വാഷിങ്ടൺ ഡി.സി: അഫ്ഗാനിൽ നിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കാനുള്ള തീരുമാനം ഏറ്റവും മികച്ചതും ബുദ്ധിപരവുമായ തീരുമാനമായിരുന്നെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ ദേശീയതാൽപര്യം മുൻനിർത്തിയുള്ള തീരുമാനമായിരുന്നു ഇതെന്നും ബൈഡൻ പറഞ്ഞു.
അഫ്ഗാനിൽ യു.എസിന് ഇനി വ്യക്തമായ ഒരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. അമേരിക്കയ്ക്കു വേണ്ടിയുള്ള ഏറ്റവും മികച്ച തീരുമാനമാണ് സൈന്യത്തെ പിൻവലിക്കൽ -ബൈഡൻ വ്യക്തമാക്കി.
അമേരിക്കൻ അധിനിവേശ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധത്തിന് വിരാമമിട്ടാണ് അവസാന സൈനികനും അഫ്ഗാനിൽ നിന്ന് പിന്മാറിയത്. െചാവ്വാഴ്ച പുലർെച്ച രണ്ടിനായിരുന്നു അമേരിക്കൻ സേന പിന്മാറ്റം പൂർത്തിയായത്. ശേഷിച്ച സൈനികരേയും വഹിച്ച് അവസാന അമേരിക്കൻ സേന വിമാനം കാബൂൾ വിമാനത്താവളത്തിൽ നിന്ന് യാത്രയായതോടെ പടക്കം പൊട്ടിച്ചും ആകാശത്തേക്ക് വെടിയുതിർത്തും താലിബാൻ സേന ആഹ്ലാദം പ്രകടിപ്പിച്ചു. കാബൂൾ വിമാനത്താവളത്തിെൻറ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. സേന പിൻമാറ്റം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനം തെരുവിലിറങ്ങി ആഘോഷിച്ചു.
താലിബാൻ ഭരണത്തിൽ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ എന്നാണ് അഫ്ഗാനിസ്താൻ അറിയപ്പെടുക. ആഗസ്റ്റ് 31നുള്ളിൽ സേനപിന്മാറ്റം പൂർത്തിയാക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു.
യു.എസ്, സഖ്യകക്ഷി സേന 1,23,000 പേരെയാണ് രാജ്യത്ത് നിന്ന് ഒഴിപ്പിച്ചത്. താലിബാൻ കാബൂൾ പിടിച്ച ആഗസ്റ്റ് 14നാണ് രക്ഷാദൗത്യം തുടങ്ങിയത്. അഫ്ഗാനിസ്താനുമായുള്ള അമേരിക്കയുടെ പുതിയ അധ്യായം തുടങ്ങിയതായി യു.എസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ അറിയിച്ചു. യു.എസിെൻറ പരാജയം എല്ലാവർക്കും പാഠമാണെന്നും ലോക രാജ്യങ്ങളുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും താലിബാൻ വ്യക്തമാക്കി. അതേസമയം, നൂറിൽ താഴെ ബ്രിട്ടീഷ് പൗരന്മാർ അഫ്ഗാനിലുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.
2001 സെപ്റ്റംബർ 11ന് അൽഖാഇദ ഭീകരർ അമേരിക്കയിൽ നടത്തിയ ആക്രമണത്തിന് പിറകെ അതേ വർഷം ഒക്ടോബർ ഏഴിനാണ് യു.എസ്,നാറ്റോ സഖ്യസേന അഫ്ഗാനിലിറങ്ങുന്നത്. അൽഖാഇദയെ തകർക്കുകയും അഫ്ഗാനിൽ ജനാധിപത്യ സർക്കാർ സ്ഥാപിക്കുകയുമായിരുന്നു യു.എസ് നേതൃത്വം നൽകുന്ന സഖ്യസേനയുടെ ലക്ഷ്യം. 1996 മുതൽ അഫ്ഗാൻ ഭരിക്കുന്ന താലിബാനെ അട്ടിമറിച്ച അമേരിക്ക, അൽ ഖാഇദ തലവൻ ഉസാമ ബിൻലാദിനെ പിടികൂടി വധിക്കുകയും ചെയ്തു. എന്നാൽ, ലക്ഷ്യം പാതി നേടിയ അമേരിക്കയും നാറ്റോ സേനയും അഫ്ഗാനിൽ തുടരുകയായിരുന്നു.
ഏറ്റുമുട്ടൽ തുടർന്ന താലിബാനുമായി ഒടുവിൽ സമാധാന ഉടമ്പടിയുണ്ടാക്കിയാണ് അമേരിക്കയും നാറ്റോ സഖ്യസേനയും അഫ്ഗാൻ വിട്ടത്. നാറ്റോ സഖ്യത്തിൽപെട്ട മറ്റു രാജ്യങ്ങൾ സൈനികരെ കഴിഞ്ഞ ദിവസം തന്നെ പൂർണമായി ഒഴിപ്പിച്ചു. കാബൂളിലെ യു.എസ് എംബസിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. എംബസി പ്രവർത്തനം ദോഹയിലേക്ക് മാറ്റിയതായി വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.