വാഷിംങ്ടൺ: ചാർട്ടേഡ് വിമാനം ഉപയോഗിച്ച് യു.എസ് അനധികൃതമായി രാജ്യത്ത് തങ്ങുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്താൻ തുടങ്ങിയതായി റിപ്പോർട്ട്. ഇന്ത്യൻ സർക്കാരുമായി സഹകരിച്ചാണിതെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. വിമാനം ഒക്ടോബർ 22ന് ഇന്ത്യയിലേക്ക് അയച്ചതായും അറിയിച്ചു. യു.എസ് ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കുന്നത് തുടരുകയാണെന്നും നിയമവിരുദ്ധമായി പ്രവേശിക്കുകയും അത്തരം മാർഗങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവർക്ക് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പ്രസ്താവനയിൽ പറയുന്നു. അമേരിക്കയിൽ തുടരാൻ നിയമപരമായ യോഗ്യതയില്ലാത്ത ഇന്ത്യൻ പൗരന്മാർ വേഗത്തിൽ നീക്കം ചെയ്യപ്പെടും. കുടിയേറ്റക്കാർ മനുഷ്യക്കള്ളക്കടത്തുകാരുടെ തട്ടിപ്പുകളിൽ വീഴരുതെന്നും ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതലകൾ നിർവഹിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ ക്രിസ്റ്റി എ കനേഗല്ലോ പറഞ്ഞു.
2024 ജൂൺ മുതൽ അതിർത്തി സുരക്ഷ സംബന്ധിച്ച് പ്രസിഡന്റിന്റെ പ്രഖ്യാപനവും അതിനൊപ്പമുള്ള ഇടക്കാല അന്തിമ നിയമവും പ്രാബല്യത്തിൽ വന്നതോടെ യു.എസിന്റെ തെക്കുപടിഞ്ഞാറൻ അതിർത്തിയിലെ പ്രവേശന കവാടങ്ങളിലുള്ള ഏറ്റുമുട്ടലുകൾ 55 ശതമാനം കുറഞ്ഞതായി പറയുന്നു.
2024 സാമ്പത്തിക വർഷത്തിൽ 160,000ത്തിലധികം വ്യക്തികളെ നീക്കം ചെയ്യുകയോ തിരികെ അയക്കുകയോ ചെയ്തു. കൂടാതെ, ഇന്ത്യ ഉൾപ്പെടെ 145 ലധികം രാജ്യങ്ങളിലേക്ക് ഇവരെ തിരിച്ചയക്കാനുള്ള 495ലധികം അന്തർദേശീയ വിമാനങ്ങൾ പ്രവർത്തിപ്പിക്കുകയും ചെയ്തുവെന്ന് പ്രസ്താവനയിൽ പറയുന്നു. യു.എസിൽ തുടരുന്നതിന് നിയമപരമായ യോഗ്യതയില്ലാത്ത പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നത് സ്വീകരിക്കുന്നതിന് ലോകമെമ്പാടുമുള്ള വിദേശ സർക്കാറുകളുമായി ആഭ്യന്തര വകുപ്പ് പതിവായി ഇടപഴകുന്നതായും അതിൽ പറയുന്നു.
ക്രമരഹിതമായ കുടിയേറ്റം കുറക്കുന്നതിനും സുരക്ഷിതവും നിയമാനുസൃതവും ചിട്ടയുള്ളതുമായ ആഗമനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ദുർബലരായ ആളുകളെ കള്ളക്കടത്തിനും ചൂഷണത്തിൽനിന്ന് തടയുന്നതിനും രാജ്യാന്തര ക്രിമിനൽ ശൃംഖലകളെ പ്രതിരോധിക്കുന്നതിനും തങ്ങൾ ഉപയോഗിക്കുന്ന സംവിധാനമാണിതെന്നാണ് യു.എസ് വാദം.
ഇന്ത്യയിൽനിന്ന് യു.എസിലേക്കുള്ള അനധികൃത കുടിയേറ്റം ഒരു ശാശ്വത പ്രശ്‌നമായി തുടരുന്നുവെന്നാണ് യു.എസ് പറയുന്നത്. കഴിഞ്ഞ വർഷം ഓരോ മണിക്കൂറിലും 10 ഇന്ത്യക്കാർ എന്ന തോതിൽ അനധികൃതമായി യു.എസിലേക്ക് കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് അറസ്റ്റിലായെന്നും കാനഡയാണ് ഇതിന് അവർ ഉപയോഗിക്കുന്ന റൂട്ട് എന്നും യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഡേറ്റ പുറത്തുവിട്ടു. 43,764 ഇന്ത്യക്കാരെയാണ് അതിർത്തിയിൽ ആ സമയത്ത് തടവിലാക്കിയത്.
2024 ഒക്‌ടോബർ1ലെ സാമ്പത്തിക വർഷത്തിൽ മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിൽനിന്ന് 2.9 ദശലക്ഷം അനധികൃത കുടിയേറ്റക്കാരെ പിടികൂടിയതായും ഡേറ്റ കാണിക്കുന്നു. കൊളംബിയ, ഇക്വഡോർ, പെറു, ഈജിപ്ത്, മൗറിത്താനിയ, സെനഗൽ, ഉസ്ബെക്കിസ്ഥാൻ, ചൈന, ഇന്ത്യ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളെ യു.എസ് കഴിഞ്ഞ വർഷം നാടുകടത്തുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.