ട്രംപിന് മിന്നുംജയം; സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരി; തിരുത്തിയത് 127 വർഷത്തെ ചരിത്രം

വാഷിങ്ടൻ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് മിന്നുംജയം. നിർണായകമായ സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്.

അമേരിക്കൻ ചരിത്രത്തിൽ ഒരിക്കൽ തോൽവി അറിഞ്ഞ പ്രസിഡന്‍റ് വീണ്ടും അധികാരത്തിലെത്തുന്നത് 127 വർഷങ്ങൾക്കുശേഷം ആദ്യമാണ്. നോർത്ത് കാരോലൈന, ജോർജിയ, പെൻസൽവേനിയ എന്നിവിടങ്ങളിൽ ട്രംപ് വൻവിജയമാണ് നേടിയത്. വിജയം ഉറപ്പായതോടെ റിപ്പബ്ലിക്കൻ ക്യാമ്പ് വിജയാഘോഷം തുടങ്ങി. ഫ്ലോറിഡയിൽ അണികളെ അഭിസംബോധന ചെയ്ത ട്രംപ്, അമേരിക്കയുടെ സുവർണയുഗമാണിതെന്ന് പറഞ്ഞു.

റിപ്പബ്ലിക്കൻ അനുഭാവികൾ കൂട്ടത്തോടെ ഫ്ളോറിഡയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിജയ സാധ്യത മങ്ങിയതോടെ ഡെമോക്രാറ്റിക് ക്യാമ്പുകൾ നിശബ്ദമായി. ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസ് ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന് അറിയിച്ചു.

ഇലക്ടറൽ വോട്ടുകളിൽ 267 വോട്ടുകളാണ് ഇതുവരെ ട്രംപ് നേടിയത്. കമലക്ക് 214 വോട്ടുകളും. ആകെയുള്ള 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 270 എണ്ണം നേടിയാൽ കേവല ഭൂരിപക്ഷമാകും. ഏഴു സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന് ആധിപത്യം ഉറപ്പിക്കാനായി. ഉപരിസഭയായ സെനറ്റിൽ നാലു വർഷത്തിനുശേഷം ഭൂരിപക്ഷം ഉറപ്പിച്ച റിപ്പബ്ലിക്കൻ പാർട്ടിക്ക്, ജനപ്രതിനിധി സഭയിലും ആധിപത്യം ഉറപ്പിക്കാനായി.

ഓഹിയോ, വെസ്റ്റ് വെര്‍ജീനിയ, നബ്രാസ്‌ക എന്നിവിടങ്ങളിൽ ജയിച്ചാണ് സെനറ്റിൽ ഭൂരിപക്ഷം നേടിയത്. അരിസോണ, മിഷിഗൻ, പെൻസൽവേനിയ, വിസ്കോൺസൻ എന്നീ സ്റ്റേറ്റുകൾ ട്രംപ് നേടി. മിഷിഗനിൽ കമല തുടക്കത്തിൽ മുന്നേറ്റം കാഴ്ചവച്ചെങ്കിലും പിന്നീട് ട്രംപ് അത് മറികടന്നു. വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന പെൻസൽവേനിയ, വിസ്കോൺസൻ, മിഷിഗൻ എന്നീ സ്റ്റേറ്റുകൾ കൈവിട്ടതാണ് കമലക്ക് തിരിച്ചടിയായത്.

വ്യോമിങ്, വെസ്റ്റ് വെര്‍ജീനിയ, ഉറ്റാഹ്, ടെക്‌സാസ്, ടെന്നസീ, സൗത്ത് ഡക്കോട്ട, സൗത്ത് കരോലൈന, ഒക്‌ലാഹോമ, ഓഹിയോ, നബ്രാസ്‌ക, നോര്‍ത്ത് ഡക്കോട്ട, നോര്‍ത്ത് കരോലൈന, മൊണ്ടാന, മിസിസിപ്പി, മിസൗറി, ലൂസിയാന, കെന്റകി, കന്‍സാസ്, ഇന്ത്യാന, ഇദാഹോ, ലോവ, ഫ്‌ളോറിഡ, അര്‍കന്‍സാസ്, അലബാമ, ജോർജിയ സ്‌റ്റേറ്റുകളാണ് ട്രംപിനൊപ്പം നില്‍ക്കുന്നത്.

വാഷിങ്ടണ്‍, വെര്‍മൗണ്ട്, വെര്‍ജീനിയ, റോഡ് ഐലന്‍ഡ്, ഒറിഗോണ്‍, ന്യൂയോര്‍ക്ക്, ന്യൂമെക്‌സിക്കോ, ന്യൂജേഴ്‌സി, നെബ്രാസ്‌ക, മെയ്‌നെ, മെറിലാന്‍ഡ്, മസാച്യുസെറ്റ്‌സ്, ഇല്ലിനോയിസ്, ഹവായ്, ഡെലാവെയര്‍, ഡി.സി, കണക്ടികട്, കൊളറാഡോ, കാലിഫോര്‍ണിയ എന്നീ സ്‌റ്റേറ്റുകളാണ് കമലക്കൊപ്പം നില്‍ക്കുന്നത്.

Tags:    
News Summary - US President Election: Trump Declares Victory as He Wins Pennsylvania

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.