കിയവ്: രണ്ടു വർഷമായ റഷ്യൻ അധിനിവേശത്തിൽ തങ്ങളുടെ 31,000 സൈനികരാണ് കൊല്ലപ്പെട്ടതെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി. ഓരോ ജീവനും വലിയ ത്യാഗമാണെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതാദ്യമായാണ് യുക്രെയ്ൻ കൊല്ലപ്പെട്ട സൈനികരുടെ കണക്കുകൾ വെളിപ്പെടുത്തുന്നത്.
സാധാരണക്കാരും വിവിധ മേഖലകളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധം അവസാനിക്കാതെ മനുഷ്യനാശത്തിന്‍റെ യഥാർത്ഥ കണക്കുകൾ പുറത്തുവരില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, 75,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് കഴിഞ്ഞ ദിവസം റഷ്യൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തത്. എന്നാൽ, യുക്രെയിനിൽ 3,15,000 റഷ്യൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് 2023 ഡിസംബർ പുറത്തുവന്ന അമേരിക്കയുടെ ഇന്‍റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നത്.
റഷ്യൻ സൈന്യം 2022 ഫെബ്രുവരി 24നാണ് യുക്രെയ്നിൽ ആക്രമണം ആരംഭിച്ചത്. ഇപ്പോൾ യുക്രെയ്നിന്റെ 20 ശതമാനം ഭാഗം റഷ്യൻ നിയന്ത്രണത്തിലാണ്. 2014ൽ നടത്തിയ ആക്രമണത്തിൽ റഷ്യ പിടിച്ചെടുത്ത ഏഴ് ശതമാനം പ്രദേശത്തിന് പുറമെയാണിത്. സൈനികരുടെ ക്ഷാമം നേരിടുകയാണ് യുക്രെയ്ൻ. അഞ്ചുലക്ഷം പേരെ റിക്രൂട്ട് ചെയ്യാനാണ് അധികൃതരുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.