'ഇതൊരു ദുഃസ്വപ്​നമായിരുന്നെങ്കിൽ...'-അവസാന വീഡിയോയിൽ അഫ്​ഗാൻ യൂട്യുബർ നജ്​മ പറഞ്ഞത്​...

കാബൂൾ: 'ഇതൊരു ദുഃസ്വപ്​നമായിരുന്നെങ്കിൽ എന്ന്​ ആഗ്രഹിച്ചുപോകുകയാണ്​. ഇതിൽ നിന്നുണരാൻ ഒരു ദിവസം നമുക്ക്​ കഴിയ​ട്ടെ എന്ന്​ ആഗ്രഹിച്ചുപോകുന്നു. ജോലി ചെയ്യുന്നതിനോ വീടിന്​ വെളിയിൽ ഇറങ്ങുന്നതിനൊ അനുവാദമില്ലാത്ത നമ്മ​െളല്ലാവരും അവസാന വീഡിയോ റെക്കോർഡ്​ ചെയ്​ത്​ വെ​ക്കേണ്ടതുണ്ട്​' -അഫ്​ഗാൻ യൂട്യൂബറായ നജ്​മ സാദിഖിയുടെ അവസാന വീഡിയോയിലെ വാക്കുകളാണിത്​. കഴിഞ്ഞ വ്യാഴാഴ്​ച കാബൂൾ ഹമീദ്​ കർസായി വിമാനത്താവളത്തിന്​ സമീപം ഐ.എസ്​-കെ നടത്തിയ സ്​ഫോടനത്തിലാണ്​ 20കാരിയായ നജ്​മ കൊല്ലപ്പെട്ടത്​.

താലിബാൻ ഭരണം പിടിച്ചെടുത്തപ്പോൾ അഫ്​ഗാനിലെ സാധാരണക്കാരുടെ, പ്രത്യേകിച്ച്​ സ്​ത്രീകളുടെ, മനസ്സിൽ ഉയർന്നുവന്ന ആശങ്കയും അനിശ്​ചിതത്വവും എല്ലാം വിളിച്ചുപറയുന്നതായിരുന്നു നജ്​മയുടെ അവസാന വീഡിയോ. മുമ്പ്​ അവളുടെ വീഡിയോകളിൽ നിറഞ്ഞുനിന്നത്​ അക്ഷരാർഥത്തിൽ കാബൂളിലെ സ്​ത്രീകളുടെ ആഘോഷമായിരുന്നു. വർണ വസ്​ത്രങ്ങൾ ധരിച്ച്​ നജ്​മയും കൂട്ടുകാരികളും നടത്തുന്ന ചെറുയാത്രകൾ, ഭക്ഷണം പാകം ചെയ്യൽ, പാട്ടുപാടൽ... അങ്ങിനെയങ്ങിനെ; സന്തോഷം പകരുന്ന പശ്​ചാത്തല സംഗീത​ത്തോടെ...

അവസാന വീഡിയോയിൽ പക്ഷേ, അതൊന്നുമില്ല. ഇരുളടഞ്ഞ ഭാവിയെ കുറിച്ചുള്ള ആശങ്ക മാത്രം. 'എനിക്ക്​ കാബൂളിന്‍റെ തെരുവുകളിലൂടെ നടക്കാൻ ഭയമാകുന്നു. എല്ലാ പ്രേക്ഷകരും എനിക്കുവേണ്ടി പ്രാർഥിക്കണം. കാബൂളിലെ ജീവിതം ഏറെ ശ്രമകരമായി തീർന്നുകൊണ്ടിരിക്കുകയാണ്​. പ്രത്യേകിച്ച്​ സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക്​...' എന്നായിരുന്നു നജ്​മയുടെ അവസാന വാക്കുകൾ.

കാബൂളിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസാന വർഷ ജേർണലിസം സ്റ്റുഡന്‍റ്​ ആയിരുന്നു നജ്​മ. അടുത്തിടെയാണ്​ അവർ 'അഫ്​ഗാൻ ഇൻസൈഡർ' എന്ന യൂട്യൂബ്​ ചാനലിന്‍റെ ഭാഗമായത്​. 2.40 കോടിയിലേറെ കാഴ്ചക്കാർ നജ്​മയുടെ വീഡിയോകൾക്ക്​ ഉണ്ടായിരുന്നു. സർഗശേഷിയുള്ള യുവതലമുറക്ക്​ ​േ​പ്രാത്സാഹനം നൽകുന്ന 'അഫ്​ഗാൻ ഇൻസൈഡർ' താലിബാന്​ ശേഷമുള്ള അഫ്​ഗാനിലെ യുവതികൾക്ക്​ ഏറെ അവസരങ്ങൾ നൽകിയിരുന്നു. താലിബാൻ വീണ്ടും അധികാരം പിടിച്ചെടുത്ത സാഹചര്യത്തിൽ ഇതിൽ പ്രവർത്തിച്ചിരുന്ന പലരും തങ്ങളുടെ ഭാവിയോർത്ത്​ ആശങ്കയിലാണ്​.

'പുതിയ സാഹചര്യത്തിൽ നജ്​മ ഒട്ടും സുരക്ഷിതത്വം അനുഭവിച്ചിരുന്നില്ല. ഞാനും...'-നജ്​മക്കൊപ്പം 'അഫ്​ഗാൻ ഇൻസൈഡറി'ൽ പ്രവർത്തിച്ചിരുന്ന റോഹിന അഫ്​ഷർ പറയുന്നു. റോഹിനയാണ്​ കാബൂൾ സ്​ഫോടനത്തിൽ നജ്​മ കൊല്ലപ്പെട്ട വാർത്ത സ്​ഥിരീകരിച്ചതും. 'സാമ്പത്തിക പ്രതിസന്ധികൾ മാത്രമല്ല എന്നെ അലട്ടുന്നത്​. യൂട്യൂബ്​ വീഡിയോകളിലൂടെ ഏറെ അറിയപ്പെടുന്ന ഒരു യുവതിയാണ്​ ഞാൻ. എന്‍റെ മുഖം പലരും തിരിച്ചറിയും. ഇങ്ങനെ ദൃശ്യമാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന അഫ്​ഗാൻ യുവതികളെ തെരഞ്ഞുപിടിച്ച്​ വകവരുത്തിയേക്കാമെന്ന അഭ്യൂഹങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ട്​. അതുകൊണ്ട്​ തന്നെ ഒട്ടും സുരക്ഷിതത്വം എനിക്ക്​ അനുഭവപ്പെടുന്നില്ല' -റോഹിന പറയുന്നു.

'കഴിഞ്ഞ കുറച്ചുവർഷങ്ങളായി അഫ്​ഗാനിലെ നിരവധി യുവാക്കളും യുവതികളുമാണ്​ യൂട്യൂബ്​ ചാനലുകളിലൂടെ പൊതുരംഗത്ത്​ എത്തിയത്​. അവർക്കത്​ ജീവിതോപാധി മാത്രമായിരുന്നില്ല. അവരുടെ കഴിവുകൾ പുറംലോകത്ത്​ എത്തിക്കാനുള്ള അവസരം കൂടിയായിരുന്നു. അതാണ്​ കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ട്​ ഇല്ലാതായത്​. എല്ലാം മാറി. ഞങ്ങൾ വാർത്ത കൊടുക്കുന്നത്​ നിർത്തി. ഞങ്ങളെ അവർ ലക്ഷ്യമിടുമെന്നും വകവരുത്തുമെന്നുമുള്ള ഭീതിയിലാണ്​ ഇപ്പോൾ' - 'അഫ്​ഗാൻ ഇൻസൈഡറി'ലെ ​െ​പ്രാഡ്യൂസറായ ഖ്വാജ സമീയുള്ള സിദ്ദീഖി പറയുന്നു.  

Tags:    
News Summary - Wish it was a bad dream: Afghan YouTuber's last video before death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.