വിയന്ന: ക്രൊയേഷ്യയിൽ അവധിക്കാലം ആഘോഷിച്ച് ഓസ്ട്രിയയില്‍ മടങ്ങിയെത്തിയ യുവതി തന്റെ സ്യൂട്ട്‌കേസ് തുറന്നപ്പോൾ ഞെട്ടി. ജീവനുള്ള18 തേളുകൾ! അമ്മയും കുഞ്ഞുങ്ങളുമെന്ന് തോന്നിക്കുന്ന തേളുകളാണ് ബാഗിലുണ്ടായിരുന്നത്. ശനിയാഴ്ചയാണ് ഇവർ ക്രൊയേഷ്യയിൽനിന്ന് എത്തിയത്.
പ്രാദേശിക മാധ്യമമായ അപ്പർ ഓസ്ട്രിയ ന്യൂസിനെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റാണ് സംഭവം റിപ്പോർട്ട് ചെയ്തത്. തേളുകളെ ക്രൊയേഷ്യയിലേക്ക് തിരികെ കൊണ്ടുവരാൻ പദ്ധതിയിടുന്നതായും വാർത്തയിൽ പറയുന്നു.
ഫെയ്സ്ബുക് വഴി മൃഗസംരക്ഷണ ചുമതലയുള്ള സംഘടനയെ യുവതി വിവരം അറിയിക്കുകയും തേളുകളെ അവർക്കു കൈമാറുകയും ചെയ്തു. ഇവയെ ഉടൻ ക്രൊയേഷ്യയിലേക്ക് കയറ്റിവിടും. ക്രൊയേഷ്യയിൽനിന്നും തേളുകൾ ഓസ്ട്രിയയിൽ എത്തുന്ന മൂന്നാമത്തെ കേസാണിത്.
കഴിഞ്ഞ മാസം ക്രൊയേഷ്യയിലെ അവധിക്കാലം കഴിഞ്ഞെത്തിയ യുവതിയുടെ അപ്പാർട്ട്മെന്റിൽ ഇത്തരത്തിലൊരു തേളിനെ കണ്ടെത്തിയിരുന്നു. ക്രൊയേഷ്യയിൽനിന്നും എത്തി മൂന്നാഴ്ച കഴിഞ്ഞാണ് വീട്ടിൽ തേളുണ്ടായിരുന്ന കാര്യം യുവതി അറിഞ്ഞത്. ലോകത്ത് ഏകദേശം 2,000 ഇനം തേളുകൾ ഉണ്ടെങ്കിലും അവയിൽ 30 മുതൽ 40 വരെ ഇനങ്ങൾക്ക് മാത്രമേ മനുഷ്യനെ കൊല്ലാൻതക്ക വീര്യമുള്ള വിഷമുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.