ഇന്ത്യൻ വിദ്യാർഥികൾക്കെതിരായ ആക്രമണങ്ങൾ തടയാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ബൈഡൻ

വാഷിങ്ടൺ: ഇന്ത്യൻ വിദ്യാർഥികൾക്കും ഇന്തോ-അമേരിക്കൻ വിദ്യാർഥികൾക്കുമെതിരായ ആക്രമണങ്ങൾ തടയാൻ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും അമേരിക്കൻ ഭരണകൂടവും കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ്.

വംശീയമോ മതപരമായോ മറ്റേതെങ്കിലും ഘടകങ്ങളോ അടിസ്ഥാനമാക്കിയ അക്രമത്തിന് ന്യായീകരണമില്ല, അമേരിക്കയിൽ അത് അസ്വീകാര്യമാണ്. അത്തരത്തിലുള്ള ആക്രമണങ്ങളെ തടയാൻ സംസ്ഥാന, പ്രാദേശിക അധികാരികളുമായി ചേർന്ന് കഠിനമായി പരിശ്രമിക്കുകയാണ് പ്രസിഡന്‍റും ഈ ഭരണകൂടവും -വൈറ്റ് ഹൈസ് പ്രസ്താവനയിൽ അറിയിച്ചു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ഇന്ത്യക്കാരും ഇന്ത്യൻ വംശജരുമായ വിദ്യാർത്ഥികൾക്ക് നേരെ നിരവധി ആക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിലാണ് പ്രസ്താവന. ഏതാനും ആഴ്ചകൾക്കിടെ നാല് ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികളാണ് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ജനുവരിയിൽ ജോർജിയയിൽ ഡിപാർട്മെന്‍റ് സ്റ്റോറിൽ പാർട് ടൈം ജോലി ചെയ്യുകയായിരുന്ന വിവേക് സൈനി എന്ന വിദ്യാർഥി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യാന വെസ്ലെയൻ യൂനിവേഴ്സിറ്റിയിലെ സയ്യിദ് മസാഹിർ അലി എന്ന വിദ്യാർഥി ക്രൂരമായി ആക്രമിക്കപ്പെട്ടത് ഈ മാസമാണ്.

യു.എസിൽ വിദ്യാഭ്യാസം തേടുന്നവർക്ക് മെച്ചപ്പെട്ട സുരക്ഷാ നടപടികൾ ഏർപ്പെടുത്തേണ്ടതിന്‍റെ അടിയന്തിര ആവശ്യകതയാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി നേതാവ് അജയ് ജെയിൻ ഭൂട്ടോറിയ പറഞ്ഞു. വിവിധ കോളേജ് അധികൃതരും ലോക്കൽ പൊലീസും പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - white house says Joe Biden Working Very Hard To Stop Attacks Against Indian Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.