തെൽഅവീവ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്ക് പ്രതിദിനം ചെലവാക്കുന്നത് 246 മില്യൺ ഡോളറാണെന്ന് ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച്. ദിവസവും ഏകദേശം 1 ബില്യൺ ഇസ്രായേലി ഷെക്കൽ (246 മില്യൺ ഡോളർ അഥവാ 2045 കോടി രൂപ) ചിലവഴിക്കുന്നതായാണ് ധനമന്ത്രിയെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതുപ്രകാരം 18 നാൾ പിന്നിട്ട യുദ്ധത്തിന് 4,428 മില്യൺ ഡോളർ ഗസ്സയെ നശിപ്പിക്കാൻ ചെലവാക്കി.
അതേസമയം, വ്യോമാക്രമണത്തിന് മാത്രം ചെലവഴിച്ച തുകയാണിത്. സൈനിക നടപടിയും ഫലസ്തീനിയൻ സായുധ സംഘങ്ങളുടെ റോക്കറ്റ് ആക്രമണങ്ങളും മൂലം ഭാഗികമായി സ്തംഭിച്ച സമ്പദ്‌വ്യവസ്ഥ നേരിടുന്ന പരോക്ഷ ചെലവുകൾ ഇതിൽ ഉൾപ്പെടില്ല.
അതിനിടെ, ഇസ്രായേലിന്റെ ക്രെഡിറ്റ് ഔട്ട്‍ലുക്ക് സ്റ്റേബിളിൽ നിന്ന് നെഗറ്റീവായി അമേരിക്കൻ റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി താഴ്ത്തിയിരുന്നു. ഇത് സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പാണെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.
ഗസ്സയിൽ ഏകപക്ഷീയമായി ഇസ്രായേൽ അധിനിവേശം നടത്തുന്നതിനിടെയാണ് എസ്&പി റേറ്റിങ് കുറച്ചത്. ഗസ്സയിലാണ് ആക്രമണം നടക്കുന്നതെങ്കിലും അത് ഇസ്രായേൽ സമ്പദ്‍വ്യവസ്ഥയേയും സുരക്ഷാസ്ഥിതിയേയും ബാധിക്കുമെന്ന് റേറ്റിങ് ഏജൻസി വ്യക്തമാക്കി. ഇസ്രായേലിന്റെ ഗസ്സ ആക്രമണം മൂലം സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ സമ്പദ്‍വ്യവസ്ഥയിൽ അഞ്ച് ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും എസ്പി ആൻഡ് പി പ്രവചനമുണ്ട്. അടുത്ത വർഷത്തോടെ ഇസ്രായേൽ സമ്പദ്‍വ്യവസ്ഥ വളർച്ചയിലേക്ക് തിരിച്ചെത്തും.
ഇസ്രായേലിന്റെ ഡെബ്റ്റ് റേറ്റിങ് കുറക്കുന്നത് പരിഗണിക്കുകയാണെന്ന് റേറ്റിങ് ഏജൻസിയായ മൂഡീസും അറിയിച്ചിരുന്നു. ഗസ്സ ആക്രമണത്തിനിടെയാണ് ഇസ്രായേലിന്റെ റേറ്റിങ് കുറക്കുന്നതിനുള്ള നടപടികളുമായി മൂഡീസ് മുന്നോട്ട് പോകുന്നത്.
ഇസ്രായേലിന് വിദേശ, പ്രാദേശിക കറൻസികൾ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് എ1 റേറ്റിങ്ങാണ് മൂഡീസ് നൽകിയിരിക്കുന്നത്. ഇത് കുറക്കണോയെന്ന കാര്യത്തിലാണ് പരിശോധന. ഫിച്ച് റേറ്റിങ്ങും സമാനമായ മുന്നറിയിപ്പ് ഇസ്രായേലിന് നൽകിയിരുന്നു. ഇസ്രായേലിന്റെ ക്രെഡിറ്റ് സ്കോർ ഫിച്ച് കുറച്ചിരുന്നു. വിവിധ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തും ഇസ്രായേലിന്റെ റേറ്റിങ് പ്രധാന കമ്പനികളൊന്നും കുറച്ചിരുന്നില്ല. ഗസ്സ ആക്രമണത്തിന് മുമ്പ് തന്നെ ഇസ്രായേലിന്റെ റേറ്റിങ് കടുത്ത പ്രതിസന്ധിയിലായിരുന്നു.
നീതിന്യായ വ്യവസ്ഥയെ ദുർബലമാക്കാനുള്ള ഇസ്രായേൽ സർക്കാർ നടപടികൾ സമ്പദ്‍വ്യവസ്ഥയേയും ബാധിച്ചിരുന്നു. ഇതാണ് രാജ്യത്തിന്റെ റേറ്റിങ്ങിനെ കടുത്ത പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ ഏപ്രിലിൽ ഇസ്രായേലിന്റെ റേറ്റിങ് പോസിറ്റീവിൽ നിന്നും സ്റ്റേബിൾ എന്നതിലേക്ക് മൂഡിസ് കുറച്ചിരുന്നു. ഇസ്രായേലിന്റെ ബോണ്ടുകൾ വിവിധ വിപണികളിൽ മോശം പ്രകടനമാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.