മുത്തങ്ങയിലെ സമരക്കാർക്കും പൊലീസിനുമിടയിലെ മധ്യസ്ഥൻ ഇവിടെയുണ്ട്; മുഹമ്മദ് ശരീഫ് പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കുന്നു

വി. മുഹമ്മദ് ശരീഫ്
മുത്തങ്ങയിലെ തകരപ്പാടി വനത്തിൽ 2003 ഫെബ്രുവരി 19ന് നടന്ന പൊലീസ് വെടിവെപ്പിന്റെ നേർസാക്ഷിയാണ് മാധ്യമം ദിനപത്രത്തിന്റെ സുൽത്താൻ ബത്തേരി ലേഖകനായിരുന്ന വി. മുഹമ്മദ് ശരീഫ്. വെടിവെപ്പ് നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പ് നടന്ന അവസാന സന്ധിസംഭാഷണത്തിനായി എം. ഗീതാനന്ദൻ, ശരീഫിന്റെ പേരാണ് പറയുന്നത്. ഇരുകൂട്ടർക്കുമിടയിലെ മധ്യസ്ഥനാകാൻ ശരീഫ് നിയോഗിക്കപ്പെട്ടെങ്കിലും പൊലീസ് മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ ഒടുവിൽ അവിടെ നടപ്പാക്കുകയായിരുന്നു. അന്ന് പൊലീസിന്റെലാത്തിയടിയിൽ കൈവിരലിനേറ്റ പരിക്ക് ഇപ്പോഴുമുണ്ട്. ശരീഫിന്റെ പഴയ യാഷിക ഫിലിം കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലൂടെയാണ് മുത്തങ്ങ വെടിവെപ്പിന്റെ ഭീകരത നാടറിഞ്ഞത്. ആ ഓർമകൾ അദ്ദേഹം പങ്കുവെക്കുന്നു.
മുത്തങ്ങയിൽ വെടിവെപ്പ് നടക്കുന്നതിന്റെ തലേന്ന്, അതായത് 2003 ഫെബ്രുവരി 18ന് വൈകീട്ട് നാലോടെയാണ് തകരപ്പാടി വനത്തിൽ ടാക്സി ജീപ്പിലെത്തിയ മൂന്ന് ഫോറസ്റ്റർമാരും ഔദ്യോഗിക വാഹനത്തിലെത്തിയ 10 പൊലീസുകാരുമടക്കം 43 പേരെ തകരപ്പാടി വനത്തിൽ ഗോത്ര മഹാസഭാ വളന്റിയർമാർ ബന്ദികളാക്കുന്നത്. ടാക്സി ജീപ്പിലെ ഡ്രൈവറും ക്ലീനറും വനം വകുപ്പിന്റെ ദിവസക്കൂലിക്കാരും ബത്തേരിയിലെ ഒരു പ്രഫഷനൽ ഫോട്ടോഗ്രാഫറും സുഹൃത്തുമാണ് ബന്ദിയാക്കപ്പെട്ടവർ. സമരക്കാരുടെ ഷെഡ് കത്തിച്ചതോടെയാണ് ഇവരെ ഗോത്ര മഹാസഭ വളന്റിയർമാർ പിടിച്ചുവെച്ചത്. വനപാലകരെ മരത്തിൽ കെട്ടിയിടുകയായിരുന്നു. സമരക്കാർ കൊളുത്തിയ കാട്ടുതീ അണക്കാനെത്തിയതാണ് വനപാലക സംഘവും പൊലീസുമെന്നായിരുന്നു വനം വകുപ്പിന്റെ വിശദീകരണം. എന്നാൽ, സമരം നടത്തുന്ന ആദിവാസികളെ തീയിട്ടു കൊല്ലാനായി വനത്തിൽ തീവെച്ച സംഘത്തെ ബന്ദികളാക്കുകയായിരുന്നുവെന്നാണ് ഗോത്രമഹാസഭ വളന്റിയർമാർ പറഞ്ഞത്. ഇതിനു തെളിവായി തടഞ്ഞുവെച്ച ജീപ്പിലെ ആനപ്പിണ്ടത്തിന്റെ ശേഖരം അവർ ചൂണ്ടിക്കാട്ടി. പിറ്റേന്ന് രാവിലെ കലക്ടറുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥശ്രമത്തിനൊടുവിൽ ബന്ദികളെ മോചിപ്പിച്ചു. വനപാലകരെ ബന്ദിയാക്കിയ വിവരം അറിഞ്ഞാണ് ഫെബ്രുവരി 18ന് വൈകീട്ട് ഞാൻ അങ്ങോട്ട് പോകുന്നത്. ഗീതാനന്ദനെ ഉൾപ്പെടെ കണ്ട് വിവരങ്ങളെടുക്കുകയായിരുന്നു ലക്ഷ്യം. വനപാലകരെ നേരം പുലരുന്നതുവരെ പിടിച്ചുകെട്ടിയത് വാർത്തയായിരുന്നു. വൈകീട്ട് ഏഴോടെ നടന്ന ഈ സംഭവങ്ങൾ പിറ്റേന്ന് മാധ്യമം പത്രത്തിൽ മാത്രമാണ് വരുന്നത്. സമരത്തിൽപെട്ടയാളാണ് എന്നെ ഈ വിവരങ്ങൾ എല്ലാം അറിയിക്കുന്നത്.
മുത്തങ്ങയിലെ പൊലീസ് വേട്ട
തലേദിവസത്തെ സംഭവങ്ങൾ നേരിട്ടു കണ്ടപ്പോൾതന്നെ പിറ്റേന്ന് പൊലീസ് നടപടിയുണ്ടാകുമെന്ന് ഉറപ്പിച്ചിരുന്നു. പുലർച്ച തന്നെ പൊലീസ് നടപടിയുണ്ടാകുമെന്ന വിവരം വിശ്വസനീയമായ സോഴ്സിൽനിന്നും ലഭിക്കുകയും ചെയ്തു. കണ്ണൂരിൽനിന്ന് സായുധ പൊലീസ് ഉൾപ്പെടെ വരുന്നുണ്ടെന്നും അറിഞ്ഞു. ഇതോടെ പുലർച്ചെ അഞ്ചിന് ഞാൻ വീട്ടിൽനിന്ന് ബൈക്കിൽ മുത്തങ്ങയിലേക്ക് പോയി. മുളങ്കൂട്ടത്തിനിടയിൽ ബൈക്ക് വെച്ച് കൈയിലുണ്ടായിരുന്ന യാഷികയുടെ ചെറിയ ഫിലിം കാമറയുമായി ഭൂസമര കേന്ദ്രത്തിലെത്തി. ഞാൻ എത്തുമ്പോൾ അവിടെ പൊലീസ് എത്തിയിരുന്നില്ല. 19ന് രാവിലെയാണ് എണ്ണൂറോളം വരുന്ന പൊലീസ് സംഘമെത്തി തകരപ്പാടി വനത്തിൽ കൈയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്. സമരക്കാരുടെ ഷെഡുകൾ കത്തിച്ചു. എല്ലാവരോടും പോകാൻ ആവശ്യപ്പെട്ടു. ഇതോടെ ഇരുകൂട്ടരും തമ്മിൽ സംഘർഷമായി. വനപാലകരെത്തി വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തി. പലപ്പോഴായി പൊലീസിൽനിന്നുള്ള ആക്രോശം എനിക്കുനേരെയുമുണ്ടായെങ്കിലും അവിടെതന്നെ നിലയുറപ്പിക്കുകയായിരുന്നു. തലേന്നുതന്നെ കാടുവെട്ടിയിട്ട് പെട്രോളൊഴിച്ച് തീയിടാനുള്ള മുന്നൊരുക്കം നടത്തിയിരുന്നു. അരികിൽനിന്നായി തീ കൊടുത്തപ്പോൾ ഞാൻ ഉൾപ്പെടെയുള്ളവർ അതിനകത്തായി. തീ കെടുത്തുന്നത് ഒരുവഴിക്ക് നടക്കുമ്പോഴും ആദിവാസികൾ ഉൾക്കാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. തകരപ്പാടി വനത്തിൽ പൊലീസും ആദിവാസികളും മുഖാമുഖം ഏറ്റുമുട്ടി. അമ്പും വില്ലും മഴുവും വെട്ടുകത്തിയുമായാണ് ആദിവാസികളുടെ പ്രതിരോധം. കണ്ണീർവാതക ഷെല്ലുകൾ തുരുതുരെ പൊട്ടിച്ചാണ് പൊലീസ് അവരെ തുരത്തിയത്. നേരിട്ടുള്ള ഏറ്റുമുട്ടലിൽ പത്തോളം ആദിവാസികൾ പിടിയിലായി. ബാക്കിയുള്ളവർ ഉൾവനത്തിലേക്കോടി. ഇവരെ പിടികൂടാനായി പൊലീസും പിന്നാലെ നീങ്ങിയതോടെ ഇരുവശത്തെയും കുന്നുകൾക്കു നടുവിലെ താഴ്വാരത്തിലായി പൊലീസ്. ഇതോടെ വളന്റിയർമാർ ചുറ്റും തീയിട്ടു. തുടർന്ന് പൊലീസ് അൽപം പിൻവാങ്ങിയെങ്കിലും ഏറ്റുമുട്ടൽ തുടർന്നു. പൊലീസുകാർക്കും ഇതിനിടയിൽ വെട്ടേൽക്കുന്നുണ്ട്. ഉൾക്കാട്ടിലേക്ക് ഓടിയവരിൽ അമ്പതോളം പേരെ പൊലീസ് പിടികൂടി. ലാത്തിചാർജ് ഉൾപ്പെടെ രൂക്ഷമായതോടെ ഉച്ചയോടെ ആദിവാസികളെല്ലാം ഉൾക്കാട്ടിലേക്ക് രക്ഷപ്പെട്ടിരുന്നു. ഉച്ചക്കുശേഷം എല്ലാ മാധ്യമപ്രവർത്തകരോടും പിരിഞ്ഞുപോവാൻ ആവശ്യപ്പെട്ടു. എന്നാൽ, ഞാൻ സ്ഥലത്തുതന്നെ തുടർന്നു. വനപാലകർക്കായി കൊണ്ടുവന്ന ചോറും കഴിച്ച് ഞാൻ അവിടെ തുടരുകയായിരുന്നു.
ജീവൻ പണയംവെച്ച മധ്യസ്ഥ നീക്കം
ഉച്ചക്കുശേഷം തകരപ്പാടിയിൽ സമരക്കാരുടെ പ്രധാന ഷെഡുണ്ട്. ഇത് പൊലീസ് വളഞ്ഞു. അവിടേക്ക് പോകാനുള്ള വഴികളെല്ലാം പൊലീസ് തടഞ്ഞു. റോഡിൽനിന്ന് വനത്തിലൂടെ കടന്ന് ഈ ഷെഡിന് സമീപമാണ് ഞാൻ എത്തിയത്. പൊലീസ് വളയുന്ന ഫോട്ടോ എടുത്ത ഉടനെ പൊലീസ് ലാത്തിവീശി. കൈ മുറിഞ്ഞെങ്കിലും വീണുകിടക്കുന്നയിടത്തുനിന്ന് കാമറ പാന്റിന്റെ പോക്കറ്റിലൊളിപ്പിച്ചു. ജാക്കറ്റുണ്ടായിരുന്നതിനാൽ കാമറ കണ്ടില്ല. പത്രക്കാരനാണെന്ന് പറഞ്ഞപ്പോൾ നല്ല തെറിയാണ് തിരിച്ചുകിട്ടിയത്. ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദൻ, അശോകൻ ഉൾപ്പെടെയുള്ളവർ നിലയുറപ്പിച്ച പ്രധാന ഷെഡായിരുന്നു തകരപ്പാടിയിലേത്. വെടിവെക്കുകയാണെന്നും ആയുധംവെച്ച് കീഴടങ്ങണമെന്നും പൊലീസ് ഉദ്യോഗസ്ഥർ ഷെഡിനുള്ളിലുള്ള സമരക്കാരോട് ആവശ്യപ്പെടുകയായിരുന്നു. ചാവുകയാണെങ്കിൽ ഞങ്ങൾ മാത്രമല്ല ചാവുകയെന്ന് പറഞ്ഞു ഷെഡിന് മുകളിൽനിന്നും യൂനിഫോമിലുള്ള കാൽ ഉയർത്തി കാണിച്ചതോടെ പൊലീസുകാർ പരുങ്ങലിലായി. 200 മീറ്റർ പിറകോട്ട് മാറിയില്ലെങ്കിൽ ഷെഡ് കത്തിക്കുമെന്ന് മുന്നറിയിപ്പ്. ജോഗിയാണ് പന്തവുമായി തീകൊളുത്താൻ തയാറായി നിന്നിരുന്നത്. ഇതോടെ, പൊലീസ് അൽപം പിറകോട്ട് മാറി. സന്ധിസംഭാഷണത്തിന് തയാറാണെന്ന് പൊലീസ് അറിയിച്ചു.
മാധ്യമം പത്രത്തിൽ 2003 ഫെബ്രുവരി 20ന് വി. മുഹമ്മദ് ശരീഫ് എഴുതിയ അനുഭവം
പൊലീസ് ഉദ്യോഗസ്ഥനെ വിടാമെന്ന് പറഞ്ഞെങ്കിലും വേണ്ടെന്നായിരുന്നു സമരക്കാർ പറഞ്ഞത്. മാധ്യമപ്രവർത്തകനായ, ‘മനോരമ’യിലെ ജോസ് സെബാസ്റ്റ്യനെ അയക്കാമെന്ന് പൊലീസ് പറഞ്ഞപ്പോൾ ഒറ്റുകാരനെ വേണ്ടേ വേെണ്ടന്ന് അവർ മുദ്രാവാക്യം വിളിച്ചു. അങ്ങനെയാണ് ഞങ്ങൾക്ക് ‘മാധ്യമ’ത്തിന്റെ റിപ്പോർട്ടർ ശരീഫിനെ വിശ്വാസമാണെന്ന് ഗീതാനന്ദൻ പറയുന്നത്. ഈ വിവരം അറിഞ്ഞതോടെ ഞാൻ വല്ലാതെ ഭയന്നു. ധൈര്യമായി പോകാൻ ഡിവൈ.എസ്.പി ഉണ്ണി പറഞ്ഞെങ്കിലും പേടിയോടെയാണ് അങ്ങോട്ടു പോയത്. ഗീതാനന്ദനുമായി സംസാരിച്ചു. പൊലീസുകാരും വനപാലകരും വെട്ടേറ്റ് കിടക്കുന്നത് നേരിട്ട് കണ്ടു. ഇവരുടെ ജീവൻ നഷ്ടപ്പെട്ടാൽ ഞങ്ങൾ ഉത്തരവാദികളല്ലെന്നും ഡോക്ടർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെ ഉടനെ അങ്ങോട്ട് അയക്കണമെന്നുമായിരുന്നു സമരക്കാർ ആവശ്യപ്പെട്ടത്. ഡോക്ടറെ എത്തിച്ച് പരിക്കേറ്റ ആദിവാസികൾക്കും ചികിത്സ നൽകണമെന്നും പറഞ്ഞു. എന്നാൽ, ഇക്കാര്യം പൊലീസിനെ അറിയിച്ചപ്പോൾ അവർ അംഗീകരിച്ചില്ല. വനപാലകരെയും പൊലീസുകാരനെയും പുറത്തെത്തിച്ചു തരാൻ പൊലീസ് ആവശ്യപ്പെട്ടു. ആ ആവശ്യം അവർ അംഗീകരിക്കില്ലെന്ന് പറഞ്ഞെങ്കിലും ചർച്ച തുടർന്നു. പൊലീസ് നിലപാട് മാറ്റാതെ തുടർന്നതോടെ സന്ധി സംഭാഷണം പരാജയപ്പെട്ടു. ഡോക്ടറെ എത്തിച്ചാൽ സുരക്ഷ ഉറപ്പാക്കുമെന്ന് ഗോത്ര മഹാസഭ നേതാക്കൾ പറഞ്ഞെങ്കിലും പൊലീസ് ഒരു വിട്ടുവീഴ്ചക്കും തയാറായില്ല. യഥാർഥത്തിൽ പരിക്കേറ്റ പൊലീസുകാരനായ വിനോദ് ചോര വാർന്ന് മരിക്കാൻ കാരണം പൊലീസുകാരുടെ നിലപാടാണ്.
പിൻവാങ്ങലിനുശേഷം പൊലീസിന്റെ തിരിച്ചടി
വൈകീട്ട് അഞ്ച് ആയതോടെ വന്യമൃഗങ്ങളിറങ്ങുമെന്നും ഇനി നടപടിയുണ്ടാകില്ലെന്നും പറഞ്ഞ് മാധ്യമപ്രവർത്തകരെ പുറത്താക്കി. എങ്കിലും വനപാലകരുമായുള്ള പരിചയത്തെ തുടർന്ന് ഞാൻ അവിടെതന്നെ തുടരുകയായിരുന്നു. പൊലീസ് പിൻവാങ്ങുകയാണെന്ന് അറിയിച്ചശേഷമാണ് പെെട്ടന്ന് വാനുകളിലായി പൊലീസ് സംഘം സ്ഥലത്തേക്ക് എത്തിയത്. വൈകീട്ട് 5.20നുശേഷം പൊലീസ് വെടിവെപ്പ് തുടങ്ങി. പന്തം കൊളുത്താൻ നിന്ന ജോഗിക്കാണ് ആദ്യം വെടിയേറ്റത്. ഇതോടെ, ബന്ദിയാക്കപ്പെട്ട പൊലീസുകാരൻ വിനോദിനെ വീണ്ടും വെട്ടി. വെടിവെപ്പ് ആരംഭിച്ച ഉടനെ എന്റെ കാമറയിൽ ഫോട്ടോയെടുത്തു. വെടികൊണ്ട് ജോഗി വീഴുന്ന ഫോട്ടോയും അങ്ങനെയാണ് പുറംലോകം കണ്ടത്. റബർ ബുള്ളറ്റ് ഉൾപ്പെടെ ഏറ്റ് വെടിവെപ്പിൽ ആദിവാസികൾ വീഴുന്നതിന്റെയും ചിത്രങ്ങളെല്ലാം എടുത്തു. ഞാനും ‘കൈരളി’ ഫോട്ടോഗ്രാഫറും മാത്രമാണ് സംഭവത്തിന് സാക്ഷ്യം വഹിച്ച് അടുത്തുണ്ടായിരുന്നത്. കൈരളി ഫോട്ടോഗ്രാഫറെ പൊലീസ് ആക്രമിച്ച് കാമറ തല്ലിത്തകർത്തു. ‘‘ഇവറ്റകൾക്കൊപ്പം നിന്നെയും കുഴിച്ചുമൂടു’’മെന്നായിരുന്നു ആക്രോശം. എങ്ങനെയൊക്കെയോ അവിടന്ന് രക്ഷപ്പെട്ട് കൽപറ്റയിലെത്തി സ്റ്റുഡിയോയിൽനിന്ന് പ്രിന്റ് എടുത്ത് ബ്യൂറോയിലെത്തി ചിത്രങ്ങളും വിവരങ്ങളും കൈമാറുകയായിരുന്നു. അതിനുശേഷമാണ് ഒന്ന് ശ്വാസം നേരെ വീണത്.
മധ്യസ്ഥനാകുന്നത് ‘മാധ്യമ’ത്തിന്റെ നിലപാടിനെ തുടർന്ന്
ആദിവാസികളുടെ ഭൂമിപ്രശ്നം കുറെ നാളായി പുകഞ്ഞുനിൽക്കുന്നതായിരുന്നു. ആദിവാസികളുടെ ഭൂമി അവർക്കുതന്നെ നൽകണമെന്ന നിലപാട് സ്വീകരിച്ച ഏക ദിനപത്രം ‘മാധ്യമം’ ആയിരുന്നു. ഭൂസമരം ന്യായമാണെന്ന് പറഞ്ഞ ഏക പത്രം നമ്മളാണ്. ബാക്കിയുള്ളവർ കുടിയേറ്റക്കാരെ പിന്തുണക്കുകയായിരുന്നു. ഒരു മുഖ്യധാരാ പാർട്ടിയും മുഖ്യധാരാ പത്രവും മുത്തങ്ങ ഭൂസമരത്തെ പിന്തുണച്ചില്ല. ആയുധമെടുത്തുള്ള നിയമവിരുദ്ധ സമരത്തെ ‘മാധ്യമ’വും ഒരിക്കലും അനുകൂലിച്ചിരുന്നില്ല. എന്നാൽ, ആദിവാസികൾക്ക് ഭൂമി കിട്ടേണ്ടതായിരുന്നുവെന്നാണ് ‘മാധ്യമ’ത്തിന്റെ നിലപാട്. ആ പിന്തുണയാണ് മധ്യസ്ഥനായി എന്നെ തിരഞ്ഞെടുക്കാൻ കാരണം. അല്ലാതെ, എന്നെ വ്യക്തിപരമായി അറിയുന്നതുകൊണ്ടായിരുന്നില്ല. മധ്യസ്ഥത വഹിക്കാൻ പോകുമ്പോഴും വെടികൊള്ളുമോയെന്ന പേടിയുണ്ടായിരുന്നു. ആദിവാസി നേതാക്കളുമായും അന്ന് വലിയ പരിചയമൊന്നുമില്ല. മധ്യസ്ഥനാകുമ്പോൾ ജാമ്യ തടവുകാരനാകുമോയെന്നുപോലും ഭയന്നിരുന്നു.
20 വർഷം പിന്നിട്ടിട്ടും ആദിവാസികൾക്ക് ഭൂമിയില്ല
വയനാട് എന്നും ആദിവാസികളുടെ ഭൂമിയായിരുന്നു. കുടിയേറ്റക്കാരെത്തി കൈയേറി ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ആദിവാസികൾ ഭൂരഹിതരായപ്പോൾ അവരുടെ സ്ഥലം തിരിച്ചുകൊടുക്കേണ്ടതാണ്. ആദിവാസി ഭൂമി കൈേയറിയവരിൽ ഭൂരിഭാഗവും ഒരൊറ്റ സമുദായത്തിന്റേതാണ്. അവ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് നഷ്ടമായ ഭൂമി തിരിച്ചുനൽകുകയെന്ന നയത്തെ അട്ടിമറിച്ച് പകരം ഭൂമിയെന്ന രീതിയിലേക്ക് സമരം മാറുന്നത്.
പകരം ഭൂമിയെന്ന ആവശ്യം ആദ്യമായി ഉന്നയിക്കുന്നത് സി.കെ. ജാനുവാണ്. 1956ലെ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കൽ നിയമം മുഴുവൻ സംസ്ഥാനങ്ങളും നടപ്പാക്കിയിട്ടും കേരളം അത് നടപ്പാക്കിയില്ല. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് ചെന്നൈ സ്വദേശിയായ, ബത്തേരിയിൽ ക്ലിനിക് നടത്തിയിരുന്ന സാമൂഹികപ്രവർത്തകൻ ഡോ. നല്ല തമ്പി തേര സുപ്രീംകോടതിയിൽനിന്ന് ഭൂമി തിരിച്ചുപിടിക്കാനുള്ള അനുകൂല വിധി നേടി. ഇതോടെ, സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിക്കാൻ സർക്കാർ നിർബന്ധിതരായി. തുടർന്നാണ് തിരിച്ചുപിടിക്കൽ നിയമം കൊണ്ടുവരുന്നത്. 1960 വരെയുള്ള മുഴുവൻ കൈയേറ്റങ്ങൾ സാധുവാക്കുകയും പിന്നീട് നടന്ന കൈയേറ്റങ്ങളിലെ ഭൂമി ഒഴിപ്പിച്ചുകൊടുക്കണമെന്നുമായിരുന്നു ചട്ടം. ആദിവാസികളുടെ ഭൂമി തിരിച്ചുനൽകുമെന്ന് പറഞ്ഞു. പിന്നീട് പത്തുവർഷം മാറിമാറി വന്ന സർക്കാറുകൾ നിയമം നടപ്പാക്കിയില്ല. 1986ൽ നല്ല തമ്പി തേര വീണ്ടും കോടതിയെ സമീപിച്ചു. ഉത്തരവ് നടപ്പാക്കിയില്ലെന്ന് കോടതിയെ അറിയിച്ചു. അങ്ങനെ നിയമം വീണ്ടും നടപ്പാക്കാൻ സർക്കാർ നിർബന്ധിതമായി. ചട്ടങ്ങൾ കൊണ്ടുവന്നപ്പോൾ 1972 വരെയുള്ള കൈയേറ്റം നിയമവിധേയമാക്കി. ആദിവാസികൾക്ക് ഭൂമി കൊടുക്കാമെന്ന് പറഞ്ഞ് വീണ്ടും പറ്റിച്ചു. പിന്നീടാണ് മുത്തങ്ങ സമരം തുടങ്ങുന്നത്. സെക്രട്ടേറിയറ്റ് വളയലോടെയാണ് പിന്നീട് മുത്തങ്ങ ഭൂസമരം ആരംഭിക്കുന്നത്. ഓരോ ആദിവാസിക്കും അഞ്ചേക്കർ കൃഷിഭൂമി നൽകാമെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി നൽകിയ ഉറപ്പ്. ഇതോടെ, സെക്രട്ടേറിയറ്റിൽനിന്ന് സമരം പിൻവലിച്ച് സമരക്കാർ വയനാട്ടിലേക്ക് തിരിച്ചുവന്നു. എന്നാൽ, അഞ്ചേക്കർ പോയിട്ട് അഞ്ചു സെന്റുപോലും ഇതുവരെ നൽകാനായിട്ടില്ല. ഇപ്പോഴും ആദിവാസികൾ ഭൂരഹിതരായി കഴിയുകയാണ്. അന്യാധീനപ്പെട്ട ആദിവാസി ഭൂമിപ്രശ്നത്തിൽ ആദിവാസികൾ വഞ്ചിക്കപ്പെടുകയായിരുന്നു. അന്യാധീനപ്പെട്ട ഭൂമി അവർക്ക് അവകാശപ്പെട്ടതാണ്. കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് സർക്കാറുകളും സി.കെ. ജാനു ഉൾപ്പെടെയുള്ളവരും സ്വീകരിച്ചത്.