വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദർശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച അമേരിക്ക, ഇന്ത്യ യു.എസിന്റെ തന്ത്രപ്രധാന പങ്കാളിയായി തുടരുമെന്ന് വ്യക്തമാക്കി.
‘‘റഷ്യ- ഇന്ത്യ ബന്ധത്തെക്കുറിച്ചുള്ള ആശങ്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയോ മറ്റേതെങ്കിലും രാജ്യമോ റഷ്യയുമായി ഇടപഴകുമ്പോൾ, റഷ്യ യു.എൻ മാർഗനിർദേശങ്ങളെയും യുക്രെയ്‌നിന്റെ പരമാധികാരത്തെയും ബഹുമാനിക്കണമെന്ന് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എപ്പോഴും അമേരിക്കക്ക് ഇതേ നിലപാടാണ്’’ -സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയും റഷ്യയുമായി വളരെക്കാലമായി ബന്ധമുണ്ടെന്നും യു.എസ് വീക്ഷണകോണിൽ ഇന്ത്യ തന്ത്രപരമായ പങ്കാളിയാണെന്നും പെന്റഗൺ പ്രസ് സെക്രട്ടറി മേജർ ജനറൽ പാറ്റ് റൈഡറും മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ ഇന്ത്യ ഇതുവരെ അപലപിച്ചിട്ടില്ല. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം പരിഹരിക്കണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
മോദി അടുത്തിടെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ യുദ്ധത്തിന് പരിഹാരം കാണാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകിയ കാര്യവും പാറ്റ് റൈഡർ ചൂണ്ടിക്കാട്ടി. യുക്രെയ്‌നിൽ ശാശ്വതവും നീതിയുക്തവുമായ സമാധാനം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളെ ഇന്ത്യ പിന്തുണക്കുമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.