യുക്രെയ്നിൽ മുസ്‌ലിം സൈനികർക്കും നേതാക്കൾക്കും ഇഫ്താർ വിരുന്നൊരുക്കി സെലൻസ്കി

കിയവ്: യുക്രെയ്ൻ ഭരണകൂടം ഔദ്യോഗികതലത്തിൽ റമദാനിൽ ഇഫ്താർ സംഘടിപ്പിച്ചു. മുസ്‌ലിം സൈനികർക്കും നേതാക്കൾക്കുമായാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ഇഫ്താർ വിരുന്നൊരുക്കിയത്. യുക്രെയ്ൻ സൈന്യത്തിലെ മുസ്‌ലിംകൾക്കും മുസ്‌ലിം പണ്ഡിത നേതാക്കൾക്കുമാണ് വിരുന്ന് സംഘടിപ്പിച്ചത്.

റഷ്യ കീഴടക്കിയ ക്രീമിയയിൽനിന്നുള്ള മുസ്‌ലിം നേതാക്കളും വിവിധ മുസ്‌ലിം രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാരും ചടങ്ങിൽ സംബന്ധിച്ചു. തലസ്ഥാനമായ കിയവിലെ പള്ളിയിലായിരുന്നു ചടങ്ങ്. പരസ്പരാദരത്തിന്റെ പുതിയ സംസ്‌കാരത്തിനു തുടക്കമിടുകയാണെന്നാണ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.

യുക്രെയ്ൻ യുദ്ധത്തിൽ തുർക്കി, സൗദി അറേബ്യ അടക്കമുള്ള മുസ്‌ലിം രാജ്യങ്ങൾ നടത്തിയ മധ്യസ്ഥ ഇടപെടലുകൾക്ക് അദ്ദേഹം പ്രത്യേക നന്ദിയും പറഞ്ഞു. ക്രീമിയയിലെ ഏറ്റവും വലിയ മുസ്‌ലിം കൂട്ടായ്മയായ `മെജ്‌ലിസി'ന്റെ പ്രതിനിധികൾ സെലൻസ്‌കിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ചടങ്ങിലെത്തിയത്. ക്രീമിയയിലെ റഷ്യൻ അധിനിവേശത്തെ സെലൻസ്‌കി വിമർശിച്ചു. ക്രീമിയയെ തിരിച്ചുപിടിക്കുമെന്നും സെലൻസ്‌കി പ്രഖ്യാപിച്ചു.

2014ലാണ് കരിങ്കടൽ തീരത്തെ യുക്രെയ്ൻ പ്രദേശമായിരുന്ന ക്രീമിയയെ റഷ്യ പിടിച്ചടക്കുന്നത്. നിയമവിരുദ്ധമായ രീതിയിൽ ജനഹിത പരിശോധന നടത്തിയായിരുന്നു കൈയേറ്റമെന്നാണ് യുക്രൈനും പടിഞ്ഞാറൻ രാജ്യങ്ങളും ആരോപിക്കുന്നത്. 20 ലക്ഷം വരുന്ന ക്രീമിയൻ ജനസംഖ്യയിൽ 15 ശതമാനത്തോളം വരുന്ന തത്താർ മുസ്‌ലിംകൾ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു. തുടർന്ന് മെജ്‌ലിസിനെ തീവ്രവാദ സംഘടനയാണെന്ന് പ്രഖ്യാപിച്ച് നിരവധി മുസ്‌ലിം നേതാക്കളെ റഷ്യ ജയിലിലടച്ചിരുന്നു.

Tags:    
News Summary - Zelensky shares Iftar with Muslim soldiers in ‘new tradition of respect’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.