ഗസ്സയിലെ കുട്ടികൾ സംഘർഷവും ദുരന്തവുമല്ലാതെ മറ്റൊന്നും അറിഞ്ഞിട്ടില്ല. ഇസ്രായേൽ മുൻ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ ഇസ്രായേലിലെ എല്ലാ കുടിയേറ്റക്കാരെയും സൈനിക ഉദ്യോഗസ്ഥരെയും ഗസ്സ മുനമ്പിൽനിന്ന് ‘മാറ്റിയിട്ട്’ 18 വർഷമായി. അതോടെ, അവിടെ അധിനിവേശമില്ലാതായെന്നായിരുന്നു ആ രാജ്യത്തിന്റെ ഔദ്യോഗിക വിവരണം.
എന്നാൽ, രണ്ടു വർഷം കഴിഞ്ഞ് ഹമാസ് അധികാരമേറ്റതിനെ തുടർന്ന് ഇസ്രായേൽ സർക്കാർ ഗസ്സ മുനമ്പിലാകെ ഉപരോധം ഏർപ്പെടുത്തി. അങ്ങനെ നോക്കുമ്പോൾ, ഇന്ന് ഏതാണ്ട് 18 വയസ്സുള്ള എല്ലാ ഗസ്സക്കാരും അവരുടെ ജീവിതകാലം മുഴുവൻ കഷ്ടപ്പാടിലൂടെയാണ് കടന്നുപോയത് എന്നുപറയാം.
‘റെഡ് ക്രോസി’ന്റെ അഭിപ്രായത്തിൽ, ഇസ്രായേലിന് ഇപ്പോഴും ‘അധിനിവേശ’ത്തിനുള്ള നിയമപരമായ ഉത്തരവാദിത്തമുണ്ട്. നാലാം ജനീവ കൺവെൻഷൻ 55ാം അനുച്ഛേദം വിശദീകരിക്കുന്നതുപോലെ, ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണവും മരുന്നുകളും മറ്റ് അടിസ്ഥാന വസ്തുക്കളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അധിനിവേശശക്തിയെന്ന നിലയിൽ ഇസ്രായേലിന്റെ ബാധ്യതയാണ്.
എന്നാൽ, ഈയടുത്ത ദിവസങ്ങളിൽ ഇസ്രായേൽ ഉപരോധം കർശനമാക്കിയതിനാൽ ഗസ്സയിലെ ജനങ്ങൾക്ക് അതിജീവനത്തിനുള്ള അവശ്യസാധനങ്ങൾപോലും നിഷേധിക്കപ്പെടുന്നു. ഗസ്സയിലെ കുട്ടികൾ വെറും റൊട്ടിയും മലിനമായ വെള്ളവും കഴിച്ചാണ് ജീവിക്കുന്നത്.
ഹമാസ് ആക്രമണത്തിനു പിന്നാലെയുള്ള ഇസ്രായേൽ ഉപരോധം ഗസ്സയിലെ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ലോകം തത്സമയം പഠിക്കുകയാണ്. വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും അഭാവം മുതിർന്നവരെപ്പോലെയല്ല കുട്ടികളെ ബാധിക്കുക.
അസുഖം വരുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന കുട്ടികൾ ചികിത്സക്ക് ആശ്രയിക്കുന്നത് പുതിയ സാഹചര്യത്തിൽ ഒരു സൗകര്യവുമില്ലാത്ത ആരോഗ്യസംവിധാനത്തെയാണ്. ഉള്ള ആശുപത്രികളിൽ കടുത്ത മരുന്നുക്ഷാമമാണ്. ചികിത്സക്കെത്തുന്നവരുടെ എണ്ണത്തിലാകട്ടെ വൻ വർധനയും.
നിലവിലെ ഉപരോധത്തിനുമുമ്പ് ഗസ്സയിലെ കുട്ടികളുടെ ജീവിതം ആരോഗ്യസമ്പന്നമായിരുന്നുവെന്ന് കരുതുന്നത് തെറ്റാണ്. ജനസാന്ദ്രതയേറിയ ഗസ്സ മുനമ്പിൽ, ഇസ്രായേൽ ആക്രമണം കാരണം കുട്ടികളുടെ ചികിത്സാ ആവശ്യങ്ങളിൽ വർധനയുണ്ടാവുക മാത്രമാണ് ചെയ്തത്.
നേരിട്ടുള്ള സൈനിക ആക്രമണങ്ങൾ പതിവാകുന്നത് യുവാക്കളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. ഇപ്പോൾ ഗസ്സയിലുള്ള യുവാക്കൾ അവരുടെ ഹ്രസ്വമായ ജീവിതകാലത്ത് നിലവിലേത് ഉൾപ്പെടെ ആറു യുദ്ധങ്ങളെങ്കിലും (2008-09, 2012, 2014, 2021, 2022, 2023) അനുഭവിച്ചിട്ടുണ്ടാകും.2007ൽ ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയതു മുതൽ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീൻ കുട്ടികളുടെ എണ്ണം 1189 വരുമെന്നാണ് ‘ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷനൽ- ഫലസ്തീൻ’ (ഡി.സി.ഐ.പി) കണക്ക്.
ഈ യുദ്ധങ്ങൾ കുട്ടികളുടെ ജീവിതത്തിനും ക്ഷേമത്തിനും ദീർഘകാല ഭീഷണികളാണ് സൃഷ്ടിക്കുന്നത്. ഓരോ യുദ്ധത്തിനുംശേഷം പ്രധാന വാണിജ്യപാത വഴി ഗസ്സയിലേക്കുള്ള പ്രവേശനം ഇസ്രായേൽ കർശനമായി നിയന്ത്രിക്കുകയാണ്. മതിയായ സാമഗ്രികളില്ലാതെ ആക്രമണമുണ്ടാക്കുന്ന അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്യാനും വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ, പൊതു ഇടങ്ങൾ എന്നിവ പുനർനിർമിക്കാനും സാധ്യമല്ല.
2008-09 യുദ്ധത്തെത്തുടർന്ന് യു.എൻ പരിസ്ഥിതി വിഭാഗം നടത്തിയ പഠനം ആക്രമണങ്ങൾ മൂലമുണ്ടാകുന്ന അവശിഷ്ടങ്ങളുണ്ടാക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ എടുത്തുകാണിക്കുന്നതാണ്. മലിനമായ വെള്ളവും മണ്ണും, തുളച്ചുകയറാൻ നിൽക്കുന്ന ലോഹക്കമ്പികൾ ഉൾപ്പെടെയുള്ളവ ഗുരുതര അപകടസാധ്യതയാണുണ്ടാക്കുന്നത്.
ഉപരോധം ഗസ്സയിലെ അടിസ്ഥാനസൗകര്യ വികസനം അസാധ്യമാക്കി. ശുദ്ധജലം ലഭ്യമാക്കാനും മാലിന്യനിർമാർജനം നടത്താനും ജനങ്ങളുടെ മറ്റ് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും വൻതോതിൽ നിക്ഷേപം ആവശ്യമാണ്.
കുട്ടികൾക്കായി വളരെ കുറച്ച് സുരക്ഷിതമായ പൊതു കളിസ്ഥലങ്ങളാണുള്ളത്. പലരും ആശ്വാസത്തിനായി എത്തുന്ന സ്ഥലമാണ് ബീച്ച്. 2018ലെ ഒരു പഠനം അനുസരിച്ച്, ഗസ്സയിലെ ശിശുമരണ നിരക്കിന്റെ പ്രാഥമിക കാരണം ജലജന്യരോഗങ്ങളാണ്. ഗസ്സയിൽ ലഭ്യമല്ലാത്ത സങ്കീർണമായ വൈദ്യസഹായം ആവശ്യമുള്ള കുട്ടികളുണ്ട്.
കുട്ടികൾക്ക് മതിയായ വൈദ്യസഹായം ലഭ്യമാക്കേണ്ടത് ഇസ്രായേലിന്റെ നിയമപരമായ ഉത്തരവാദിത്തമാണ്. എന്നാൽ, ചികിത്സക്കുള്ള മെഡിക്കൽ പെർമിറ്റിനായുള്ള അപേക്ഷകൾ ഇസ്രായേൽ നിരസിക്കുന്നത് പതിവാണ്.
‘ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ’ സമയത്ത് 2018ലും 2019ലും ആയിരക്കണക്കിന് കുട്ടികളും യുവാക്കളും പ്രകടനങ്ങളിൽ പങ്കെടുത്തപ്പോൾ ഇസ്രായേൽ സൈന്യം രൂക്ഷമായി പ്രതികരിച്ചു. 46 പേർ കൊല്ലപ്പെടുകയും 8800ഓളം കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൈകാലുകൾ നഷ്ടപ്പെട്ടതുൾപ്പെടെയുള്ള പരിക്കുകൾ ഏറ്റുവാങ്ങിയ പല കുട്ടികൾക്കും ചികിത്സക്കായി ഗസ്സ വിടാൻ അനുമതി ലഭിച്ചില്ല.
ഫലസ്തീൻ ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ രംഗത്തുള്ളവർ, സാമൂഹിക പ്രവർത്തകർ, സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവർ ഉപരോധത്തിനിടയിലും ഗസ്സയിലെ കുട്ടികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനുംവേണ്ടി 16 വർഷം തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു.
കഴിഞ്ഞ ആഴ്ചയിൽ ഇസ്രായേൽ സൈന്യത്തിൽനിന്ന് ഒന്നിലധികം ഒഴിപ്പിക്കൽ ഉത്തരവുകൾ ഉണ്ടായിട്ടും, ജീവൻ രക്ഷിക്കാൻ ആശുപത്രി ജീവനക്കാർ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നത് തുടരുന്നു.
യു.എൻ മനുഷ്യാവകാശ സംഘടനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾതന്നെ ഇപ്പോഴത്തെ ഇസ്രായേൽ ആക്രമണത്തെ വംശീയ ഉന്മൂലനമെന്നാണ് വിളിക്കുന്നത്. ഇത് ഉപരോധത്തിലൂടെ കുഞ്ഞുദേഹങ്ങളെയും അവരുടെ പ്രതീക്ഷകളെയും തരിപ്പണമാക്കുന്നതിന്റെ വിപുലീകരണമാണെന്ന് മനസ്സിലാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.