കിയവ്: റഷ്യൻ സർക്കാർ ഫണ്ട് നൽകുന്ന ചാനലുകൾക്ക് യുട്യൂബ് വിലക്കേർപ്പെടുത്തി. റഷ്യക്കെതിരെ നേരിട്ട് യുദ്ധത്തിനില്ലെന്നും പരോക്ഷമായി യുക്രെയ്ന് സഹായം നൽകുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിച്ചു. ആക്രമണം തുടരുന്ന സാഹചര്യത്തിൽ യു.എസ് വ്യാപാര മേഖലയിലെ റഷ്യയുടെ അതിപ്രിയ രാഷ്ട്രം എന്ന പദവി എടുത്തു കളഞ്ഞു.
വോഡ്ക, വജ്രം, സമുദ്ര ഭക്ഷോൽപ്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതിക്കും നിയന്ത്രണമേർപ്പെടുത്തും. റഷ്യൻ പാർലമെന്റ് അംഗങ്ങൾക്കും ബാങ്കിങ് ഉദ്യോഗസ്ഥർക്കും വിലക്കേർപ്പെടുത്തും. യുക്രെയ്നെതിരെ രാസായുധം പ്രയോഗിച്ചാൽ റഷ്യ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും. റഷ്യൻ അതിർത്തി പങ്കിടുന്ന ലാത്വിയ, എസ്തോണിയ, റുമേനിയ, ലിത്വേനിയ എന്നിവിടങ്ങളിൽ യു.എസ് 12,000 സൈനികരെ വിന്യസിച്ചു. യുക്രെയ്നെതിരായ യുദ്ധത്തിൽ വ്ലാദിമിർ പുടിൻ വിജയിക്കില്ലെന്നും ബൈഡൻ അവകാശപ്പെട്ടു.
അതിനിടെ, ചെർണോബിൽ ആണവനിലയത്തിലെ വൈദ്യുതിത്തകരാറ് പരിഹരിക്കാൻ വിദഗ്ധ തൊഴിലാളികളുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയതായി യുക്രെയ്ൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയെ അറിയിച്ചു. ചെർണോബിലിൽ ആണവചോർച്ച തടയാനുള്ള സുരക്ഷ സംവിധാനം വൈദ്യുതി വിതരണം നിലച്ചതോടെ തകരാറിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.