സി.ബി.എസ്.ഇ ജില്ല കലോത്സവത്തിന് തുടക്കം
text_fieldsകോട്ടക്കല്‍: സി.ബി.എസ്.ഇ ജില്ല കലോത്സവത്തിന് ആയുര്‍വേദ നഗരമായ കോട്ടക്കലില്‍ തുടക്കം. സ്റ്റേജിതര മത്സരങ്ങള്‍ നടക്കുന്ന കോട്ടക്കല്‍ പീസ് പബ്ലിക് സ്കൂളില്‍ ആദ്യദിനത്തില്‍ കവിതാലാപനം, ഓയില്‍ പെയിന്റിങ്, ഉപന്യാസം, രചന, ജലച്ഛായം, പോസ്റ്റര്‍ നിര്‍മാണം, ആങ്കറിങ് തുടങ്ങിയ മത്സരങ്ങള്‍ വേദികളെ സജീവമാക്കി.
ആദ്യദിന മത്സരങ്ങൾ പൂർത്തിയായപ്പോൾ 221 പോയന്റുമായി കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂൾ മുന്നിലാണ്. 208 പോയന്റുമായി കുറ്റിപ്പുറം എം.ഇ.എസ് കാമ്പസ് സ്കൂൾ രണ്ടാംസ്ഥാനത്തും 163 പോയന്റുമായി വളാഞ്ചേരി ഡോ. എൻ.കെ.എം.എം.ഇ.എസ് സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനത്തുമാണ്.
പൊതുവിഭാഗത്തിലെ വര്‍ണശബളമായ ബാന്‍ഡ്മേള മത്സരങ്ങളോടെയാണ് കലോത്സവത്തിന് തുടക്കമായത്. ബാൻഡ് മേളത്തില്‍ കോട്ടക്കല്‍ സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ ഒന്നാംസ്ഥാനം നേടി. കുറ്റിപ്പുറം എം.ഇ.എസ് കാമ്പസ് സ്കൂള്‍, നടുവത്ത് സൈനിക് പബ്ലിക് സ്കൂള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിനര്‍ഹരായി. സര്‍ഗോത്സവവും ഐ.ടി മേളയും നടിയും അസി. പ്രഫസറുമായ കൃപ പ്രദീപന് ഉദ്ഘാടനം ചെയ്തു. ശേഷം ഇവർ വേദിയില്‍ അവതരിപ്പിച്ച നൃത്തചുവടുകളും കവിതാലാപനവും മത്സരാർഥികള്‍ക്കും സദസ്സിനും ആവേശമായി. സഹോദയ മലപ്പുറം മേഖല പ്രസിഡന്റ് എം. അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. അല്‍മാസ് ഗ്രൂപ് ചെയര്മാന് ഡോ. പി.എ. കബീര്‍ മുഖ്യാതിഥിയായിരുന്നു.
ജനറല്‍ സെക്രട്ടറി എം. ജൗഹര്‍ മുഖ്യപ്രഭാഷണം നടത്തി. നിര്‍മല ചന്ദ്രന്, സോണി ജോസ്, ജോബിന് സെബാസ്റ്റ്യന്‍, പി. നിസാര്‍ ഖാന്, ജോസ്ലിന് ഏലിയാസ്, എസ്. സ്മിത, സുഹൈല്‍ അരീക്കോട് എന്നിവര്‍ സംസാരിച്ചു. സി.ബി.എസ്.ഇ സഹോദയ സ്കൂള്‍ കോംപ്ലക്സ് മലപ്പുറം റീജ്യന് സംഘടിപ്പിക്കുന്ന സ്റ്റേജിന മത്സരങ്ങള്‍ 4, 15 തീയതികളില്‍ കോട്ടക്കല്‍ സേക്രഡ് ഹാര്‍ട്ട് സീനിയര്‍ സെക്കൻഡറി സ്കൂളിലാണ് അരങ്ങേറുക. ജില്ലയിലെ 62 സി.ബി.എസ്.ഇ വിദ്യാലയങ്ങളില്‍ നിന്നായി ആറായിരത്തില്പരം കുരുന്നുകള്‍ 151 ഇനങ്ങളിളാണ് മാറ്റുരക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.