ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ, 37,000 അടി ഉയരത്തിൽ ആടിയുലയുന്ന വിമാനത്തിൽനിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കഴിഞ്ഞദിവസം അടിയന്തരമായി ബാങ്കോക് വിമാനത്താവളത്തിലിറക്കിയ സിംഗപ്പൂർ എയർലൈൻസിലെ 221 യാത്രക്കാർ. ലണ്ടനിൽനിന്ന് സിംഗപ്പൂരിലേക്കു പോയ വിമാനം പ്രക്ഷുബ്ധമായ കാലാവസ്ഥയെ തുടർന്ന് ആകാശച്ചുഴിയിൽപ്പെട്ടതാണ് കാരണം. അപകടത്തിൽ ഒരാൾ മരിച്ചതു കൂടാതെ 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇങ്ങനെയുള്ള സംഭവങ്ങൾ അപ്രതീക്ഷിതമാണെങ്കിലും, വിമാനയാത്രയിൽ സുരക്ഷയുടെ കാര്യത്തിൽ മുൻകരുതലുകൾ നല്ലതാണ്.
അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ആകാശച്ചുഴി (ടർബുലൻസ്). കാറ്റിന്റെ സമ്മർദത്തിലും ചലനവേഗത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം വിമാനത്തെ തള്ളുകയും വലിക്കുകയും ചെയ്യും. വിമാനം ആകാശച്ചുഴിയിൽപ്പെടുന്നതോടെ ആടിയുലഞ്ഞ് കാബിനിലും മറ്റും തട്ടി യാത്രക്കാർക്ക് പരിക്കേൽക്കുന്ന അവസ്ഥയുണ്ടാകാം. സുരക്ഷാ മുൻകരുതലെന്ന നിലയിൽ അറിയിപ്പ് ലഭിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
കാലാവസ്ഥാ റഡാർ ഡിസ്പ്ലേ ഉപയോഗിക്കുന്നതുൾപ്പെടെ ആകാശച്ചുഴി ഒഴിവാക്കാൻ പൈലറ്റുമാർ വിവിധ രീതികൾ ഉപയോഗിക്കുന്നു. പല പൈലറ്റുമാരും അവരുടെ റൂട്ടിലെ മുകളിലെ നിലയിലുള്ള കാറ്റിന്റെ ശക്തിയുടെ അടയാളങ്ങൾ ശ്രദ്ധിച്ച് അതിനു മുകളിലോ താഴെയോ ആയി പറക്കാൻ ശ്രമിക്കും.
വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഉണ്ടാകുന്ന അപകടങ്ങളിൽ യാത്രക്കാർക്ക് പരിക്കേൽക്കുന്നത് സാധാരണമാണ്. 2009നും 2022നുമിടയിൽ ഇത്തരം സംഭവങ്ങളിൽ 163 പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസത്തെ അപകടത്തിൽ ഏഴ് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അതേസമയം, പരിക്കേൽക്കുന്നവരിൽ ഭൂരിഭാഗവും ഫ്ലൈറ്റ് അറ്റൻഡന്റുമാരാണ്. എന്നാൽ, മരണം സംഭവിക്കുന്നത് അപൂർവമാണെന്ന് നാഷനൽ സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റിസർച്ചിലെ ശാസ്ത്രജ്ഞൻ ലാറി കോൺമാൻ പറയുന്നു.
ഏത് ആകാശച്ചുഴിയും തരണംചെയ്യാൻ ആധുനിക വിമാനങ്ങൾ ശക്തമാണ്. ഇതുവരെയുള്ള സംഭവങ്ങളിൽ കാബിൻ ഏരിയകൾക്ക് കേടുപാടുകൾ ഉണ്ടായെങ്കിലും വിമാനങ്ങൾക്ക് ഘടനാപരമായ തകരാർ ഉണ്ടായിട്ടില്ല. വിമാനങ്ങളിലെ മെച്ചപ്പെട്ട സുരക്ഷാ നടപടിക്രമങ്ങൾ ഗുരുതരമായ പരിക്കുകൾ തടയാൻ സഹായിച്ചിട്ടുണ്ട്. കാലാവസ്ഥാ പ്രവചനങ്ങൾ അവലോകനം ചെയ്യുക, വിമാനങ്ങൾ പരുക്കൻ വായുവിൽ എത്തുമ്പോൾ കാബിൻ സേവനം താൽക്കാലികമായി നിർത്തുക എന്നിവ ഇതിൽപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.