ഹമാസിലെ രണ്ടാമൻ, തുരങ്കങ്ങളുടെ സൂത്രധാരൻ, പൊതുയിടങ്ങളിൽ അപൂർവമായി പ്രത്യക്ഷപ്പെടുന്ന നേതാവ്; യഹ്‍യ സിൻവാറിനെ അറിയാം...

 ഇസ്മാഈൽ ഹനിയ്യ തെഹ്റാനിൽ വെച്ച് ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ യഹ്‍യ സിൻവാറിനെ ഹമാസിന്റെ പുതിയ നേതാവായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇ​സ്രയേലിനെ വിറപ്പിച്ച ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരൻ എന്നതുൾപ്പെടെ നിരവധി വി​ശേഷണങ്ങളുണ്ട് സിൻവാറിന്. ഹമാസിൽ ഹനിയ്യ കഴിഞ്ഞാൽ രണ്ടാമനാണ് സിൻവാർ. 

2017 മുതൽ ഹമാസിന്റെ നേതാവാണ് സിൻവാർ. എന്നാൽ അപൂർവമായി മാത്രമേ അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളൂ. ​ഹമാസിന്റെ സൈനിക ശക്തി വർധിപ്പിക്കുന്നതിനാണ് സിൻവാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1962ലാണ് യഹ്‍യ സിൻവാർ ജനിച്ചത്. ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്ന ഖാൻ യൂനിസിലെ അഭയാർഥി ക്യാമ്പിലായിരുന്നു അദ്ദേഹം പിറന്നുവീണത്. 1948ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ അൽ-മജ്ദൽ അസ്ഖലാനിൽ (അഷ്കെലോൺ) നിന്ന് പലായനം ചെയ്‌ത്‌ ഗസ്സയിൽ അഭയം തേടിയതായിരുന്നു സിൻവാറിന്റെ കുടുംബം. ക്യാമ്പുകളിലെ ജനങ്ങൾക്കെതിരെ അധിനിവേശ ഭരണകൂടം നടത്തുന്ന അതിക്രമങ്ങൾ നേരിട്ട് കണ്ടും അനുഭവിച്ചും സിൻവാർ വളർന്നു. ഖാൻ യൂനിസ് സെക്കൻഡറി സ്‌കൂൾ ഫോർ ബോയ്‌സിൽ നിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ യഹ്‌യ സിൻവാർ ഗസയിലെ ഇസ്‍ലാമിക് യൂനിവേഴ്‌സിറ്റിയിൽ നിന്ന് അറബിക് പഠനത്തിൽ ബിരുദം നേടി. പഠനകാലത്ത് ഫലസ്തീനിലെ മുസ്‍ലിം ബ്രദർഹുഡിന്റെ വിദ്യാർഥി പ്രസ്ഥാനത്തിൽ സജീവമായിരുന്നു.

ഗസ്സയിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിൽ അധിനിവേശ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് 1980കളിൽ ഇസ്രായേൽ സിൻവാറിനെ നിരന്തരം അറസ്റ്റ് ചെയ്തു. 1982ലായിരുന്നു ആദ്യ അറസ്റ്റ്. മാസങ്ങളോളം ഫറ ജയിലിൽ കഴിഞ്ഞു. അവിടെ വെച്ച് പ്രമുഖ ഫലസ്തീനി ​നേതാക്കളെ കണ്ടുമുട്ടി. 1985ൽ വീണ്ടും അറസ്റ്റ് ചെയ്തു. ജയിൽ മോചിതനായ ശേഷം റാവ്ഹി മുഷ്താഹയുമായി ചേർന്ന് മുനസ്സമത്ത് അൽ ജിഹാദ് വൽ-ദവ എന്ന സംഘടന സ്ഥാപിച്ചു. 1987ൽ ഹമാസ് രൂപീകരിച്ചപ്പോൾ സിൻവാർ അതിന്റെ ഭാഗമായി. 1988ൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് ഇസ്രയേല്‍ സൈനികരുടേയും നാല് ഫലസ്തീന്‍ പൗരന്മാരുടേയും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഈ സംഭവത്തിൽ നാല് ജീവപര്യന്തം തടവുകൾക്ക് ശിക്ഷിക്കപ്പെട്ടു. പല തവണ ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു.

2008ൽ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ തലച്ചോറിലെ ട്യൂമർനീക്കം ചെയ്യാൻ ശസ്ത്രക്രിയക്ക് വിധേയനായി. 23 വർഷം ഇസ്രായേൽ ജയിലിൽ കിടന്ന അദ്ദേഹം ഹീബ്രു പഠിക്കുകയും ഇസ്രായേൽ കാര്യങ്ങളിലും ആഭ്യന്തര രാഷ്ട്രീയത്തിലും അവഗാഹം നേടുകയും ചെയ്തു. 2011ൽ ഹമാസ് പിടികൂടിയ ഇസ്രായേൽ സൈനികൻ ഗിലാദ് ഷാലിത്തിനെ മോചിപ്പിച്ച തടവുകാരുടെ കൈമാറ്റ ഇടപാടിന്റെ ഭാഗമായി അദ്ദേഹം മോചിതനായി.മോചിതനായ ശേഷം സിൻവാർ ഹമാസിന്റെ മുൻനിര നേതാവായി വളർന്നു. 2012ൽ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2015ൽ അമേരിക്ക സിൻവാറിനെ ആഗോള ഭീകരനായി മുദ്രകുത്തി. 2017ൽ, ഗ്രൂപ്പിന്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഹനിയ്യയുടെ പിൻഗാമിയായി സിൻവാർ ഗസ്സയിലെ ഹമാസിന്റെ തലവനായി. അന്ന് മുതൽ ഇസ്രായേലുമായുള്ള പോരാട്ടത്തിൽ ഒരു ഒത്തുതീർപ്പിനും സിൻവാർ വഴങ്ങിയില്ല. ഹമാസിന്റെ തുരങ്കപാതയുടെ ആസൂത്രണവും ഇദ്ദേഹം തന്നെ. അണികൾ ഒന്നൊന്നായി കൊല്ലപ്പെടുമ്പോൾ നല്ല പെരുമാറ്റമുള്ള ഇരകളായിരിക്കും ഹമാസ് എന്നാണോ ലോകം പ്രതീക്ഷിക്കുന്നത് എന്നായിരുന്നു ഒരിക്കൽ ഹമാസിന്റെ പ്രത്യാക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് സിൻവാറിന്റെ മറുപടി. 2021 മെയ് 15 ന് യഹ്‌യ സിൻവാറിന്റെ വീടിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. തെക്കൻ ഗസയിലെ ഖാൻ യൂനിസ് മേഖലയിൽ ഇസ്രയേലികളും ഫലസ്തീനിയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഈ ആക്രമണം. വധഭീഷണി നേരിട്ടുകൊണ്ടിരിക്കവേ നാലുതവണയാണ് യഹ്‌യ സിൻവാർ പരസ്യമായി പ്രത്യക്ഷപ്പെട്ടത്.

അൽ-ഖസ്സാം ബ്രിഗേഡിന്റെ സൈനിക ഉപകരണങ്ങളും യഹ്‌യ സിൻവാറിന്റെ മേൽനോട്ടത്തിലാണ്. അടിച്ചമർത്തലും അപമാനവും നേരിട്ട് മരിക്കുന്നതിനേക്കാൾ രക്തസാക്ഷികളായി മരിക്കാനാണ് ഞങ്ങൾക്ക് താൽപര്യം; ഞങ്ങൾ മരണം വരിക്കാൻ തയാറാണ്, പതിനായിരങ്ങളും ഞങ്ങൾക്കൊപ്പം മരിക്കും. എന്ന് മറ്റൊരിക്കൽ സിൻവാർ പറയുകയുണ്ടായി. ഹമാസ് നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെ, യഹ്‍യ സിൻവാർ കൊലയാളിയാണെന്നായിരുന്നു ഇസ്രായേലിന്റെ ആദ്യ പ്രതികരണം. സിൻവാറിനെയും ഹമാസിനെയും ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റുമെന്നും ഇസ്രായേൽ പ്രതികരിക്കുകയുണ്ടായി.

Tags:    
News Summary - Who is Yahya Sinwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.