വാഷിങ്ടണ്‍: മസ്തിഷ്‌ക മരണം സംഭവിച്ച രോഗിക്ക് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവച്ചു. യു.എസിലെ ഡോക്ടര്‍മാരാണ് 61 ദിവസം നീണ്ടുനിന്ന ഈ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഗവേഷകര്‍ അറിയിച്ചു.
മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യനില്‍ വെച്ചുപിടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങളുടെ ഭാഗമായിരുന്നു ശസ്ത്രക്രിയ. അമേരിക്കയില്‍ മാത്രം 103,000-ത്തിലധികം ആളുകൾ അവയവമാറ്റത്തിനായി കാത്തിരിക്കുന്നു, അവരിൽ 88,000 പേർക്ക് വൃക്കയാണ് ആവശ്യം.
മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യനില്‍ മാറ്റിവെയ്ക്കുന്നത് സംബന്ധിച്ച ഗവേഷണങ്ങളില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് ന്യൂയോർക്ക് യൂണിവേഴ്സിറ്റി ലാങ്കോൺ ട്രാൻസ്പ്ലാൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റോബർട്ട് മോണ്ട്ഗോമറി പറഞ്ഞു.
വിർജീനിയ ആസ്ഥാനമായുള്ള ബയോടെക് കമ്പനിയായ റിവിവികോർ ആണ് പരീക്ഷണത്തിനുള്ള പന്നിയെ നല്‍കിയത്. നിലവില്‍ സെനോ ട്രാന്‍സ്പ്ലാന്‍റേഷന്‍ പരീക്ഷണങ്ങള്‍ക്ക് പ്രധാനമായും പന്നിയുടെ അവയവങ്ങളാണ് ഉപയോഗിക്കുന്നത്. മനുഷ്യന്‍റെ അവയവത്തിന്റെ വലിപ്പം, വളര്‍ച്ച തുടങ്ങിയവ കണക്കിലെടുക്കുമ്പോള്‍ മറ്റ് മൃഗങ്ങളേക്കാള്‍ പന്നിയാണ് അനുയോജ്യമെന്ന് ഗവേഷകര്‍ പറയുന്നു. റോബർട്ട് മോണ്ട്ഗോമറി ഇത് അഞ്ചാമത്തെ തവണയാണ് സെനോട്രാൻസ്പ്ലാന്‍റ് പരീക്ഷിക്കുന്നത്.
ലോകത്തില്‍ ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവയ്ക്കൽ നടത്തിയത് 2021 സെപ്റ്റംബറിലാണ്. യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സ്കൂളിലെ സർജന്മാരാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. പക്ഷെ രോഗി രണ്ട് മാസത്തിനു ശേഷം മരിച്ചു.
അതിനുമുന്‍പ് 1984ല്‍ ബബൂണിന്‍റെ ഹൃദയം നവജാതശിശുവിലേക്ക് മാറ്റിവെച്ചിരുന്നു. പക്ഷെ കുഞ്ഞ് 20 ദിവസം മാത്രമേ ജീവിച്ചുള്ളൂ. അവയവങ്ങള്‍ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യനിലേക്ക് മാറ്റിവെയ്ക്കുന്ന പരീക്ഷണങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.