വാഷിങ്ടൺ: അഫ്ഗാനിസ്താൻ വീണ്ടും താലിബാൻ നിയന്ത്രണത്തിലായതിനു പിന്നാലെ യു.എസ് മരവിപ്പിച്ച 700 കോടിയിലേറെ ഡോളർ തിരിച്ചുനൽകില്ല. താലിബാൻ രാജ്യം പിടിക്കുംമുമ്പ് അഫ്ഗാൻ സെൻട്രൽ ബാങ്ക് ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിൽ നിക്ഷേപിച്ച തുകയുടെ പകുതി 2001ലെ സെപ്റ്റംബർ 11 ഭീകരാക്രമണ ഇരകൾക്ക് വിതരണം ചെയ്യാനാണ് ഒരുങ്ങുന്നത്. അവശേഷിച്ച തുക അഫ്ഗാനിസ്താനിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായും ഉപയോഗിക്കും.
ഇതിനാവശ്യമായ അടിയന്തര ഉത്തരവ് ബൈഡൻ തയാറാക്കിവരുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അഫ്ഗാൻ സർക്കാറിനെ മറിച്ചിട്ട് താലിബാൻ അധികാരമേറിയതോടെയാണ് ഫണ്ട് യു.എസ് മരവിപ്പിച്ചത്. പണമായും ബോണ്ടായും സ്വർണമായുമാണ് 'ദ അഫ്ഗാനിസ്താൻ ബാങ്ക്' എന്നു പേരുള്ള അഫ്ഗാൻ സെൻട്രൽ ബാങ്ക് നിക്ഷേപിച്ചത്.
ഈ നിക്ഷേപം വിട്ടുനൽകണമെന്ന് താലിബാൻ ആവശ്യപ്പെട്ടെങ്കിലും യു.എസ് ഫെഡറൽ റിസർവ് ബാങ്ക് വിട്ടുനൽകിയിരുന്നില്ല. അതിനിടെ, സെപ്റ്റംബർ 11 ഭീകരാക്രമണത്തിലെ ഇരകളുടെ ബന്ധുക്കൾ ഇതിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. അനുകൂലമായ വിധിയും സമ്പാദിച്ചു. ഇത് പരിഗണിച്ചാണ് പകുതി തുക ഇവർക്കായി വീതിച്ചുനൽകാൻ ഒരുങ്ങുന്നത്.
നിലവിൽ അഫ്ഗാൻ സെൻട്രൽ ബാങ്ക് നിയന്ത്രണം താലിബാനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.