വാഷിങ്ടൺ: ഇന്ത്യയോട് പ്രകടമായ വെറുപ്പായിരുന്നു അന്തരിച്ച യു.എസ് മുൻ വിദേശകാര്യ സെക്രട്ടറി ഹെന്റി കിസിഞ്ജർക്ക്. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും ഇന്ത്യൻ ജനതയെയും തരംതാഴ്ന്ന ഭാഷയിലാണ് കിസിഞ്ജർ വിമർശിച്ചത്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിന് തൊട്ടുമുമ്പ് യു.എസ് മുൻ പ്രസിഡന്റ് റിച്ചാർഡ് നിക്സണും സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസിഞ്ജറും തമ്മിലുള്ള
സംഭാഷണത്തിലായിരുന്നു അത്. സംഭാഷണങ്ങൾ അടങ്ങിയ ടേപ്പുകൾ യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് രഹസ്യപ്പട്ടികയിൽ നിന്ന് നീക്കിയതിനെ തുടർന്നാണ് അത് യു.എസ് മാധ്യമങ്ങൾ പുറത്തുവിട്ടത്. 1971 ജൂണ്‍ 17ന് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസില്‍ നടന്ന യോഗത്തിലായിരുന്നു കിസിഞ്ജറുടെ അഭിപ്രായപ്രകടനം. ഇന്ദിരാഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് തൊട്ടുപിന്നാലെയായിരുന്നു ഇരുവരുടെയും അഭിപ്രായ പ്രകടനം. സംഭാഷണത്തിനിടെ ഇന്ദിര ഗാന്ധിയെ മന്ത്രവാദിനി എന്നാണ് കിസിഞ്ജർ വിശേഷിപ്പിച്ചത്. ഇന്ത്യക്കാർ തെണ്ടികളാണ് എന്ന് അധിക്ഷേപിക്കുകയും ചെയ്തു. ഇന്ത്യൻ സ്ത്രീകളെയും തരംതാഴ്ന്ന രീതിയിൽ അപമാനിക്കുന്നുണ്ട് സംഭാഷണത്തിനിടെ കിസിഞ്ജർ.
യോഗത്തിൽ ഇന്ത്യൻ സ്ത്രീകളെ സൗന്ദര്യമില്ലാത്തവരെന്ന് റിച്ചാർഡ് നിക്സൻ അപമാനിക്കുമ്പോൾ മുഖസ്തുതിക്കാരായ അവർ, അധികാരത്തിലുള്ളവരുടെ കാലനക്കാൻ മിടുക്കരാണ് എന്നായിരുന്നു കിസിഞ്ജറുടെ മറുപടി. മുഖസ്തുതി കൊണ്ടാണ് 600 വർഷക്കാലം ഇന്ത്യയിലെ സ്ത്രീകൾ ജീവിച്ചതെന്നും കിസിഞ്ജർ ആക്ഷേപിച്ചിരുന്നു. ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. പരാമർശങ്ങൾ വിവാദമായതോടെ മാപ്പുപറഞ്ഞ കിസിഞ്ജർ ഇന്ദിര ഗാന്ധിയെ താൻ ബഹുമാനിക്കുന്നുവെന്നും വ്യക്തമാക്കുകയുണ്ടായി.
നൂറാം വയസിൽ കിസിഞ്ജർ വിടവാങ്ങിയതോടെയാണ് ഈ വാർത്തകൾ വീണ്ടും സജീവമാകുന്നത്. നയതന്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, രാഷ്ട്രീയ തത്വചിന്തകൻ എന്നീ നിലകളിലും അറിയപ്പെട്ട കിസിഞ്ജറുടെ വിയോഗം കണക്ടിക്കുട്ടിലെ സ്വന്തം വസതിയിൽ വെച്ചായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.