മാപുട്ടോ: മൊസാംബിക്കിൽ തീവ്രവാദിയെന്ന് സംശയിക്കുന്ന സ്ത്രീയെ സൈനികർ അടിച്ചുപരിക്കേൽപ്പിച്ചശേഷം വെടിവെച്ചുകൊന്നു. ഇതിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആംനസ്റ്റി അടക്കമുള്ള സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധവുമായെത്തി. സംഭവത്തിൽ മൊസാംബിക്ക് സർക്കാർ അപലപിച്ചു.
സൈനിക വേഷമണിഞ്ഞ യുവാക്കൾ പൂർണ നഗ്നയായ സ്ത്രീയുടെ പുറകിലൂടെ വന്ന് അലറുന്നതും വടികൊണ്ട് മർദിക്കുന്നതും വിഡിയോയിൽ കാണാം. ഇതിനുശേഷമാണ് തോക്കുപയോഗിച്ച് വെടിവെച്ചത്. നിലത്തുവീണ സ്ത്രീക്കുനേരെ മറ്റു സൈനികരും നിരവധി തവണ വെടിവെച്ചു. തീവ്രവാദ സംഘടനയായ 'അൽ-ഷബാബി'ൽ ഉൾപ്പെട്ടയാളാണ് നിങ്ങളെന്ന് ആക്രോശിച്ചാണ് സൈന്യം ഇവർക്കുനേരെ വെടിയുതിർത്തത്.
സംഭവത്തെ അപലപിച്ച മൊസാംബിക്ക് പ്രതിരോധ മന്ത്രാലയം, വിഡിയോയുടെ ആധികാരികത പുറത്തുകൊണ്ടുവരാൻ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന ക്രൂരമായ പ്രവർത്തനങ്ങൾ തങ്ങൾ അംഗീകരിക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു.
അൽ-ഷബാബുമായി ബന്ധമുണ്ടെന്ന് കരുതുന്ന ബന്ദികളെ സൈനികർ അധിക്ഷേപിക്കുന്ന നിരവധി വിഡിയോകൾ കഴിഞ്ഞ മെയിൽ ആംനസ്റ്റി ഇൻറർനാഷനൽ പുറത്തുവിട്ടിരുന്നു. ആക്രമണങ്ങൾ അരങ്ങേറുന്ന വടക്കൻ കാബോ ഡെൽഗഡോ മേഖലയിൽ മൊസാംബിക്കൻ സുരക്ഷാസേന സംശയാസ്പദമായ ആളുകളെ പീഡിപ്പിക്കുകയാണെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ, സൈനികരെപ്പോലെ ആൾമാറാട്ടം നടത്തുന്ന ജിഹാദികളാണ് അക്രമം നടത്തിയതെന്നാണ് സർക്കാർ വാദം.
സ്ത്രീയെ വെടിവെച്ച് കൊല്ലുന്ന വിഡിയോ നിരവധി മനുഷ്യാവകാശ പ്രവർത്തകരാണ് പങ്കുവെച്ചിരിക്കുന്നത്. 'ഇത് തികച്ചും മരവിപ്പിക്കുന്ന കാഴ്ചയാണ്. ഇത് എന്നാണ് അവസാനിക്കുക' -ആംനസ്റ്റി ഇൻറർനാഷനലിെൻറ ദക്ഷിണാഫ്രിക്കൻ ഡയറക്ടർ ഡിപ്രോസ് മുചെന ട്വീറ്റ് ചെയ്തു.
തീവ്രവാദ സംഘടനയായ അൽ ഖാഇദയുടെ ആഫ്രിക്കയിലെ ശാഖയായാണ് അൽ ഷബാബ് വിലയിരുത്തപ്പെടുന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ പ്രകൃതിവാതക പദ്ധതികളിലൊന്നായ മൊസാംബിക്കിലെ കാബോ ഡെൽഗഡോയിൽ ഇവർക്ക് ഏറെ സ്വാധീനമുണ്ട്. ഇവർക്കെതിരെ സൈന്യം കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇവിടെ നടന്ന തീവ്രവാദ ആക്രമണങ്ങളിൽ 1,500ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 250,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായാണ് കണക്ക്. കൂടാതെ ആഗസ്റ്റ് 12 മുതൽ മോസിംബോവ ഡാ പ്രിയ പട്ടണത്തിലെ തുറമുഖം തീവ്രവാദികൾ കൈവശപ്പെടുത്തിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.