യുദ്ധം അവസാനിപ്പിക്കണം –മാർപാപ്പ

വത്തിക്കാൻ സിറ്റി/അങ്കാറ: യുക്രെയ്നിൽ കുട്ടികളടക്കം നിരപരാധികളെ കൊന്നൊടുക്കുന്ന റഷ്യൻ ആക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ. കൂടുതൽ പേരുടെ ജീവൻ ബലിനൽകാതെ ഉടൻ യുദ്ധം അവസാനിപ്പിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. ദൈവത്തെ ഓർത്ത് ഈ കൂട്ടക്കലാപം അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സെന്റ്പീറ്റേഴ്സ് ചത്വരത്തിൽ ആയിരങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. ദുരിതബാധിതരെ രക്ഷപ്പെടുത്താൻ മാനുഷിക ഇടനാഴികൾ ഒരുക്കണമെന്നാവശ്യപ്പെട്ട മാർപാപ്പ, യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ പ്രത്യേക പ്രാർഥനയും നടത്തി.

പൗരന്മാരെ ഒഴിപ്പിക്കും -തുർക്കി

മരിയുപോളിലെ പള്ളിയിൽ അഭയം തേടിയ പൗരന്മാരെ ഒഴിപ്പിക്കുമെന്ന് തുർക്കി വിദേശകാര്യ മന്ത്രി മെവ് ലൂത് കാവ്സോഗ്‍ലു അറിയിച്ചു. സുൽത്താൻ സുലൈമാൻ പള്ളിക്കു സമീപം റഷ്യ ശനിയാഴ്ച ഷെല്ലാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ പള്ളിക്ക് കേടുപാട് സംഭവിച്ചിട്ടില്ലെന്നും ഇവിടെ കുടുങ്ങിയ തുർക്കി പൗരന്മാരുമായി സാറ്റലൈറ്റ് ഫോണുകളിൽ ബന്ധപ്പെട്ടതായും കാവ്സോഗ്‍ലു പറഞ്ഞു. എത്ര തുർക്കി പൗരൻമാർ പള്ളിയിൽ അഭയം തേടിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. 34 കുട്ടികളുൾപ്പെടെ 89 തുർക്കി പൗരന്മാർ പള്ളിയിലുണ്ടെന്നാണ് അങ്കാറയിലെ യുക്രെയ്ൻ എംബസി പുറത്തുവിട്ട വിവരം. മരിയുപോളിലെ ഒഴിപ്പിക്കലിന് പിന്തുണ തേടി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായും കാവ്സോഗ്‍ലു ഫോണിൽ സംസാരിച്ചു. ഖേർസൺ, ഖാർകിവ് അടക്കം നഗരങ്ങളിൽനിന്നായി ശനിയാഴ്ച 489 തുർക്കി പൗരന്മാരെ രക്ഷപ്പെടുത്തിയതായും കാവ്സോഗ്‍ലു കൂട്ടിച്ചേർത്തു.

യുദ്ധത്തെ അപലപിച്ച് ഇസ്രായേൽ

യുദ്ധത്തെ അപലപിച്ച ഇസ്രായേൽ വിദേശകാര്യ മന്ത്രി യായ്ർ ലാപിഡ്, റഷ്യ ഉടൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. യുദ്ധം തുടങ്ങിയതു മുതൽ 85 കുട്ടികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നൂറിലേറെ പേർക്ക് പരിക്കേറ്റു. രാജ്യത്തെ 369 സ്കൂളുകൾക്കുനേരെ ഷെല്ലാക്രമണമുണ്ടായി. ഇതിൽ 57 എണ്ണം പൂർണമായും തകർന്നു. യുക്രെയ്നിൽ പാവസർക്കാറിനാണ് റഷ്യ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആരോപിച്ചു.

അനുകൂലികൾ തടവിലാക്കിയതു പിന്നാലെ റഷ്യ പുതിയ മേയറെ നിയമിച്ചു. റഷ്യ രാസായുധങ്ങള്‍ പ്രയോഗിച്ചാല്‍ നാറ്റോ ഇടപെടുമെന്നു പോളണ്ട് പ്രധാനമന്ത്രി മുന്നറിയിപ്പുനല്‍കി.

ആയുധം എത്തിക്കുന്ന വാഹനങ്ങൾ ആക്രമിക്കും-റഷ്യ

യുക്രെയ്ന് ആയുധങ്ങൾ കൈമാറുന്ന വാഹനങ്ങൾ ആക്രമിക്കുമെന്ന് റഷ്യ മുന്നറിയിപ്പു നൽകി. ആയുധങ്ങളുമായി യുക്രെയ്‌നിൽ എത്തുന്ന കപ്പലുകളും വാഹനങ്ങളും റഷ്യൻ സായുധസേന നശിപ്പിക്കും.യുക്രെയ്‌ന് ആയുധം നൽകുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് യു.എസിന് മുന്നറിയിപ്പ് നൽകിയതായി റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് വ്യക്തമാക്കി. പാശ്ചാത്യ രാജ്യങ്ങൾക്കെതിരായ വ്യക്തിഗത ഉപരോധങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും റിയാബ്കോവ് പറഞ്ഞു.

യു.എസ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

റഷ്യൻ സേനയുടെ ആക്രമണത്തിൽ യു.എസ് വിഡിയോ ജേണലിസ്റ്റ് കൊല്ലപ്പെട്ടു. മറ്റൊരു മാധ്യമപ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തതായി കിയവ് പൊലീസ് അറിയിച്ചു. ന്യൂയോർക് ടൈംസിനായി പ്രവർത്തിക്കുന്ന പ്രമുഖ ചലച്ചിത്ര സംവിധായകൻ കൂടിയായ ബ്രെന്റ് റെനോഡ് (50) ആണ് കൊല്ലപ്പെട്ടത്. റെനോഡും മറ്റൊരു മാധ്യമപ്രവർത്തകനും സഞ്ചരിച്ച കാറിനുനേരെ റഷ്യൻ സൈന്യം ഇർപിനിൽവെച്ച് വെടിയുതിർക്കുകയായിരുന്നു.

Tags:    
News Summary - War must end - Pope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.