ഗസ്സ സിറ്റി: ഹമാസ് ആക്രമണത്തെയും സിവിലിയന്മാർക്ക് നേരെയുള്ള അതിക്രമങ്ങളെയും അപലപിച്ചും ഗസ്സയിലേക്ക് സഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള ഐക്യരാഷ്ട്രസഭ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. 15 അംഗ ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ 12 രാജ്യങ്ങൾ ബ്രസീല് കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ചു. റഷ്യയും ബ്രിട്ടനും ചർച്ചയിൽ നിന്ന് വിട്ടുനിന്നു.
വ്യോമാക്രമണം രൂക്ഷമായി തുടരുന്നതിനിടെ ചൊവ്വാഴ്ച ഗസ്സയിലെ അൽ അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് ബോംബിട്ട് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ കൊലപ്പെടുത്തിയ ഇസ്രായേൽ ക്രൂരതയിൽ ലോകവ്യാപകമായി രോഷം അലയടിച്ചു. 471 പേരുടെ മരണത്തിനും 314 പേർക്ക് പരിക്കേൽക്കാനുമിടയാക്കിയ ആക്രമണത്തിനെതിരെ അറബ് രാജ്യങ്ങളിലടക്കം പതിനായിരങ്ങൾ തെരുവിലിറങ്ങി. ഫിലിപ്പീൻസ്, ജോർഡൻ, ലബനാൻ, ഇറാഖ്, കുവൈത്ത്, മൊറോക്കോ, തുണീഷ്യ, ഈജിപ്ത് തുടങ്ങിയ നിരവധി രാജ്യങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറി.
പലയിടത്തും യു.എസ്, യു.കെ എംബസികളിലേക്കായിരുന്നു പ്രകടനങ്ങൾ. തെഹ്റാനിൽ ഫ്രഞ്ച്, ബ്രിട്ടീഷ് എംബസികൾക്ക് മുന്നിലായിരുന്നു പ്രതിഷേധം. സൗദി, ജോർഡൻ, ഈജിപ്ത്, യു.എ.ഇ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. ഇസ്രായേൽ ആക്രമണത്തെ അപലപിച്ച ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി, മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. മുസ്ലിം രാജ്യങ്ങൾ ഇസ്രായേൽ അംബാസഡർമാരെ പുറത്താക്കണമെന്നും ഇസ്രായേലിന് എണ്ണനൽകുന്നത് നിർത്തണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ ആവശ്യപ്പെട്ടു.
ഗസ്സയിലും ദക്ഷിണ അതിർത്തി നഗരമായ റഫയിലും ഇസ്രായേൽ ബുധനാഴ്ചയും വ്യോമാക്രമണം തുടർന്നു. റഫയിൽ മൂന്നുനില കെട്ടിടം തകർന്ന് 40 പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. ഗസ്സയിൽ നുസൈറാത്ത് അഭയാർഥി ക്യാമ്പിലെ ബേക്കറിക്ക് തീപിടിച്ച് നാലുപേർ മരിച്ചു. ആശുപത്രി ആക്രമണം ഇസ്രായേലിന്റെ കരുതിക്കൂട്ടിയുള്ള വംശഹത്യയുടെ ഭാഗമാണെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് മാലികി സൗദിയിൽ പ്രതികരിച്ചു. രണ്ടുദിവസം മുമ്പും ഇതേ ആശുപത്രിക്ക് നേരെ ഇസ്രായേലി സൈനികരുടെ ആക്രമണമുണ്ടായതായും ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. സ്വയം പ്രതിരോധത്തിന്റെ പേരിൽ കൂട്ടക്കൊല നടത്താൻ ഇസ്രായേലിനെ അന്താരാഷ്ട്രസമൂഹം അനുവദിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബോംബിട്ടത് തങ്ങളല്ലെന്നും ഫലസ്തീനിലെ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ മിസൈൽ ലക്ഷ്യം തെറ്റി പതിച്ചതുമാണെന്നാണ് ഇസ്രായേൽ വാദം. തെൽഅവീവിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേലിന്റെ വാദം ആവർത്തിച്ചു. ആക്രമണം ഇസ്രായേൽ നടത്തിയതാണെന്ന് കരുതുന്നില്ലെന്നും ‘മറുസംഘമാണ്’ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കൂട്ടക്കൊലയെ ന്യായീകരിക്കാൻ ഇസ്രായേൽ കള്ളം പ്രചരിപ്പിക്കുകയാണെന്ന് ഇസ്ലാമിക് ജിഹാദ് പ്രതികരിച്ചു.
അതേസമയം, ഗസ്സയിലേക്ക് റഫ അതിർത്തിവഴി നിയന്ത്രിത അളവിൽ സഹായം നൽകാമെന്ന് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചക്കുശേഷം ബിന്യമിൻ നെതന്യാഹു സമ്മതിച്ചു. ഹമാസിന് സഹായം ലഭിക്കരുതെന്നതാണ് പ്രധാന നിബന്ധന.
ബൈഡനും അറബ് നേതാക്കളുമായി അമ്മാനിൽ നടത്താനിരുന്ന ഉച്ചകോടി ഉപേക്ഷിച്ചതായി ജോർഡൻ വിദേശകാര്യ മന്ത്രി അറിയിച്ചു. ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി എന്നിവരോടൊപ്പമാണ് ബൈഡൻ ഉച്ചകോടിയിൽ പങ്കെടുക്കാനിരുന്നത്. ഉച്ചകോടി ഉപേക്ഷിച്ചതിനെ സ്വാഗതംചെയ്ത ഹമാസ് ഉടൻ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ടു.
രൂക്ഷമായ കുടിവെള്ള, ഭക്ഷ്യക്ഷാമം നേരിടുന്ന ഗസ്സക്കായി മരുന്നുകളും ഭക്ഷ്യവസ്തുക്കളുമടക്കം 60 ടണ്ണോളം സാധനങ്ങൾ റഫ അതിർത്തിയിൽ തയാറാണെന്നും സുരക്ഷിത പാതയൊരുക്കിയാൽ വിതരണം ചെയ്യാനാകുമെന്നും സന്നദ്ധ സംഘടനയായ റെഡ്ക്രോസ് അറിയിച്ചു.
അതേസമയം, ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3,478 ആയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1300 പേരും കുട്ടികളാണ്. 12,000 പേർക്ക് പരിക്കേറ്റു. 1200ഓളം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഹമാസ് ആക്രമണത്തിലടക്കം ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1400 ആയി. 200ഓളം പേരെ ഹമാസ് ബന്ദിയാക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.