യുദ്ധ പരാജയം; എട്ട് സൈനിക ജനറൽമാരെ പുടിൻ പുറത്താക്കിയെന്ന് യുക്രെയ്ൻ

മോസ്കോ: യുദ്ധം പരാജയമായ സാഹചര്യത്തിൽ എട്ട് മുതിർന്ന സൈനിക ജനറൽമാരെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പുറത്താക്കിയതായി അവകാശപ്പെട്ട് യുക്രെയ്ൻ. ഇവരെ പുറത്താക്കി പുതിയ ആളുകളെ നിയമിച്ച ശേഷം റഷ്യ യുദ്ധതന്ത്രം മാറ്റിയെന്നും യുക്രെയ്ൻ പ്രതിരോധ സെക്രട്ടറി ഒലെക്സി ഡാനിലോവ് അവകാശപ്പെട്ടു. പ്രതിരോധമന്ത്രിയെ ഉദ്ധരിച്ച് യുക്രെയ്ൻ പത്രമായ യുക്രെയ്ൻസ്ക പ്രവ്ദ എന്ന പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

റഷ്യയിൽ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾക്ക് നന്നായി ധാരണയുണ്ട്. അവർ കടുത്ത നിരാശയിലാണ്. യുക്രെയ്ന്റെ ഐക്യം അവരെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു -ഡാനിസ്ലോവ് പറഞ്ഞു. അതേസമയം, യുദ്ധം അവസാനിച്ചിട്ടില്ലെന്നും അതിജീവിക്കുക പ്രയാസമാണെന്നും ശത്രുക്കളെ വിലകുറച്ച് കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്നിലെ സൈനിക നീക്കം പരാജയത്തിലേക്ക് നീങ്ങിയതോടെ രോഷാകുലനായ പുടിൻ രഹസ്യാന്വേഷണ ഏജൻസികളെ കുറ്റപ്പെടുത്തിയതായും ബ്രിട്ടീഷ് മുൻ ഇന്റലിജൻസ് ഓഫിസർ ഫിലിപ് ഇൻഗ്രാം ദ ടൈംസിനു നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചു.

യുക്രെയ്ൻ വളരെ ദുർബലമായ രാജ്യമാണെന്നും എളുപ്പം കീഴടക്കാമെന്നുമായിരുന്നു റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളായ കെ.ജി.ബിയും എഫ്.എസ്.ബിയും പുടിനെ ധരിപ്പിച്ചത്. യുദ്ധം രണ്ടാഴ്ച പിന്നിട്ടിട്ടും യുക്രെയ്ൻ തലസ്ഥാനമായ കിയവ് കീഴടക്കാൻ റഷ്യൻ സൈനത്തിന് കഴിഞ്ഞിട്ടില്ല. തുടർന്ന് നഗരങ്ങൾ കേന്ദ്രീകരിച്ച് വ്യോമാക്രമണം ശക്തമാക്കിയിരിക്കയാണ് റഷ്യൻ സൈന്യം. ആക്രമണം തുടങ്ങിയതിനു ശേഷം 3213 യുക്രെയ്ൻ സൈനിക കേന്ദ്രങ്ങളാണ് റഷ്യ നശിപ്പിച്ചത്.

Tags:    
News Summary - Ukraine says Putin has expelled eight military generals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.