'അമേരിക്ക ഞങ്ങളെ കൊല്ലുന്നു, താലിബാൻ ഞങ്ങളെ കൊല്ലുന്നു, ഐ.എസ്​ ഞങ്ങളെ കൊല്ലുന്നു'

കാബൂൾ (അഫ്​ഗാനിസ്​താൻ): 'അമേരിക്കക്കാർ ഞങ്ങളെ കൊല്ലുന്നു, താലിബാൻ ഞങ്ങളെ കൊല്ലുന്നു, ഐ.എസ്​ ഞങ്ങളെ കൊല്ലുന്നു. ഞങ്ങളുടെ കുട്ടികളെല്ലാം തീവ്രവാദികളാണെന്നാണോ അവരെല്ലാം ധരിച്ചുവെച്ചിരിക്കുന്നത്​?' -അഫ്​ഗാൻ തലസ്​ഥാനമായ കാബൂളിന്‍റെ വടക്കുപടിഞ്ഞാറൻ പ്രദേശത്തുള്ള ഖ്വാജ ബുർഗയിലെ റാഷിദ്​ നൂറിയുടെ നിസ്സഹായതയിൽ നിന്ന്​ പുറത്തുവന്ന വാക്കുകളാണിത്​. ഒരു സാധാരണ അഫ്​ഗാൻ പൗരന്‍റെ അരക്ഷിതാവസ്​ഥയും ആശങ്കയും ആവലാതികളുമെല്ലാം ആ വാക്കുകളിലുണ്ട്​.

റാഷിദിന്‍റെ വീടിന്​ സമീപത്താണ്​ ഞായറാഴ്​ച അമേരിക്കൻ സേനയുടെ റോക്കറ്റ്​ വന്ന്​ പതിച്ചത്​. റാഷിദിന്‍റെ അയൽവാസി ഇസ്​മറൈ അഹമ്മദിയുടെ കുടുംബത്തിലെ ആറ്​ കുട്ടികളടക്കം പത്തുപേർ ആ​ യു.എസ്​ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്​മറൈ അഹമ്മദിയും നാല്​ മക്കളുമാണ്​ ഒരു നിമിഷാർഥം കൊണ്ട്​ ഇല്ലാതായത്​. ഇസ്​മറൈയുടെ സഹോദരൻ ഐമൽ അഹമ്മദിയുടെ മകളെയും ആ കുടുംബത്തിന്​ നഷ്​ടമായി. ഒപ്പം മറ്റൊരു കുട്ടിയെയും മൂന്ന്​ ബന്ധുക്കളെയും.

കഴിഞ്ഞ വ്യാഴാഴ്ച കാബൂൾ ഹമീദ്​ കർസായി വിമാനത്താവളത്തിന്‍റെ കവാടത്തിന്​ സമീപം ഐ.എസ്​-ഖുറാസാൻ (ഐ.എസ്​-കെ) നടത്തിയ, 182 പേർ കൊല്ലപ്പെടാനിടയായ സ്​​േഫാടനത്തിന്‍റെ തിരിച്ചടിയെന്നോണം ഞായറാഴ്ച അമേരിക്ക നടത്തിയ ​േ​വ്യാമാക്രമണമാണ്​ ഐമൽ അഹമ്മദിയുടെ കുടുംബത്തിലെ 10 ഉറ്റവരുടെ ജീവനെടുത്തത്​. രണ്ടു വയസ്സുകാരിയാണ് കൊല്ലപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി. വിമാനത്താവളത്തില്‍ ഭീകരാക്രമണം നടത്താനൊരുങ്ങിയ ഐ.എസ്​-കെ ചാവേറുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ്​ ഞായറാഴ്ച യു.എസ്​ സേന വിശദീകരിച്ചത്​. വിമാനത്താവളത്തിനു​സമീപം നിർത്തിയിട്ടിരുന്ന സ്​ഫോടകവസ്​തുക്കൾ നിറച്ച വാഹനത്തിനുനേരെയാണ്​ ഡ്രോൺ ആക്രമണം നടന്നതെന്നും ഒരു ഐ.എസ്​-കെ ചാവേർ കൊല്ലപ്പെ​ട്ടെന്നും അമേരിക്ക വ്യക്​തമാക്കിയിരുന്നു.

പക്ഷേ, തിങ്കളാഴ്ചയായതോടെ കഥ മാറുകയും കൊല്ലപ്പെട്ടത്​ കുട്ടികളടക്കമുള്ള സിവിലിയന്മാരാണെന്ന്​ വെളിപ്പെടുകയുമായിരുന്നു. നിരപരാധികളെ കൊന്നൊടുക്കിയ അമേരിക്കയുടെ നടപടി ഏറെ പ്രതിഷേധത്തിന്​ ഇടയാക്കിയിട്ടുണ്ട്​. യു.എസ്​ നടത്തിയ വ്യോമാക്രമണത്തിൽ സിവിലിയന്മാരാണ്​ കൊല്ലപ്പെട്ടതെന്നും ഇത്​ നിയമവിരുദ്ധമാണെന്നും താലിബാൻ വക്​താവ്​ സബിഹുള്ള മുജാഹിദ്​ ആരോപിക്കുന്നു. ഞായറാഴ്ച യു.എസ്​ നടത്തിയ വ്യോമാക്രമണത്തിൽ സിവിലിയന്മാർ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്ന്​ യു.എസ്​ മിലിട്ടറി വക്​താവ്​ ക്യാപ്​റ്റൻ ബിൽ അർബനും സ്​ഥിരീകരിച്ചു. നിരപരാധികളുടെ ജീവൻ നഷ്​ടപ്പെട്ടതിൽ അഗാധമായി ഖേദിക്കുന്നു എന്നായിരുന്നു അമേരിക്കൻ വക്​താവിന്‍റെ പ്രതികരണം.

'പൊടുന്നനെ റോക്കറ്റ്​ വന്നു, കുട്ടികൾ ഇരുന്ന കാറിൽ പതിച്ചു'

ഇസ്​മറൈ അഹമ്മദി ജോലി കഴിഞ്ഞുവരു​േമ്പാൾ എല്ലാ വൈകുന്നേരങ്ങളിലും ആ വീട്ടിൽ ഒരു പതിവ്​ കാഴ്​ചയുണ്ട്​. അദ്ദേഹത്തിന്‍റെയും സഹോദരങ്ങളുടെയും മക്കൾ ഇസ്​മറൈയെ വരവേൽക്കാൻ കാത്തുനിൽക്കും. അതിനൊരു കാരണമുണ്ട്​. ഇസ്​മറൈയുടെ വെള്ള സെഡാൻ പാർക്ക്​ ചെയ്യുന്നത്​ അദ്ദേഹത്തിന്‍റെ മൂത്ത മകനാണ്​. മറ്റ്​ കുട്ടികളും ആ സമയം കാറിൽ കയറും. ഞായറാഴ്ച വൈകീട്ടും പതിവുപോലെ ഇസ്​മറൈ വീട്ടിലെത്തി. മൂത്ത മകന്‍റെ കൈയിൽ കാറിന്‍റെ താക്കോൽ കൊടുത്തു. അവനും മറ്റ്​ കുട്ടികളും കാർ പാർക്ക്​ ചെയ്യുന്നതും നോക്കി ഇസ്​മറൈയും മറ്റും നിൽക്കു​േമ്പാളാണ്​ പൊടുന്നനെ റോക്കറ്റ്​ വന്ന്​ പതിക്കുന്നത്​. 'നിറയെ കുട്ടികൾ ഉണ്ടായിരുന്ന കാറിലേക്കാണ്​ റോക്കറ്റ്​ വന്ന്​ പതിച്ചത്​. ഇസ്​മറൈയും നാല്​ മക്കളും, എന്‍റെ മകൾ... അവരെല്ലാം അതിൽ കൊല്ലപ്പെട്ടു' -ആ നിമിഷങ്ങളുടെ നടുക്കം വിട്ടുമാറാതെ ഇസ്​മറൈയുടെ സഹോദരൻ ഐമൽ അഹമ്മദി പറയുന്നു.

എൻജിനീയർ ആയ ഇസ്​മറൈക്ക്​ ഐ.എസ് ബന്ധമുണ്ടെന്ന തെറ്റിദ്ധാരണയിലാണ്​ അമേരിക്ക തങ്ങളുടെ വീട്​ ലക്ഷ്യമാക്കി ആക്രമണം നടത്തിയതെന്ന്​ ഐമൽ അന്താരാഷ്​ട്ര വാർത്താ ഏജൻസിയായ 'എ.എഫ്​.പി'യോട്​ പറഞ്ഞു. 'ഒരു എൻ.ജി.ഒയുമായി സഹകരിച്ച്​ പ്രവർത്തിക്കുന്ന സാധാരണക്കാരനായിരുന്നു എന്‍റെ സഹോദരൻ. സ്​ഫോടകവസ്​തുക്കൾ നിറച്ച വാഹനത്തിനുനേരെയാണ്​ ഡ്രോൺ ആക്രമണം നടന്നതെന്നാണ്​ അമേരിക്ക അവകാശപ്പെടുന്നത്​. സ്​ഫോടക വസ്​തുക്കളല്ല, അതിൽ നിറയെ ഞങ്ങളുടെ കുഞ്ഞുങ്ങളായിരുന്നു' -കരച്ചിൽ അടക്കാനാകാതെ ഐമൽ പറയുന്നു. ​'കാറിൽ ഇരുന്ന കുട്ടികളും തൊട്ടടുത്ത്​ നിന്ന​ മുതിർന്നവരുമാണ്​ തൽക്ഷണം കൊല്ലപ്പെട്ടത്​. കാർ പൊടുന്നനെ കത്തിയമർന്നു. കത്തിക്കരിഞ്ഞ ശരീരാവശിഷ്​ടങ്ങൾ മാത്രമാണ്​ ബാക്കിയായത്​' -സംഭവത്തിന്​ ദൃക്​സാക്ഷിയിായ സാബിർ പറയുന്നു.

'എന്തിനാണ് അമേരിക്ക ഞങ്ങളുടെ കുട്ടികളെയും കുടുംബാംഗങ്ങളെയും കൊന്നത്?' എന്ന്​ ഇസ്​മറൈയുടെ ബന്ധുവായ റാമിൻ യൂസഫിയുടെ ചോദ്യവും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്​. കൊല്ലപ്പെട്ടവര്‍ക്ക് ഐ.എസുമായി ബന്ധമുണ്ടായിരുന്നില്ലെന്നും തെറ്റായ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ആക്രമണമുണ്ടായതെന്നുമാണ് സമീപവാസികളെ ഉദ്ധരിച്ചുകൊണ്ട് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്. 'എന്‍റെ ബന്ധുക്കളിൽ പലരും അഫ്ഗാനിസ്താനിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരാണ്. കഴിഞ്ഞ 25 വർഷമായി ഞങ്ങൾ ഇവിടെയുണ്ട്. അയൽക്കാരോട് ചോദിച്ചാൽ മനസ്സിലാകും ഞങ്ങളെക്കുറിച്ച്. രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ സേവിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഞങ്ങൾ എങ്ങനെയാണ് ചാവേർ ആക്രമണത്തിൽ ഉൾപ്പെടുന്നത്​?'- റാമിൻ ചോദിക്കുന്നു.

Tags:    
News Summary - US strike killed 10 of Kabul family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.