ഹേഗ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ വധിക്കാൻ ശ്രമമെന്ന ആരോപണങ്ങൾക്കിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. യുക്രെയ്നിലെ കുറ്റകൃത്യങ്ങളുടെ പേരിൽ പുടിനെ ശിക്ഷിക്കണമെന്ന് സെലൻസ്കി കോടതിയോട് ആവശ്യപ്പെട്ടു.
റഷ്യയുടെ യുദ്ധക്കുറ്റങ്ങൾ വിചാരണ ചെയ്യുന്നതിന് യുദ്ധ ട്രൈബ്യൂണൽ രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. ഏപ്രിലിൽ മാത്രം റഷ്യ 6000 യുദ്ധ കുറ്റകൃത്യങ്ങൾ ചെയ്തതായി സെലൻസ്കി ആരോപിച്ചു. 11 കുട്ടികൾ ഉൾപ്പെടെ 207 യുക്രെയ്ൻ പൗരന്മാരാണ് റഷ്യൻ ആക്രമണത്തിൽ ഏപ്രിലിൽ കൊല്ലപ്പെട്ടത്.
റഷ്യ നടത്തിയ മറ്റ് നിരവധി ആക്രമണങ്ങളും അദ്ദേഹം എണ്ണിപ്പറഞ്ഞു. യുക്രെയ്ന് ആയുധങ്ങൾ നൽകി സഹായിക്കുന്നതിന് നെതർലൻഡ്സിന് അദ്ദേഹം നന്ദി പറഞ്ഞു. ‘യുക്രെയ്നിലെ സംഘർഷം ഞങ്ങൾ ആഗ്രഹിക്കാത്ത യുദ്ധമാണ്. അതിന് അവസാനം കാണണം. ഞങ്ങൾ അത് ചെയ്തിരിക്കും’ -അദ്ദേഹം പറഞ്ഞു.
പുടിനെ വധിക്കാൻ യുക്രെയ്ൻ ശ്രമിക്കുകയാണെന്ന് റഷ്യ ആരോപണമുന്നയിച്ചതിന് തൊട്ടടുത്ത ദിവസമാണ് സെലൻസ്കി നെതർലൻഡ്സിലെ ഹേഗിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.