബെയ്റൂത്: യമനിലെ ഹൂതി വിമതർ ചെങ്കടലിൽ കണ്ടെയ്നർ കപ്പലിനുനേരെ തൊടുത്ത രണ്ട് മിസൈലുകൾ വെടിവെച്ചിട്ടതായി യു.എസ് സേന അറിയിച്ചു. തുടർന്ന്, മണിക്കൂറുകൾക്കുശേഷം നാല് ബോട്ടുകളിലെത്തിയ സായുധ സംഘം ഇതേ കപ്പലിനുനേരെ ആക്രമണം തുടങ്ങിയെങ്കിലും യു.എസ് സേന ശക്തമായി തിരിച്ചടിച്ചു. ഇതിൽ, ബോട്ടിലുണ്ടായിരുന്ന നിരവധി പേർ കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. ശനിയാഴ്ച രാത്രിയാണ് സംഭവം.
തെക്കൻ ചെങ്കടലിൽവെച്ച് തങ്ങൾക്കുനേരെ മിസൈൽ ആക്രമണം നടക്കുന്നതായി സിംഗപ്പൂർ പതാകയുള്ള കപ്പൽ റിപ്പോർട്ട് ചെയ്യുകയും സഹായം അഭ്യർഥിക്കുകയും ചെയ്തു. തുടർന്ന് ഇവിടെയുണ്ടായിരുന്ന രണ്ട് യു.എസ് യുദ്ധക്കപ്പലുകൾ പ്രതികരിച്ചു. തീരത്തിനടുത്തുള്ള കപ്പലിന് പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് യു.എസ് സൈനിക കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. സഞ്ചാരം തുടരാൻ സാധിക്കുന്ന അവസ്ഥയിലാണ് കപ്പൽ.
നവംബർ 19 നുശേഷം അന്താരാഷ്ട്ര കപ്പൽപാതയിൽ ഹൂതികൾ നടത്തുന്ന 23ാമത്തെ ആക്രമണമാണിത്. ചെറു ബോട്ടുകളിലെത്തിയവരെ യു.എസിന്റെ ‘ഐസനോവർ വിമാനവാഹിനിക്കപ്പലി’ൽ നിന്നെത്തിയ കോപ്റ്ററുകളാണ് തുരത്തിയത്. മുന്നറിയിപ്പ് നൽകുന്നതിനിടെ ബോട്ടിൽനിന്ന് കോപ്റ്ററുകൾക്കുനേരെ വെടിയുതിർത്തെങ്കിലും യു.എസ് സൈനികർ ശക്തമായി തിരിച്ചടിച്ചു.
തുടർന്ന് മൂന്ന് ബോട്ടുകൾ മുങ്ങി. നാലാമത്തെ ബോട്ട് കടന്നുകളയാൻ ശ്രമിച്ചെങ്കിലും അതിലുള്ളവരും ആക്രമണത്തിൽ കൊല്ലപ്പെട്ടു.ചെങ്കടലിലെ കപ്പലുകൾക്കു നേരെ ആക്രമണം നടത്തിയതായി പിന്നീട് ഹൂതികൾ അവകാശപ്പെട്ടു. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിനുള്ള തിരിച്ചടിയായാണ് ചെങ്കടലിലൂടെ പോകുന്ന ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിടുന്നതെന്ന് ഹൂതികൾ വ്യക്തമാക്കി.
ചെങ്കടലിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം തുടരുന്ന സാഹചര്യത്തിൽ കപ്പലുകളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര നാവിക ദൗത്യത്തിൽ കൂടുതൽ രാജ്യങ്ങൾ ചേരുന്നതായി യു.എസ് വ്യക്തമാക്കി. ആക്രമണങ്ങളെ ചെറുക്കാനുള്ള പദ്ധതിയുമായി പത്തുദിവസം മുമ്പ് അമേരിക്ക രംഗത്തുവന്നശേഷം 1,200 വാണിജ്യ കപ്പലുകൾ ചെങ്കടൽ മേഖലയിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ഇവക്കുനേരെയൊന്നും ആക്രമണ ഭീഷണിയുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.