ആരെ തുരത്താനെത്തിയോ അവരെത്തന്നെ ഭരണം ഏൽപിച്ചാണ് അമേരിക്ക അഫ്ഗാനിസ്താനിൽനിന്ന് മടങ്ങുന്നത്. പ്രാദേശിക സമയം തിങ്കളാഴ്ച അർധരാത്രി 11.59ന് അമേരിക്കയുടെ സി-17 വിമാനം തങ്ങളുടെ അവസാന സൈനികനെയും വഹിച്ച് അഫ്ഗാെൻറ മണ്ണിൽനിന്നും പറന്നുയർന്നു. നീണ്ട 20 കൊല്ലത്തെ രക്തച്ചൊരിച്ചിലിനൊടുവിൽ ഏറ്റവും അവസാനം മടങ്ങിയ യു.എസ് സൈനികൻ കാബൂളിലെ ഹാമിദ് കർസായി വിമാനത്താവളത്തിൽ ഏറ്റവും ആദ്യം കടന്ന താലിബാൻ സൈനികന് കൈ കൊടുത്താണ് മടങ്ങിയത്. താലിബാൻ നല്ല കുട്ടിയായി അഫ്ഗാനിൽ കാര്യങ്ങൾ നോക്കി നടത്തണമെന്നാണ് യു.എസ് സ്റ്റേറ്റ്സ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഒടുവിൽ നൽകിയ ഉപദേശം. ലക്ഷ്യം കാണാതെപോയ അമേരിക്കയുടെ അഫ്ഗാൻ അധിനിവേശത്തിെൻറ നാൾവഴികളിലൂടെ...
ആ ദൃശ്യങ്ങൾ എല്ലാം പറയും
കാബൂൾ: ആ ചിത്രവും വിഡിയോയും എല്ലാം പറയുന്നുണ്ട്. 20 വർഷം നീണ്ട അഫ്ഗാൻ അധിനിവേശത്തിനു ശേഷം ആരെ പുറത്താക്കാനാണോ തങ്ങൾ എത്തിയത് അവർക്ക് തന്നെ അഫ്ഗാെൻറ അധികാരം കൈമാറി അമേരിക്ക രാജ്യം വിട്ടത് രേഖപ്പെടുത്തിയ രണ്ട് ചരിത്രനിമിഷങ്ങൾ. ആഗസ്റ്റ് 31ആയിരുന്നു യു.എസ് സൈന്യം അഫ്ഗാൻ വിടുന്നതിനുള്ള അവസാനസമയം. അതുകഴിഞ്ഞാൽ സമയം നീട്ടിനൽകില്ലെന്ന് താലിബാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതനുസരിച്ച് ചൊവ്വാഴ്ച അവസാന യു.എസ് സൈനികനും അഫ്ഗാൻ വിടുന്നതിെൻറ ചിത്രമാണ് ഒന്ന്. മേജർ ജനറൽ ക്രിസ് ഡോൺഹ്യു ആണ് അവസാനമായി അഫ്ഗാെൻറ മണ്ണിൽ നിന്ന് വിടപറഞ്ഞതെന്ന് യു.എസ് സെൻട്രൽ കമാൻഡ് സാക്ഷ്യപ്പെടുത്തുന്നു.
82 എയർ ബോൺ വിഭാഗത്തിെൻറ കമാൻഡിങ് ജനറലാണ് അദ്ദേഹം. വിമാനത്താവളത്തിെൻറ നിയന്ത്രണം അതുവരെ യു.എസ് സൈന്യത്തിനായിരുന്നു. അഫ്ഗാനിൽ താലിബാെൻറ നിയന്ത്രണത്തിലല്ലാത്ത ഏക ഇടവും വിമാനത്താവളമായിരുന്നു. അവിടേക്ക് താലിബാൻ സൈനികർ പ്രവേശിക്കുന്നയുടൻ തന്നെ അവസാന യു.എസ് സൈനികൻ ആയ ക്രിസ് ഡോൺഹ്യു കൈയിലൊരു തോക്കുംപിടിച്ച് C-17 യുദ്ധവിമാനത്തിലേക്ക് കയറുകയായിരുന്നു. അതായിരുന്നു കാബൂളിൽ നിന്ന് പുറത്തേക്കുള്ള അവസാന വിമാനവും.
ഡോൺഹ്യുവിെൻറ രാത്രികാലചിത്രമാകട്ടെ പച്ചനിറത്താൽ മങ്ങിയ നിലയിലായിരുന്നു. തൊട്ടുടൻ താലിബാൻ സൈനികർ തോക്കുമേന്തി വിമാനത്താവളത്തിെൻറ നിയന്ത്രണമേറ്റെടുക്കുകയായിരുന്നു. തിങ്കളാഴ്ച പ്രാദേശികസമയം രാത്രിയോടെയാണിത്. 'ലോസ് ആഞ്ജലസ് ടൈംസ്' അവരുടെ മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് നബിഹ് ബുലോസ് എടുത്ത 30 സെക്കൻഡ് വിഡിയോയും ട്വിറ്ററിൽ പുറത്തുവിട്ടു. അദ്ദേഹം താലിബാൻ സേനാംഗങ്ങളോടൊപ്പം വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങളായിരുന്നു അതിൽ. മറ്റൊരു വിഡിയോയിൽ താലിബാൻകാർ ആഹ്ലാദത്തോടെ ആകാശത്തേക്ക് വെടിവെക്കുകയാണ്.
അഫ്ഗാനിൽ അമേരിക്ക അണിനിരത്തിയ പടേക്കാപ്പുകൾ
യുദ്ധ വിമാനങ്ങൾ
എഫ് -14 ടോംകാറ്റ് - മണിക്കൂറിൽ 1584 മൈൽ വേഗം. ബോംബുകൾക്കൊപ്പം മിസൈലുകളും വഹിച്ചു. യു.എസ്.എസ് കാൾ വിൻസൺ എന്നീ യുദ്ധക്കപ്പലുകളിൽനിന്നും പറന്നുയർന്ന് ആക്രമണം നടത്തി.
ബി-52എച്ച് സ്ട്രാറ്റോഫോർട്രസ് -15000 കിലോമീറ്റർ പറന്ന് ബോംബ് മഴ വർഷിക്കും. ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യ ദ്വീപിൽനിന്ന് പറന്നുയർന്ന് അഫ്ഗാനെ ആക്രമിച്ചു.
എഫ് -18 ഹോർനെറ്റ് -മണിക്കൂറിൽ 1261 മൈൽ വേഗത്തിൽ പറന്ന് ബോംബ് വർഷിക്കും. അറബിക്കടലിൽ നിലയുറപ്പിച്ചിരുന്ന യു.എസ്.എസ് എൻർപ്രൈസ്, യു.എസ്.എസ് കാൾ വിൻസൺ എന്നീ യുദ്ധക്കപ്പലുകളിൽനിന്നും പറന്നുയർന്ന് ആക്രമണം നടത്തി.
യുദ്ധക്കപ്പലുകൾ
യു.എസ്.എസ് മിസ്സോറി-മെഡിറ്ററേനിയൻ തീരത്ത് സർവസജ്ജമായി നിലയുറപ്പിച്ചു.
യു.എസ്.എസ് എൻർപ്രൈസ്- അറബിക്കടലിൽനിന്നും അഫ്ഗാനെ ആക്രമിച്ചു (ടോമഹോക് മിസൈലുകൾ, എഫ്-14, എഫ്-18 ഫൈറ്റർ ജെറ്റുകൾ, 6000 നാവികർ)
യു.എസ്.എസ് കാൾ വിൻസൺ- അറബിക്കടലിൽനിന്നും അഫ്ഗാനെ ആക്രമിച്ചു (6000 നാവിക സൈനികർ, എഫ്-14, എഫ്-18 ഫൈറ്റർ ജെറ്റുകൾ, കടൽ കടന്ന് ആക്രമിക്കുന്ന ഹെലികോപ്ടറുകൾ )
യു.എസ്.എസ് കിറ്റിഹോക്- പാക് തീരത്ത് യുദ്ധസമയങ്ങളിൽ സർവസജ്ജമായി നിലയുറപ്പിച്ചു
ടോമഹോക് ക്രൂസ് മിസൈൽ
◉ ഭാരം -1192.5 കി.ഗ്രാം
◉ ദൂര പരിധി -1700 മൈൽ
◉ വേഗം -550 മൈൽ മണിക്കൂറിൽ
◉ വില -1.2 ദശലക്ഷം ഡോളർ
യുദ്ധത്തിൽ കൊല്ലപ്പെട്ടവർ
യു.എസ് സൈനികർ -2448
നാറ്റോ സൈനികർ -1144
അമേരിക്കൻ
കരാറുകാർ -3846
അഫ്ഗാൻ സൈനികർ, പൊലീസ് -66000
സിവിലയൻമാർ -47245 താലിബാൻ സഖ്യം -51191 സന്നദ്ധപ്രവർത്തകർ -444 മാധ്യമപ്രവർത്തകർ -72
പരിക്കേറ്റ യു.എസ്
സൈനികർ -20,000
യുദ്ധത്തിൽ ദരിദ്രരായവർ
-1.40 കോടി
ഭവനരഹിതരായവർ -570,482 (80ശതമാനം സ്ത്രീകളും കുട്ടികളും)
ഏറ്റവും അവസാനം കാബൂൾ വിമാനത്താവളത്തിൽ ഐ.എസ് നടത്തിയ ചാവേർ സ്ഫോടനത്തിൽ 13 യു.എസ് സൈനികർ കൊല്ലപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.