വാഷിങ്ടൺ: യു.എസ് പ്രസിഡൻറാകാൻ സാധ്യതയേറിയതോടെ ജോ ബൈഡെൻറ സുരക്ഷ ശക്തമാക്കി യു.എസ് സീക്രട്ട് സർവിസ്. വെള്ളിയാഴ്ച വാഷിങ്ടൺ പോസ്റ്റാണ് ഇക്കാര്യം റിപോർട്ട് ചെയ്തത്.
നിർണായക സംസ്ഥാനങ്ങളിൽ ട്രംപിനെ മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ബൈഡൻ കുതിക്കുന്ന സാഹചര്യത്തിൽ ബൈഡെൻറ വിൽമിങ്ടണിലുള്ള കാംപയിൻ തലസ്ഥാനത്തേക്ക് സുരക്ഷ വർധിപ്പിക്കുന്നതിനായി പ്രത്യേക സംഘത്തെ അയച്ചിരിക്കുകയാണ്.
വൈറ്റ് ഹൗസ്, ഉന്നതല ഉദ്യോഗസ്ഥർ, രാജ്യത്ത് സന്ദർശനത്തിനെത്തുന്ന വിശിഷ്ഠ അതിഥികൾ എന്നിവരുടെ സുരക്ഷ ചുമതല നിർവഹിക്കുന്നത് സീക്രട്ട് സെർവിസ് ആണ്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർഥിയായതിന് പിന്നാലെ തന്നെ ജൂലൈയിൽ ബൈഡെൻറ സുരക്ഷ വർധിപ്പിച്ചിരുന്നു. മുൻ വൈസ് പ്രസിഡെൻറന്ന നിലയിൽ തന്നെ ബൈഡന് സുരക്ഷ നൽകാൻ സീക്രട്ട് സർവിസ് ഒരുക്കമായിരുന്നുവെങ്കിലും അദ്ദേഹം അത് ആവശ്യപ്പെട്ടിരുന്നില്ല.
പെൻസിൽവാനിയയിലും ജോർജിയയിലും ഡോണൾഡ് ട്രംപിനെ മറികടന്ന് ലീഡ് നേടിയ ജോ ബൈഡൻ വൈറ്റ്ഹൗസിലേക്ക് നടന്നടുക്കുകയാണ്. ജോർജിയയിൽ വോട്ടെണ്ണൽ പുരോഗമിക്കവെ ഡെമോക്രാറ്റ് സ്ഥാനാർഥിയായ ബൈഡൻ റിപബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനേക്കാൾ 1097 വോട്ടുകൾക്ക് മുന്നിലാണെന്ന് ഗാർഡിയൻ റിപോർട്ട് ചെയ്യുന്നു. പെൻസിൽവാനിയയിൽ 5596 വോട്ടുകൾക്കാണ് ബൈഡൻ മുന്നിൽ നിൽക്കുന്നത്. മറ്റൊരു സംസ്ഥാനമായ നെവാഡയിൽ ബൈഡൻ 11438 വോട്ടിെൻറ മുൻതൂക്കമുണ്ട്.
അമേരിക്കൻ വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസിെൻറ കണക്കുകൾ പ്രകാരം ബൈഡന് നിലവിൽ 264 വോട്ടുകൾ ലഭിച്ചിട്ടുണ്ട്. അതേ സമയം ബൈഡൻ -253 ട്രംപ് -214 എന്നാണ് ന്യൂയോർക്ക് ടൈംസ് റിപോർട്ട് ചെയ്യുന്നത്. ഇതേ കണക്കുകൾ തന്നെയാണ് വാഷിങ്ടൺ പോസ്റ്റും പങ്കുവെക്കുന്നത്. മാന്ത്രിക സംഖ്യയായ 270ലേക്ക് ബൈഡൻ എത്തുന്ന സാഹചര്യത്തിൽ ഡെമോക്രാറ്റുകൾ പെൻസിൽ വാനിയയിലെ തെരുവുകളിൽ ആഘോഷം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.