വാഷിങ്ടൺ: പാകിസ്താന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കാവശ്യമായ ഉപകരണങ്ങളും സാങ്കേതികവിദ്യയും നൽകിയ മൂന്നു ചൈനീസ് കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ആഗോള കൂട്ടനശീകരണ ആയുധ നിർവ്യാപനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.
ചൈന ആസ്ഥാനമായുള്ള ജനറൽ ടെക്‌നോളജി ലിമിറ്റഡ്, ബെയ്ജിങ് ലുവോ ലുവോ ടെക്‌നോളജി ഡെവലപ്‌മെന്റ് കോ ലിമിറ്റഡ്, ചാങ്‌സൗ യു.ടെക് കോമ്പോസിറ്റ് കമ്പനി ലിമിറ്റഡ് എന്നീ കമ്പനികൾക്കാണ് ഉപരോധം ഏർപ്പെടുത്തിയത്. ഈ കമ്പനികൾ കൂട്ട നശീകരണ ബാലിസ്റ്റിക് മിസൈലിനാവശ്യമായ സോളിഡ് പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറുകളുടെ നിർമാണത്തിൽ ഉപയോഗിക്കുന്ന മാൻഡ്രലുകളും മറ്റു യന്ത്രങ്ങളും വിതരണം ചെയ്തതായി യു.എസ് അധികൃതർ പറഞ്ഞു.
പാകിസ്താൻ അബാബീൽ ബാലിസ്റ്റിക് മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ചതിനു പിന്നാലെയാണ് ഉപരോധം. പാകിസ്താന്റെ സൈനിക നവീകരണ പരിപാടിക്ക് ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും പ്രധാനമായും വിതരണം ചെയ്യുന്നത് ചൈനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.