കാബൂൾ: 70കളുടെ അവസാനം വിയറ്റ്നാമിൽ നടന്ന കൂട്ട ഒഴിപ്പിക്കലിന് സമാനമായി അഫ്ഗാനിൽനിന്ന് അതിവേഗം മടക്കം പൂർത്തിയാക്കുന്ന അമേരിക്കൻ സൈന്യത്തെ കൂടുതൽ ഭീതിയിലാഴ്ത്തി വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തിനു പിന്നിൽ ആരായിരുന്നു? നാട്ടിലേക്ക് സന്തോഷപൂർവം മടങ്ങാനൊരുങ്ങിയ 13 സൈനികരെയാണ് സംഭവത്തിൽ യു.എസിന് നഷ്ടമായത്. നിരവധി അഫ്ഗാനികളുൾപെടെ 170 ലേറെ പേർ കുരുതിക്കിരായി. ലോകമെങ്ങും നോവും അമർഷവും പടരുന്നതിനിടെ ചാവേർ സ്ഫോടനത്തിനു പിന്നിെല ഭീകര സംഘടനയെ കുറിച്ചാണ് ചർച്ചകളത്രയും. ഐ.എസ് ഖുറാസാൻ (ഐ.എസ്.കെ.പി) എന്ന സംഘത്തിലേക്കാണ് യു.എസ് വിരൽ ചൂണ്ടുന്നത്. അവരുടെ കേന്ദ്രത്തിൽ വ്യോമാക്രമണവും നടന്നു.
നേരത്തെ ഇറാഖ്, സിറിയ എന്നിവ ആസ്ഥാനമായി ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാനെന്ന പേരിൽ ലോകത്ത് ഭീതി വിതച്ച ഐസിസിന്‍റെ ഭാഗം തന്നെയാണ് ഐ.എസ്.കെ.പിയും. അഫ്ഗാനിസ്താനും ഇറാനും പാകിസ്താനും തുർക്മെനിസ്താനുമടങ്ങുന്ന ചരിത്രപരമായ ഖുറാസാൻ പ്രവിശ്യയുടെ പേരാണ് ഇവർ ഐ.എസ് എന്ന ആദ്യ ഭാഗത്തിനൊപ്പം ചേർക്കുന്നത്. പാക് താലിബാനിൽനിന്നും ഐസിസിൽനിന്നും വേർപെട്ട് 2015 ജനുവരിയിൽ ഉണ്ടാക്കിയതാണ് സംഘടന. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ അഫ്ഗാനിലെ നാൻഗർഹാർ ആണ് ആസ്ഥാനം. പാകിസ്താൻ തഹ്രീകെ താലിബാൻ അംഗങ്ങളാണ് ഇതിന്‍റെ ഭാഗമായത്. അഫ്ഗാനിസ്താന്റെ വടക്കു കിഴക്കൻ മേഖലകളിൽ ശക്തമായ വേരോട്ടമുണ്ട്. താലിബാന്‍റെ ബദ്ധൈവരികളായ ഇവർ അൽഖാഇദയുടെ ഘടകമാണെന്ന സവിശേഷതയുമുണ്ട്.
പിറവിയെടുത്ത അന്നു മുതൽ മേഖലയിലെ പാശ്ചാത്യ സാന്നിധ്യത്തിനെതിരെയാണ് ഐ.എസ്. ഖുറാസാൻ. അഫ്ഗാനിൽ മാത്രമല്ല, പാകിസ്താനിലും നിരവധി ആക്രമണം നടത്തിയവർ. മസ്ജിദുകൾ, പൊതു ഇടങ്ങൾ, ആശുപത്രികൾ വരെ ബോംബിട്ട് ഭീകരത തന്നെ ലക്ഷ്യമെന്ന് ഇവർ തെളിയിച്ചിട്ടുണ്ട്. 2020ൽ കാബൂളിലെ ആശുപത്രിയിൽ നടന്ന ബോംബിങ്ങിൽ 24 പേരാണ് മരിച്ചത്. ഏറെയും സ്ത്രീകളും കുരുന്നുകളും. നവംബറിൽ കാബൂൾ യൂനിവേഴ്സിറ്റിയിൽ സമാന ബോംബിങ്ങിൽ അധ്യാപകരും വിദ്യാർഥികളുമായി 22 പേർ മരിച്ചു. താലിബാനും യു.എസും തമ്മിലെ ഏത് സഹകരണവും തങ്ങൾ എതിർക്കുമെന്നാണ് പ്രഖ്യാപിത നിലപാട്.
2020 ഏപ്രിലിൽ കിഴക്കൻ അഫ്ഗാനിൽ ഐ.എസ്.കെ.പി താവളത്തിൽ യു.എസ് നടത്തിയ ആക്രമണമാണ് പ്രത്യാക്രമണങ്ങളിൽ ഏറ്റവും വലുത്. 20,000 പൗണ്ട് ഭാരമുള്ള ബോംബാണ് അന്ന് യു.എസ് അവിടെ വർഷിച്ചത്. അടുത്തിടെ ബഗ്രാം താവളം ഏറ്റെടുത്ത താലിബാൻ ഇവിടുത്തെ തടവറയിലുണ്ടായിരുന്ന നൂറുകണക്കിന് ഐ.എസ് ഖുറാസാൻ ഭീകരരെ വിട്ടയച്ചിരുന്നു.
താലിബാൻ വരുന്നതിനെയും ഭീഷണിയായി കാണുന്ന ഇവർ ആക്രമണം ഇനിയും തുടരുമെന്നു തന്നെയാണ് സൂചന. അമേരിക്കക്കും അവരുടെ കൂട്ടാളികൾക്കും കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് അവർ ആവർത്തിക്കുന്നു.
എന്നാൽ, ലോകത്തെ ഏറ്റവും ഭീകരരായ സംഘടനകളിെലാന്നായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍റ് പീസിൻെ ആഗോള ഭീകര സൂചികയിൽ 2019ൽ ഇടംപിടിച്ച സംഘടന ഇനിയുള്ള നാളുകളിൽ എത്രത്തോളം വാഴുമെന്നാണ് അഫ്ഗാനിസ്താൻ ഉറ്റുനോക്കുന്നത്. പഴയ അൽഖാഇദയുടെ പിന്തുണയില്ലാത്ത, താലിബാൻ ശത്രുക്കളായ സംഘടനക്ക് കൂടുതൽ വേരു പടർത്താൻ സാധ്യത കുറവാണെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.