കലഹപ്പെട്ടി - 1
മറുപടിക്ക് നിൽക്കാതെ കിണറ്റുവക്കത്തെ വാഴക്കൈ ഒടിച്ച് കപ്യാര് പള്ളിയിലേക്കോടി. ഒന്നും മനസ്സിലാവാതെ ജോമോൻ പോയവഴിയെ നോക്കി നിന്നിട്ട് വാതിലടക്കാൻ തുടങ്ങിയപ്പോൾ ഇരുട്ടിൽനിന്നൊരു ശൂശൂ വിളി ജിൻസി കേട്ടു. ഭാഗം ഒന്ന്.ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം01തിരുപ്പിറവിയുടെ തലേരാത്രി കരിമലപ്പള്ളിയുടെ മേൽക്കൂര പറന്നുപോയി. തദേവൂസച്ചൻ നോക്കിനിൽക്കെയാണ് സംഭവം. പുലരി കുർബാന ഉള്ളതുകൊണ്ട് നേരത്തേ കിടന്നെങ്കിലും എന്തോ മൂന്നുമണിയായിട്ടും അയാൾക്കുറങ്ങാൻ കഴിഞ്ഞില്ല. കൊന്തയുരുട്ടി തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാണ്...
Your Subscription Supports Independent Journalism
View Plansമറുപടിക്ക് നിൽക്കാതെ കിണറ്റുവക്കത്തെ വാഴക്കൈ ഒടിച്ച് കപ്യാര് പള്ളിയിലേക്കോടി. ഒന്നും മനസ്സിലാവാതെ ജോമോൻ പോയവഴിയെ നോക്കി നിന്നിട്ട് വാതിലടക്കാൻ തുടങ്ങിയപ്പോൾ ഇരുട്ടിൽനിന്നൊരു ശൂശൂ വിളി ജിൻസി കേട്ടു. ഭാഗം ഒന്ന്.
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
01
തിരുപ്പിറവിയുടെ തലേരാത്രി കരിമലപ്പള്ളിയുടെ മേൽക്കൂര പറന്നുപോയി. തദേവൂസച്ചൻ നോക്കിനിൽക്കെയാണ് സംഭവം. പുലരി കുർബാന ഉള്ളതുകൊണ്ട് നേരത്തേ കിടന്നെങ്കിലും എന്തോ മൂന്നുമണിയായിട്ടും അയാൾക്കുറങ്ങാൻ കഴിഞ്ഞില്ല. കൊന്തയുരുട്ടി തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാണ് സംഭവം. കാറ്റിന്റെ ഊക്കിൽ അരമന വരെ കുലുങ്ങിപ്പോയി. പുണ്യാളൻ വന്നുപോയ ചരിത്രമുള്ള പള്ളിയാണ് നിന്നനിൽപ്പിൽ കാറ്റെടുത്തത്. മിന്നലിൽ ചുരംകയറി വരുന്ന ബുള്ളറ്റ് ശ്രദ്ധയിൽപ്പെട്ടതും മരപ്പണിക്കാരൻ പൂമല പത്രോസിന്റെ മകൾ ജിൻസിയുടെ കുമ്പസാര രഹസ്യം അച്ചനോർമ വന്നു. പെട്ടെന്നുതന്നെ കപ്യാര് ജോമോനെ വിളിച്ചെങ്കിലും അവന്റെ നമ്പർ സ്വിച്ച്ഓഫായിരുന്നു.
സമയം കളയാതെ അച്ചൻ ജിൻസിയുടെ നമ്പറിലേക്ക് വിളിച്ചു.
02
കോൾ വരുമ്പോൾ പത്രോസിന്റെ വീട്ടിൽ ജിൻസിയെ കെട്ടിപ്പുണർന്നു കിടക്കുകയായിരുന്നു കപ്യാർ ജോമോൻ.
“പള്ളിലച്ചനാണല്ലോ...”
ഫോണിൽ നോക്കി ജിൻസി പറഞ്ഞതും പിടിച്ചുകെട്ടിയപോലെ കപ്യാരുടെ ശ്വാസം നിലച്ചു. താൻ ഇവിടുണ്ടെന്ന് അച്ചനെങ്ങനെ അറിഞ്ഞു എന്നായിരുന്നു അയാളുടെ സംശയം.
അവൾ കോളെടുത്തു.
“ഫോൺ കപ്യാർക്ക് കൊടുത്തേ.”
അച്ചന്റെ സ്വരത്തിൽ എന്തോ വല്ലായ്മ ജിൻസിക്ക് തോന്നി. ജോമോനെ ഫോൺ ഏൽപിച്ചശേഷം ജിൻസി തലയണക്കടിയിൽ ചുരുട്ടിവെച്ചിരുന്ന വസ്ത്രങ്ങളിൽനിന്ന് നൈറ്റി മാത്രം എടുത്തിട്ടു. പുറത്ത് ഇടിച്ചുകുത്തിയാണ് മഴപെയ്യുന്നത്. തദേവൂസച്ചൻ പറഞ്ഞതുകേട്ട് പള്ളിയിലേക്ക് പോകാൻ ജോമോൻ തിരക്കുകൂട്ടി.
“അച്ചനെന്നാത്തിനാ വിളിച്ചേ...”
ജിൻസി ചോദിച്ചു.
“പള്ളി പറന്നുപോയെന്ന്.”
ജോമോൻ മുറ്റത്തേക്കിറങ്ങി.
“പള്ളി പറന്നെന്നോ? നീയെന്നാ കോപ്പാ ഈ പറയുന്നെ?”
മറുപടിക്ക് നിൽക്കാതെ കിണറ്റുവക്കത്തെ വാഴക്കൈ ഒടിച്ച് കപ്യാര് പള്ളിയിലേക്കോടി. ഒന്നും മനസ്സിലാവാതെ ജോമോൻ പോയവഴിയെ നോക്കി നിന്നിട്ട് വാതിലടക്കാൻ തുടങ്ങിയപ്പോൾ ഇരുട്ടിൽനിന്നൊരു ശൂശൂ വിളി ജിൻസി കേട്ടു. ആരാടാന്ന് ചോദിച്ച് ശബ്ദമിട്ടതും തൊട്ടടുത്തവീട്ടിലെ കുഞ്ഞിന്റെ മകൻ ലിയോക്കുട്ടൻ കുടചൂടി വെളിച്ചത്തേക്ക് വന്നു.
‘‘നീയാരുന്നോ? നിനക്ക് ഒറക്കൊന്നൂല്ലെ.’’
ചിരിച്ചതല്ലാതെ ലിയോക്കുട്ടൻ മറുപടി പറഞ്ഞില്ല.
‘‘ഇളിക്കുന്നോ. വേഗം വീട് പിടിച്ചോ കുരുപ്പെ. ഇല്ലെ നിന്റെ അപ്പനെ ഞാൻ വിളിച്ചൊണത്തും.’’
‘‘കപ്യാരുടെ വരവും പോക്കും ഞാൻ കാണാറൊണ്ട്.” അവൻ പറഞ്ഞു.
“അതിന്...”
“അതിനൊന്നൂല്ല. എനിക്കും ചേച്ചീനെ ഇഷ്ടാ.”
“നീയെന്നാ വെരട്ടാൻ നോക്കുവാ.” ജിൻസിക്ക് ദേഷ്യം കയറി. “കൂടുതല് വെളഞ്ഞാ നിന്റെ മോന്ത ഞാനടിച്ച് പൊട്ടിക്കും. മര്യാദക്ക് വീട്ടിപ്പോടാ.”
“ഞാൻ സിൻസിയറാണ് ചേച്ചി.” ലിയോക്കുട്ടൻ ജിൻസിയുടെ കൈയിൽ പിടിച്ചു. “നമ്മളൊക്കെ ഒറ്റ ജാതിയല്ലെ ചേച്ചീ.”
കൈ വലിച്ചെടുത്ത ജിൻസി അവന്റെ നെഞ്ചത്ത് ചവിട്ടി. ലിയോക്കുട്ടൻ മഴയത്തേക്ക് മലർന്നുവീണു. തെറിച്ചുപോയ കുടയെടുക്കാതെ അവൻ സാവധാനമെഴുന്നേറ്റു.
“ഡിഗ്രിക്ക് എന്റെ മെയിൻ ഹിസ്റ്ററിയാ.” അവൻ കുറച്ചുകൂടെ അടുത്തേക്കു ചെന്നു. ‘‘ചരിത്രമറിയാത്തകൊണ്ടാ ചേച്ചിക്ക് ജോമോനെ ഇത്ര വിശ്വാസം.
കണ്ടോ സമയംവരുമ്പോ അവൻ തിരിഞ്ഞുകുത്തും. ഇല്ലെങ്കി എന്റെ പേര് പട്ടിക്കിട്ടോ.’’
ലിയോക്കുട്ടൻ വീട്ടിലേക്ക് നടന്നു.
03
“ആ പെണ്ണിന് ദൈവഭയമുള്ളകൊണ്ട് ഇപ്പ നീ രക്ഷപ്പെട്ട്. ഇല്ലെങ്കി നിന്റെ കിടുക്കാമണി ഇവന്മാരിന്ന് ചെത്തിയേനെ. അറിയാല്ലോ രണ്ടിന്റേം സ്വഭാവം...”
പള്ളിമുറ്റത്തേക്ക് ഓടിച്ചെന്ന കപ്യാരുടെ ചെവിയിൽ അച്ചൻ പിറുപിറുത്തു. അപ്പോഴാണ് ജിൻസിയുടെ ചേട്ടൻ ബിനോയുടെ ബുള്ളറ്റ് അവിടെ ഇരിക്കുന്നത് അവൻ കണ്ടത്. ജോമോന്റെ നെഞ്ചിലൊരു കൊള്ളിയാൻ മിന്നി. പള്ളിയുടെ പിന്നിൽനിന്നും പൂമല പത്രോസും ബിനോയും അങ്ങോട്ടേക്ക് വന്നു. “ഒക്കെക്കൂടി വാരിക്കൂട്ടി കുശിനീല് കത്തിക്കാനെടുക്കച്ചോ. ഉത്തരോം കഴുക്കോലുമൊക്കെ അമ്മാതിരി നുറുങ്ങിപ്പോയി. പള്ളിക്ക് പുതിയ മേലാപ്പ് കേറ്റാതെ ഇനി ഒക്കത്തില്ല...”
ബുള്ളറ്റിന്റെ പിന്നിൽ കയറവെ പത്രോസ് പറഞ്ഞു. അവർ പോയ പിന്നാലെ അച്ചൻ മേടയിലേക്ക് പോയി.
04
പുലർച്ചയോടെ കാറ്റുംകോളുമെല്ലാം ശമിച്ചു. വെളിച്ചം വീണതോടെ പള്ളിമുറ്റത്ത് ജനം നിറഞ്ഞു. കശാപ്പുകാരൻ ബേബിയും സഹായികളുമാണ് ആദ്യമെത്തിയത്. പഴഞ്ചൻ 407ൽനിന്ന് നാലെരുമകളെയും തികഞ്ഞ ഒമ്പത് പന്നികളെയും ഇറക്കിയ ബേബി മൃഗങ്ങളുമായി പള്ളിയുടെ കിഴക്കേമൂലയിലേക്ക് പോയി.
സഹായികൾ ഇറച്ചി നുറുക്കാനുള്ള മരക്കുറ്റിയും മറ്റനുസാരികളും സ്ഥാപിക്കുന്നത് കണ്ടപ്പോഴാണ് തദേവൂസച്ചന് കാര്യം പിടികിട്ടിയത്. അച്ചൻ ഓടിച്ചെല്ലുമ്പോഴേക്കും കൂട്ടത്തിൽ മുറ്റിയ എരുമയെ ബേബി പള്ളിത്തിണ്ണയിലേക്ക് മറിച്ചുകഴിഞ്ഞിരുന്നു.
‘‘ബേബിയെന്നതാ ഈ കാണിക്കുന്നേ, ഇത് പള്ളിമുറ്റവാ. കശാപ്പും കച്ചോടോമൊന്നും ഇവിടെ നടക്കത്തില്ല...’’
‘‘അച്ചനച്ചന്റെ പാട് നോക്ക്. തിരുപ്പിറവി മുന്നീകണ്ട് ഒന്നുംരണ്ടും തുലുവായല്ല ഞാൻ കളത്തിലെറക്കിയത്.’’
ബേബി സ്വരം കടുപ്പിച്ചു. നിമിഷനേരംകൊണ്ട് പള്ളിമുറ്റത്ത് സ്ഥാപിച്ച ഇറച്ചിക്കടയുടെ മുന്നിൽ ‘ബേബി മീറ്റ്സ്’ എന്ന തകര ബോർഡ് അയാൾ തൂക്കിയിട്ടു. കരിമലയിലും പരിസരത്തുമുള്ള സകല മനുഷ്യരും അങ്ങോട്ടൊഴുകി. ജനത്തിരക്ക് കണ്ടപ്പോൾ മറ്റു ചിലരും ബേബിയെപ്പോലെ ബിസിനസ് ചിന്തിച്ചു.
തുടർന്ന് ചെറുതും വലുതുമായ പലതരം കച്ചവടങ്ങളും, ചുരുക്കം ചില അസാന്മാർഗിക പ്രവർത്തനങ്ങളും അവിടെ നടന്നു. പള്ളിയുടെ വടക്കെത്തിണ്ണ പന്നിമലത്തുകാരും തെക്കേത്തിണ്ണ മുച്ചീട്ടു കളിക്കാരും പങ്കിട്ടെടുത്തു. സെമിത്തേരിയുടെ ഭാഗത്ത് കൂനൻ തമ്പി വാറ്റുവിൽക്കുന്ന കാര്യം കപ്യാര് ശ്രദ്ധയിൽപെടുത്തിയെങ്കിലും അച്ചൻ കേട്ടതായി നടിച്ചില്ല. സുന്ദരൻ നാടാരിൽനിന്നും ജയ്സൺ തുരുത്തിക്കരയെന്ന സുവിശേഷ പ്രവർത്തകനിലേക്ക് ജീവിതം മാറ്റിസ്ഥാപിച്ചിട്ടും രക്ഷപ്പെടാതെ പോയ പഴയൊരു കൊലപ്പുള്ളി അഞ്ചാറ് വർഷമായി കരിമലയിലുണ്ടായിരുന്നു.
നാട്ടുകാരിൽനിന്ന് പൂർവകാലം മറച്ചുവെച്ചാണ് അയാളവിടെ സകുടുംബം ജീവിച്ചുവന്നത്. ജയ്സൺ വിളിച്ചു പറഞ്ഞതനുസരിച്ച് മൂന്നു പോക്കറ്റടിക്കാരും രണ്ടുകള്ളന്മാരും ഒരു മാലപൊട്ടിക്കൽ വിദഗ്ധനും വെളുപ്പിനേ സ്ഥലത്തെത്തിയിരുന്നു.
നൂറ്റിക്ക് പത്തുരൂപ കമീഷനിൽ വരുത്തിയ കള്ളന്മാരുമായി ജയ്സൺ ഇടവകക്കാരുടെ ആളില്ലാത്ത വീടുകളിലേക്കു പോയി. ഇതിനകം ‘ബേബി മീറ്റ്സി’ൽ ഇറച്ചി കഴിഞ്ഞിരുന്നു. എന്നിട്ടും ഇറച്ചി ചോദിച്ച് പിന്നെയും ആളുകൾ ചെന്നു. വന്നവരോടൊക്കെ വെയ്റ്റ് ചെയ്യാൻ പറഞ്ഞിട്ട് വിശ്വസ്തരായ രണ്ട് സഹായികളെയും കയറ്റി ബേബി 407 ഓടിച്ചുപോയി. ഉരുക്കളെ വളർത്തുന്ന ആളില്ലാത്ത വീടുകളായിരുന്നു അയാളുടെയും ലക്ഷ്യം.
05
ചിതലെന്ന അപരനാമത്തിൽ പ്രസിദ്ധനായ പലിശക്കാരൻ ജോർജിന്റെ പുരയിടത്തിൽവെച്ച് ജയ്സൺ തുരുത്തിക്കരയും കൂട്ടരും ബേബിയുടെ സംഘത്തെ കണ്ടെങ്കിലും പരസ്പരം കാണാത്തതുപോലെ ഇരുസംഘവും നടിക്കുകയുണ്ടായി. ഉടമസ്ഥർ തിരിച്ചറിയാതിരിക്കാൻ അടിച്ചുമാറ്റിയ എരുമകളുടെ മേൽ ചായംപൂശാനുള്ള സൗകര്യം നോക്കിയാണ് കശാപ്പ് ടീം, ജോർജിന്റെ അടയ്ക്കാതോട്ടത്തിൽ കേറിയത്.
ഉരുക്കളുടെ തൊലിക്കറുപ്പിൽ വെറുതെ വെള്ളവലിക്കാനായിരുന്നു ബേബിയുടെ പദ്ധതി. കശാപ്പില്ലാത്ത സമയങ്ങളിൽ പാർട്ടിക്കു വേണ്ടി ചുവരെഴുതാൻ പോകാറുള്ള പ്രധാനസഹായി അയാളെ തടഞ്ഞു.
“ആശാനെ വെറും വെള്ളംകൊണ്ട് കാര്യമില്ല.”
“പിന്നെ?”
ചോദ്യഭാവത്തിൽ നോക്കിയ ബേബിയുടെ കൈയിൽനിന്ന് ബ്രഷ് പിടിച്ചുവാങ്ങിയ സഹായി ഉരുക്കളുടെ മേൽ എന്തോ എഴുതിയശേഷം ഒരു താടിക്കാരന്റെ ചിത്രം വരക്കാൻ തുടങ്ങി. എല്ലാം നിമിഷനേരംകൊണ്ട് കഴിഞ്ഞു. കൂട്ടാനും കുറക്കാനും മാത്രമറിയാവുന്ന ബേബിക്ക് അവൻ എഴുതിയത് എന്താണെന്ന് മനസ്സിലായില്ല. എങ്കിലും എരുമപ്പുറത്ത് സഹായി വരച്ച താടിക്കാരനെ എവിടെയോ ഒരു പരിചയം അയാൾക്ക് തോന്നി. അത് ഓർത്തെടുക്കാൻ ശ്രമിക്കുമ്പോഴാണ് ചിതല് ജോർജിന്റെ അടുക്കളവാതിൽ തുറന്ന് ജയ്സൺ തുരുത്തിക്കര പുറത്തേക്കിറങ്ങിയത്. പരസ്പരം കണ്ടതും ബേബിയും ജയ്സണും ഒരുപോലെ മുഖം തിരിച്ചുകളഞ്ഞു.
പള്ളിമുറ്റത്ത് കൊണ്ടിറക്കിയ എഴുത്തും വരയുമുള്ള ഉരുക്കളെ കണ്ട് നാട്ടുകാർ വാ പൊളിച്ചു. എരുമകളുടെ മേലുള്ള താടിക്കാരനെ ഓർത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു ബേബി അപ്പോഴും.
“കൊല്ലാം... പക്ഷേ തോൽപ്പിക്കാനാവില്ല...”
എരുമപ്പുറത്ത് നോക്കി ആരോ ഉറക്കെ വായിച്ചു.
06
പള്ളിക്ക് ആപത്ത് സംഭവിച്ചതിനാൽ കുർബാന നടത്തണോ വേണ്ടയോ എന്നറിയാൻ രൂപതയിലേക്ക് വിളിക്കാനായി അച്ചൻ ഫോണെടുത്തു.
ബഹളത്തിൽ നിന്നൊഴിയാൻ വേണ്ടി സെമിത്തേരിയുടെ പിന്നിലേക്ക് പോയ അച്ചനെ അവിടത്തെ കാഴ്ച ഞെട്ടിച്ചുകളഞ്ഞു. പുറത്ത് കരിമല ഷൈനിയെന്നും നാട്ടിൽ സ്വർഗം ഷൈനിയെന്നും പേരെടുത്തവൾ ഷാപ്പുകാരൻ വറീതുമായി അരഞ്ഞാണച്ചരടിന്റെ മറപോലുമില്ലാതെ അവിടെ കിടക്കുന്നു. ചാടിയെഴുന്നേറ്റ ഷൈനിയും വറീതും മുട്ടുകുത്തി പ്രാർഥിക്കുന്നതായി ഭാവിച്ചെങ്കിലും അവരെ ശ്രദ്ധിക്കാതെ അച്ചൻ കുറച്ച് അപ്പുറത്തേക്ക് മാറിനിന്നു.
കൈക്കൊള്ളാൻ ആളുണ്ടെ പള്ളിയെന്നല്ല പറുദീസതന്നെ ഇല്ലാണ്ടായാലും കുർബാന നടന്നിരിക്കണമെന്ന് പറഞ്ഞേച്ച് രൂപതക്കാർ ഫോൺകട്ട് ചെയ്തു. അങ്ങനെ മേൽക്കൂര ഇല്ലാത്ത പള്ളിയിൽ അന്നത്തെ പ്രാർഥന നടന്നു.
07
“പള്ളീടെ കാര്യത്തിൽ ഒരു തീരുമാനം വേണ്ടെ...’’
ദിവ്യബലി കഴിഞ്ഞതും ചിതല് ജോർജ് ശബ്ദമുയർത്തി. അയാളുടെ ചോദ്യത്തിന് മറുപടി പറയാതെ ആരെയോ പ്രതീക്ഷിക്കുന്നതുപോലെ അച്ചൻ ദൂരേക്ക് നോക്കുകയാണ്.
‘‘നമ്മൾ ഒച്ചയിട്ടിട്ട് ഒരു കാര്യവുമില്ല. അച്ചൻ വാ തുറക്കണമെങ്കിൽ പാലക്കുന്നേൽ വക്കൻ വരണം.
അയാളാണല്ലോ കരിമലയുടെ ഉടേതമ്പുരാൻ...’’ പരിഹസിക്കുംപോലെ ജിൻസി പറഞ്ഞു. അതിഷ്ടപ്പെടാതെ കപ്യാരുടെ കൈയിൽനിന്നും അച്ചൻ മൈക്ക് വാങ്ങി...
“എന്നോടാരും മെക്കിട്ട് കേറണ്ട. പള്ളിയെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും വക്കന്റെ തീരുമാനത്തിന് പ്രസക്തിയുണ്ട്. പ്രത്യേകിച്ചും ഇക്കാര്യത്തില്... കാരണം മേൽക്കൂര കേറണെ ലക്ഷങ്ങള് വേണം.’’ ഒന്ന് നിർത്തിയിട്ട് അച്ചൻ ജിൻസിയെ പാളിനോക്കി.
“പിരിക്കാനിറങ്ങിയാ കനത്തിൽ വല്ലതും തരാൻ പറ്റിയ എത്ര വീട്ടുകാരുണ്ട് കരിമലയിൽ. കൂടിപ്പോയാൽ ആറോ ഏഴോ. ബാക്കി വീട്ടീന്നൊക്കെ നാലഞ്ച് ചോട് കപ്പേം കാച്ചിലും പിന്നെ കുറച്ച് കോഴിമുട്ടേം കിട്ടും. അതുകൊണ്ട് തീരുന്ന കേടാണോ ഈ കാണുന്നേ...’’
പാലക്കുന്നേൽ വക്കന്റെ കാരവാൻ വരുന്നതുകണ്ട് സംസാരം നിർത്തി തദേവൂസച്ചൻ മുറ്റത്തേക്കിറങ്ങി. ആളുകളൊക്കെ വഴിയൊഴിഞ്ഞ് കൊടുത്തു. തികട്ടിവന്ന ദേഷ്യത്തെ ജിൻസി കാർക്കിച്ചുതുപ്പി. മുൻ എം.എൽ.എ കൂടിയായ വക്കൻ കഴുത്തിന് താഴേക്ക് ചലനം നഷ്ടപ്പെട്ടശേഷം കാരവാനിലാണ് യാത്ര. എന്തിനും പോന്ന മൂന്നാൺമക്കളാണ് അയാൾക്ക്.
മൂത്തവൻ സ്റ്റീഫൻ രാഷ്ട്രീയത്തിലിറങ്ങി എം.പി വരെയായി. അയാൾക്ക് താഴെയുള്ള സേവ്യറും റാഫേലും കുടുംബവക ആശുപത്രിയും മറ്റ് ബിസിനസുകളും നോക്കിനടത്തുന്നു.
നടക്കല്ല് ചേർത്ത് ഡ്രൈവർ വാനൊതുക്കി. വക്കന്റെ സഹായിയായ ബംഗാളി സ്ട്രെച്ചർ തള്ളിയിറക്കി അയാളെ പള്ളിക്കകത്ത് എത്തിച്ചു.
“അച്ചോ സംഭവം കളറാണല്ലോ...”
മലർന്നുകിടന്ന് മാനത്ത് നോക്കി വക്കൻ പറഞ്ഞു.
‘‘പക്ഷേ മേൽക്കൂര കെട്ടാതെ പറ്റുവോ. പണി നമ്മടെ പത്രോസും മകനും ഏറ്റിട്ടുണ്ട്. കൂലി വേണ്ടെന്നാ അവര് പറയുന്നെ...” ബിനോയിയെ അടുത്തേക്ക് വിളിച്ചിട്ട് അച്ചൻ തുടർന്നു. “ഒക്കെ അളന്നും കുറിച്ചും അവര് തന്നിട്ടൊണ്ട്. പുതിയകൂട്ട് പുണ്യാളന്റെ തടിക്ക് കേറ്റാന്നാ പത്രോസ് പറയുന്നേ.”
ഒരു നിമിഷത്തേക്ക് എല്ലാരുമൊന്ന് നിശ്ചലരായി.
‘‘അത് നടക്കത്തില്ലച്ചോ. പുണ്യാളൻ തടിയെ തൊടാൻ രൂപത സമ്മതിക്കത്തില്ല...” അതുവരെ മിണ്ടാതിരുന്ന നാരകത്തറ പീലി മുന്നോട്ടു വന്നു.
“ആ മരംകിട്ടിയാ ഒറ്റക്കാതലെ കൂട്ട് കേറും. പിന്നെ ഭൂകമ്പമെണ്ടായാലും പള്ളിയനങ്ങത്തില്ല. പണച്ചിലവും പകുതിക്ക് പകുതി കുറയും.”
നിതാന്ത ശത്രുവായ പീലിയുടെ മുഖത്ത് നോക്കാതെ പത്രോസ് പറഞ്ഞു.
‘‘എന്നാ പിന്നെ അത് അങ്ങനെയങ്ങ് ഉറപ്പിക്കച്ചോ...” ചിലവ് കുറയുമെന്ന സന്തോഷത്തിൽ വക്കൻ പറഞ്ഞു. “പിന്നെ, പാലക്കുന്നേലുമുണ്ട് ഒരു മെത്രാനച്ചൻ. അതുകൊണ്ട് രൂപതേലെ കാര്യം പീലി വിട്ടുപിടി...’’
അയാളുടെ നേരെ ഇളയ അനിയനാണ് പാലക്കുന്നേൽ മെത്രാനെന്ന് അറിയപ്പെടുന്ന ആന്റണിയച്ചൻ.
‘‘എന്നാ പറഞ്ഞാലും ഈ തീരുമാനം ശരിയാകത്തില്ല. ഇത് പുണ്യാളന്റെ ഉരുപ്പടിവെച്ചുള്ള കളിയാ. പണി നമ്മടെ കൂട്ടർക്ക് കൊടുക്കണം...”
ജോമോൻ മുന്നോട്ടുവന്നു.
“മനസ്സിലായില്ല.”
കപ്യാരുടെ സംസാരം അച്ചനെ ദേഷ്യംപിടിപ്പിച്ചു.
“ഇനീപ്പോ ഞാൻ പറഞ്ഞിട്ട് വേണോല്ലോ പൂമലക്കാരുടെ താവഴി അച്ചന് മനസ്സിലാക്കാൻ...” ജോമോൻ ഇടവകക്കാരുടെ നേരെ തിരിഞ്ഞു. “അതേ പുണ്യാളത്തടിയേല് ഇവന്മാര് കേറി നെരങ്ങണോന്ന് നിങ്ങളാലോചിക്ക്...”
കപ്യാരുടെ കരണമടിച്ച് പൊട്ടിക്കാൻ ജിൻസി മുന്നോട്ടാഞ്ഞു. പക്ഷേ, അവൾക്ക് മുന്നെ ബിനോ കപ്യാരുടെ കുത്തിന് പിടിച്ചാട്ടി.
“എന്നാ പിന്നെ നീയും നിന്റാൾക്കാരും കൂടിയങ്ങ് ഒണ്ടാക്കടാ...”
രംഗം വഷളാകുമെന്ന് കണ്ട വക്കൻ മൂത്തമകൻ സ്റ്റീഫനെ കണ്ണുകാണിച്ചു.
അർഥം പിടികിട്ടിയ സ്റ്റീഫൻ അവരെ പിടിച്ചുമാറ്റുകയും കപ്യാർക്കിട്ട് ഒന്ന് പൊട്ടിക്കുകയും ചെയ്തു. ജാതിപറഞ്ഞ സ്ഥിതിക്ക് പള്ളിപ്പണിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിന്ന ബിനോയെ സ്റ്റീഫനും തദേവൂസച്ചനും കൂടി മയപ്പെടുത്താൻ തുടങ്ങി. തന്റെയടുത്ത് നിന്ന ലിയോക്കുട്ടനെ ജിൻസി തോണ്ടി.
“എനിക്ക് വീട്ടീപ്പോണം. പറ്റുവെങ്കി നീ ഒന്ന് ഡ്രോപ്പ് ചെയ്യ്...”
ലിയോക്കുട്ടന് വിശ്വസിക്കാൻ കഴിഞ്ഞില്ല. മാന്ത്രികച്ചുറ്റിലകപ്പെട്ട പോലെ അവളുടെ പിന്നാലെ സ്കൂട്ടറിനടുത്തേക്ക് അവൻ നടന്നു. ലിയോക്കുട്ടനെ വട്ടംപിടിച്ചിരുന്നുള്ള ജിൻസിയുടെ പോക്ക് കപ്യാര് ജോമോൻ നോക്കിനിന്നു.
“പണി ഞങ്ങള് ചെയ്തോളാം.”
ഒടുക്കം പത്രോസ് തന്റെ തീരുമാനം പറഞ്ഞു.
08
പിറ്റേന്ന് തന്നെ പള്ളി മേൽക്കൂരയുടെ പണി തുടങ്ങി. സഹായികളായി പടിഞ്ഞാറുനിന്ന് കുറച്ചുപേരെ ബിനോ വരുത്തിയിരുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് കരിമലയിൽ കാലുകുത്തിയ ഏതോ ഒരു പുണ്യാളൻ പുറംചാരിയ വീട്ടിമരം മറിഞ്ഞുവീണപ്പോൾ ഒറ്റത്തടിയാക്കി അത് പള്ളിയിൽ സൂക്ഷിച്ചു. വർഷത്തിൽ പെരുന്നാളിന് മാത്രം പുണ്യാളത്തടി പുറത്തിറക്കി. അതും തോളിലേറ്റിയാണ് പ്രദക്ഷിണം നടക്കാറുള്ളത്. കുരിശടി ചുറ്റിവരുന്ന ഘോഷയാത്രയിൽ പുണ്യാളമരം ചുമക്കാനുള്ള അവകാശം കാലങ്ങളായി വക്കന്റെ കുടുംബത്തിനാണ്. തടിയെ ചൊല്ലി മാർഗം കൂടിയവരുമായി പണ്ട് തർക്കം നടന്നതായി ഒരു ചരിത്രമുണ്ട്.
പത്രോസിന്റെ ഒരപ്പാപ്പനാണ് അന്ന് പ്രശ്നമുണ്ടാക്കിയത്. അവസാനം തർക്കം ദിവാന്റെ മുന്നിലെത്തുകയും തടിയുടെ അവകാശം പാലക്കുന്നേൽ കുടുംബത്തിന് കിട്ടുകയും ചെയ്തു. മുറിച്ച് കഷണങ്ങളാക്കും മുന്നേ ഒരിക്കൽകൂടി പുണ്യാളത്തടി കാണാനായി ഇടവക മുഴുവനും പള്ളിമുറ്റത്തുണ്ട്. വക്കനൊപ്പം കാരവാനിലിരുന്ന് തദേവൂസച്ചൻ പണി നിരീക്ഷിച്ചു. പത്രോസ് ചെയ്ത ആദ്യത്തെ പ്രവൃത്തി കണ്ടപ്പോഴാണ് തലേന്ന് കപ്യാര് പറഞ്ഞതിലെ ഗൗരവം പലർക്കും മനസ്സിലാവുന്നത്. തടിക്ക് മേലെ കയറിയ പത്രോസ് ഒരറ്റത്തുനിന്നും മറ്റേയറ്റത്തേക്ക് കാലുകൊണ്ടളക്കുന്നപോലെ അങ്ങോട്ടുമിങ്ങോട്ടും രണ്ടുമൂന്നു വട്ടം നടന്നു. ആ കാഴ്ച വിശ്വാസികളെ വിഷമിപ്പിച്ചു കളഞ്ഞു. എവറസ്റ്റ് മല നെഞ്ചത്ത് വീണതുപോലത്തെ അവസ്ഥയായിരുന്നു അവരുടേത്.
“ഒറ്റത്തടി കാലിനുതന്നെ അളക്കണം. ഇല്ലെ വളവറിയാൻ പറ്റത്തില്ല...’’
തടിയിലിരുന്ന് പത്രോസ് ബീഡി കത്തിച്ചു. ബിനോയും പണിക്കാരും പത്രോസ് വരഞ്ഞ അടയാളത്തിൽ മരം മുറിക്കാൻ തുടങ്ങി. തടിയുടെ നീളം കുറയുന്നത് അനുസരിച്ച് ചരിത്രത്തിൽ അഭിരമിച്ച് അവസാനകാലം കഴിച്ചുകൂട്ടുന്ന പ്രായമുള്ള മനുഷ്യരുടെ ദുഃഖം കൂടിവന്നു.
“അല്ലപ്പാ, അപ്പനെന്തിനാ തടി കാലുകൊണ്ടളന്നത്...”
വൈകീട്ട് പണികഴിഞ്ഞ് ഷാപ്പിലേക്ക് നടക്കുമ്പോൾ ബിനോ പത്രോസിനോട് ചോദിച്ചു. അയാൾ ചിരിച്ചുകൊണ്ട് കോട്ടൺ ജുബ്ബ മുകളിലേക്ക് പൊക്കി.
കൊല്ലങ്ങൾക്കുമുമ്പ്, നാരകത്തറ പീലി കുത്തിയ മുറിപ്പാട് അപ്പന്റെ അടിവയറ്റിൽ തെളിഞ്ഞുകിടക്കുന്നത് ബിനോ കണ്ടു...
“ഞാൻ ഈ കുത്തുകൊണ്ടത് എന്നാത്തിനാന്ന് മകനറിയാവോ?”
അയാൾ ചോദിച്ചു.
“പീലീടെ പെങ്ങളെ പിടിച്ചകൊണ്ട്...”
“അതവൻ പറഞ്ഞ കഥ.” പത്രോസ് ബിനോയുടെ തോളിലേക്ക് കയ്യിട്ടു.
“ശരിക്കും ഈ തടിയെ തൊട്ടതിനാ അവനെന്നെ കുത്തിയത്...”
കരിമലയിലെ സകല കുടിയന്മാരുടെയും ഭാഗ്യദിവസമായിരുന്നു അത്.
വന്നവരെല്ലാം പത്രോസിന്റെ ചെലവിൽ ബോധം പോകുവോളം കള്ള് കുടിച്ചു.
“വാ നമ്മക്ക് ആ പട്ടാളം കൊച്ചിന്റെ വീട്ടിലേക്ക് പോകാം. എനിക്കെന്റെ റാണിമുത്തിനെ കാണണം.”
കുടിച്ചുമെത്തിയ പത്രോസ് ബിനോയോട് പറഞ്ഞു.
09
റാണി തുറന്നുകൊടുത്ത അടുക്കള വാതിലിലൂടെ അപ്പൻ പട്ടാളം കൊച്ചിന്റെ വീട്ടിലേക്ക് കയറുമ്പോൾ ബിനോ നാരകത്തറ പീലിയുടെ മകൾ ഷിജിയെ ഓർക്കുകയായിരുന്നു.
അവളും താനും എട്ടാംക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു തിരുന്നാൾ രാത്രിയിലാണ് പീലി അപ്പനെ കുത്തിയത്. അന്നുതൊട്ടാണ് പൂമലക്കാരും നാരകത്തറക്കാരും ബദ്ധവൈരികളായത്. കുത്തുകിട്ടുന്ന ദിവസം ഉച്ചക്ക് ലഹരിപ്പറ്റിൽ പൂമല പത്രോസ് പ്രദക്ഷിണം തടഞ്ഞു.
“പുണ്യാളനെ വിളിച്ച് പ്രാർഥിക്കാൻ അവകാശമുണ്ടേല് പുള്ളിക്കാരന്റെ തടി ചുമക്കാനും ഞങ്ങക്ക് അവകാശമുണ്ട്.
അല്ലേത്തന്നെ ഇതുമ്മേ തൊടാതിരിക്കാൻ ഞങ്ങടെ കൈയ്യേലെന്നാ തീട്ടം പറ്റിട്ടുണ്ടോ..?”
ആളുകളൊക്കെ സ്തംഭിച്ചു നിൽക്കുമ്പോൾ പാലക്കുന്നേൽ സ്റ്റീഫനെ വലിച്ചുമാറ്റി മുൻനിരയിലേക്ക് കയറിയ പത്രോസ് തടിക്ക് തോള് കൊടുത്തു. പക്ഷേ, രണ്ടടി വെക്കാൻപോലും അയാൾക്ക് കഴിഞ്ഞില്ല. പൂസുംപുറത്ത് നിലതെറ്റി വീണുപോയി. അന്ന് രാത്രി കെട്ടിറങ്ങിയശേഷം ബിനോയുമായി നാടകത്തിന് പോകുന്ന വഴിക്കാണ് പീലി വട്ടംനിന്നത്. തടയാൻ നോക്കിയെങ്കിലും ഒറ്റ ചവിട്ടിന് ബിനോ കൈതക്കാട്ടിലേക്ക് തെറിച്ചു. ഒരു കുത്തും ഒരു വലിയും.
പത്രോസിന്റെ കുടല് മുഴുവൻ പുറത്തുചാടി. എന്നിട്ടും അയാൾ ചത്തില്ല.
മൂന്നുദിവസം കണ്ണു തുറക്കാതെ കിടന്നു.
എന്തായാലും ആ സംഭവത്തിനുശേഷം എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഷിജി ബിനോയോട് മിണ്ടാൻ തുടങ്ങി.
സംസാരം മൂത്തുമൂത്തുവന്ന് അവൾക്ക് അവനെ കാണാതിരിക്കാൻ പറ്റാതായി.
വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പലയിടത്തും അവർ സംഗമിച്ചു. പക്ഷേ, ഒരിക്കൽപോലും ബിനോ തന്റെ ദേഹത്ത് തൊടാതിരിക്കാൻ ഷിജി പ്രത്യേകം ശ്രദ്ധിച്ചു. പത്രോസിന്റെ മകനുമായുള്ള ബന്ധത്തിന്റെ പേരിൽ പീലി മകളെ അടിക്കുകയും ചവിട്ടുകയും ചെയ്തു. കവലയിലൂടെ മുടിക്കുത്തിന് പിടിച്ച് വലിച്ചിഴച്ചു. പക്ഷേ, ഷിജി ഒരിഞ്ച് പിറകോട്ടു പോയില്ല. ഇതിന് സമാനമായ അവസ്ഥ വീട്ടിൽനിന്ന് ബിനോയും നേരിട്ടു. പക്ഷേ, പത്രോസ് അവന് കൂട്ടുനിന്നു.
“നീ അവളെ കെട്ടണം മകനെ. അതുകണ്ട് ആ പീലി ചങ്ക് പൊട്ടി ചാകണം.”
അയാൾ മകനോട് പറഞ്ഞു.
പത്താം ക്ലാസിൽ പൊട്ടിയതോടെ ബിനോ ആശാരിപ്പണിക്കിറങ്ങി. ഷിജി പ്രീഡിഗ്രി പരീക്ഷ ജയിച്ച പിറ്റേന്ന് പത്രോസിനെ കുത്തിയ കേസ് കോടതി വിചാരണക്ക് എടുത്തു. കേസിലെ വാദിയായ പത്രോസും ഏക സാക്ഷിയായ ബിനോയും ഷിജിക്കുവേണ്ടി മൊഴിമാറ്റി. അങ്ങനെ പീലിയെ കോടതി വെറുതെ വിട്ടു.
“ഇത്രേക്കെ ആയ സ്ഥിതിക്ക് പിള്ളേരിനി ഒരുമിച്ച് പൊറുക്കട്ടേന്നാ എന്റെ അഭിപ്രായം.”
വിധിക്കുശേഷം പീലിയുടെ ചിലവിൽ കള്ള് കുടിക്കുമ്പോൾ പത്രോസ് പറഞ്ഞു.
“ചേറ്റുമണം തട്ടിയാ എന്റെ മോള് ഛർദിക്കും.” പ്ലേറ്റിലിരുന്ന ഞണ്ടിനെ കാലിൽ തൂക്കി നാരകത്തറ പീലി വായിലേക്കിട്ടു. “പേര് മാറിയാലും നിന്റേക്കെ വേര് മാറുവോ പത്രോസേ...”
അയാൾ വീട്ടിലേക്ക് നടന്നു. അതിന്റെ പിറ്റേന്ന് നഴ്സിങ് പഠിക്കാൻ പോയ ഷിജി പിന്നെയൊരിക്കലും ബിനോയോട് മിണ്ടിയിട്ടില്ല. പഠിച്ച് പഠിച്ച് അവളിപ്പോൾ ലണ്ടനിലെത്തി.
“മതി ആ ഡാഷ് മോളെ ഓർത്തത്... വാ... പോകാം...”
പട്ടാളം കൊച്ചുമോന്റെ വീട്ടിൽനിന്നും പുറത്തേക്കിറങ്ങിയ പത്രോസ് ഇരുട്ടത്തിരുന്ന് ബീഡി വലിക്കുന്ന മകനെ തോണ്ടി. കൃത്യംകൃത്യമായി മനസ്സ് വായിക്കാനുള്ള അപ്പന്റെ കഴിവോർത്ത് ബിനോ അത്ഭുതപ്പെട്ടു.
(തുടരും)