വിൽനിയസ്: നാറ്റോ സൈനികസഖ്യത്തിൽ യുക്രെയ്നെ ചേർക്കുന്നത് വൈകിപ്പിക്കുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. അംഗത്വം നൽകുന്നതിന് സമയപരിധി നിശ്ചയിക്കാത്തത് കീഴ്വഴക്കമില്ലാത്തതും അസംബന്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. അനിശ്ചിതത്വം ദൗർബല്യമാണെന്നും ഉച്ചകോടിയിൽ ഇക്കാര്യം തുറന്നുപറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അംഗത്വത്തിന്റെ കാര്യത്തിൽ യുക്രെയ്ന് നല്ല സന്ദേശം ലഭിക്കുമെന്ന് നാറ്റോ അധ്യക്ഷൻ ജെൻസ് സ്റ്റോൾട്ടെൻബെർഗ് നേരത്തേ പറഞ്ഞിരുന്നു.
സാധാരണ ഗതിയിൽ നാറ്റോ അംഗത്വത്തിന് ദശാബ്ദങ്ങളെടുക്കും. എന്നാൽ, വളരെ പെട്ടെന്ന് അംഗത്വം വേണമെന്നാണ് യുക്രെയ്ൻ ആവശ്യപ്പെടുന്നത്. നാറ്റോ അംഗരാജ്യത്തിനെതിരെ പുറത്തുനിന്ന് ആക്രമണമുണ്ടായാൽ സഖ്യം പൂർണ സുരക്ഷയൊരുക്കുമെന്നതാണ് അംഗത്വം ലഭിച്ചാലുള്ള പ്രയോജനം. ‘യുക്രെയ്നെ നാറ്റോയിൽ ചേർക്കാൻ സമയപരിധി നിശ്ചയിക്കാത്തതിനാൽ റഷ്യയുമായുള്ള ചർച്ചകളിൽ വിലപേശലിന് അവസരമൊരുക്കും. എന്നാൽ, റഷ്യക്ക് തങ്ങളുടെ ഭീകരത തുടരുന്നതിനുള്ള പ്രചോദനമായിരിക്കും ഇത്’-ശക്തമായ ഭാഷയിൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ സെലൻസ്കി പറഞ്ഞു. യുക്രെയ്ൻ അംഗമാകുമെന്ന് 2008ൽ നാറ്റോ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, ഇത് എപ്പോൾ, എങ്ങനെ സംഭവിക്കുമെന്ന് സഖ്യം പറയുന്നില്ല. അതിനിടെ, നാറ്റോ ഉച്ചകോടിക്ക് ലിത്വേനിയൻ തലസ്ഥാനമായ വിൽനിയസിൽ തുടക്കമായി. നാറ്റോയിൽ യുക്രെയ്ന് അർഹമായ സ്ഥാനമാണുള്ളതെന്ന് വിൽനിയസിലേക്കുള്ള യാത്രാമധ്യേ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. യുക്രെയ്ന് അംഗത്വം നൽകുന്ന കാര്യത്തിൽ ഉച്ചകോടിയിൽ പുരോഗതിയുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുക്രെയ്ന് ദീർഘദൂര മിസൈലുകൾ നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു.
സ്വീഡന്റെ നാറ്റോ അംഗത്വം: പിന്തുണ നൽകി തുർക്കിയ
വിൽനിയസ്: സ്വീഡന് നാറ്റോ അംഗത്വം നൽകുന്ന വിഷയം പാർലമെന്റിന്റെ പരിഗണനക്ക് വിടാമെന്ന് തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ടാണ് ഉർദുഗാന്റെ പ്രഖ്യാപനം. കഴിഞ്ഞ വർഷമാണ് സ്വീഡനും ഫിൻലൻഡും നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ സൈനിക ചേരിചേരാ നയത്തിൽനിന്ന് വ്യതിചലിച്ചുകൊണ്ടാണ് ഇരു രാജ്യങ്ങളും അപേക്ഷ നൽകിയത്. കഴിഞ്ഞ ഏപ്രിലിൽ ഫിൻലൻഡിന് അംഗത്വം ലഭിച്ചെങ്കിലും സ്വീഡന്റെ കാര്യത്തിൽ തുർക്കിയയും ഹംഗറിയും എതിർപ്പുമായി രംഗത്തുവരികയായിരുന്നു. കുർദിഷ് ഗ്രൂപ്പുകൾക്ക് പിന്തുണ നൽകില്ലെന്ന് സ്വീഡൻ ആവർത്തിച്ച് പ്രഖ്യാപിച്ചതായി തുർക്കിയയും സ്വീഡനും പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.