ജീപ്പിന്റെ ഐതിഹാസിക എസ്.യു.വി ഗ്രാൻഡ് ചെറോക്കി ഇന്ത്യയിൽ; വില 77.50 ലക്ഷം
text_fieldsജീപ്പിന്റെ ഫ്ലാഗ്ഷിപ്പ് എസ്.യു.വി ഗ്രാൻഡ് ചെറോക്കി ഇന്ത്യയിൽ അവതരിപ്പിച്ചു. 77.50 ലക്ഷം ആണ് വില. ഗ്രാന്‍ഡ് ചെറോക്കിയുടെ അഞ്ചാം തലമുറ പതിപ്പാണ് രാജ്യത്ത് എത്തിയിരിക്കുന്നത്. പുണെ രഞ്ജന്‍ഗാവിലെ പ്ലാന്റില്‍ നിർമിക്കുന്ന വാഹനത്തിന്റെ പ്രീ ബുക്കിങ് നേരത്തേ ആരംഭിച്ചിരുന്നു. ഡീലര്‍ഷിപ്പുകള്‍ വഴിയും വെബ്‌സൈറ്റിലും ബുക്ക് ചെയ്യാം. ഡെലിവറി ഈ മാസം അവസാനത്തോടെ ആരംഭിക്കും.
അടിസ്ഥാനപരമായി ഒരു ഹാർഡ്കോർ ഓഫ്റോഡ് എസ്.യു.വിയാണ് ഗ്രാൻഡ് ചെറോക്കി. 272 എച്ച്‌പി, 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് പുതിയ വാഹനത്തിന് കരുത്തുപകരുന്നത്. മെഴ്‌സിഡസ് ജി.എൽ.ഇ, ബി.എം.ഡബ്ല്യു എക്സ്5, ലാൻഡ് റോവർ ഡിസ്‌കവറി വോൾവോ എക്സ്.സി 90, റേഞ്ച് റോവർ വെലാർ, ഓഡി ക്യു 7 എന്നിവരാണ് പ്രധാന എതിരാളികൾ. അഞ്ച് സീറ്റർ വാഹനമാണ് ഗ്രാൻഡ് ചെറോക്കി.
എക്സ്റ്റീരിയർ
അഞ്ചാം തലമുറയിലെത്തുമ്പോള്‍ ഗ്രാൻഡ് ചെറോക്കിയുടെ സാങ്കേതിക വിദ്യയിലും സുരക്ഷയിലും യാത്രാ സുഖത്തിലും സൗകര്യങ്ങളിലുമെല്ലാം ഒട്ടേറെ മാറ്റങ്ങളുണ്ട്.എയറോഡയനാമിക് ബോഡി സ്റ്റൈലും പുതിയ രൂപകല്‍പ്പനയും വാഹനത്തിന്റെ മൊത്തത്തിലുള്ള പ്രകടനത്തേയും സുരക്ഷയേയും കൂടുതല്‍ മെച്ചപ്പെടുത്തി. യാത്രികരുടെ സുരക്ഷ, യാത്രാ സുഖം, സൗകര്യങ്ങള്‍ എന്നിവയ്ക്ക് പരമാവധി പരിഗണന നല്‍കിയാണ് പുതുതലമുറ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് ജീപ്പ് അവകാശപ്പെടുന്നു.
മുൻവശത്ത് പരമ്പരാഗത സെവൻ-സ്ലാറ്റ് ഗ്രില്ലും വൃത്താകൃതിയിലുള്ള എൽ.ഇ.ഡി ഹെഡ്‌ലാമ്പുകളും ആണ് എടുത്തുനിൽക്കുന്നത്. സെൻട്രൽ എയർ ഇൻടേക്കുകൾ, താഴേക്ക് നീണ്ടുനിൽക്കുന്ന ബമ്പർ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, സി-പില്ലറിൽ ബ്ലാക്ക്-ഔട്ട് ഭാഗമുള്ള മേൽക്കൂരയ്‌ക്ക് ഫ്ലോട്ടിംഗ് ഇഫക്റ്റ് എന്നിവയും പ്രത്യേകതകളാണ്. പിൻഭാഗത്ത്, ഗ്രാൻഡ് ചെറോക്കി ബാഡ്ജിങ്, എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ, ടെയിൽ ഗേറ്റിൽ നമ്പർ പ്ലേറ്റ് എന്നിവയുമുണ്ട്.
ഇന്റീരിയർ
ഒന്നിലധികം സ്‌ക്രീനുകളാണ് പുതിയ തലമുറ ഗ്രാൻഡ് ചെറോക്കിയുടെ ഇന്റീരിയറിന്റെ ഹൈലൈറ്റ്. ഫിസിക്കൽ ബട്ടണുകളും ഡയലുകളും നിലനിർത്തുന്നുണ്ട്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ കൂടാതെ, മുൻവശത്തെ യാത്രക്കാരനായി ഡാഷ്‌ബോർഡിൽ മറ്റൊരു സ്‌ക്രീനും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതും 10.1 ഇഞ്ച് വലുപ്പമുള്ളതാണ്.
ഡാഷ്‌ബോർഡിന് ലേയേർഡ് ഇഫക്‌ടും നൽകിയിട്ടുണ്ട്. തുകൽ, തടി, ഗ്ലോസ് ബ്ലാക്ക് ഇൻസെർട്ടുകൾ എന്നിവ ഉപയോഗിച്ച് മികച്ചതും പ്രീമിയവും ആയി തോന്നുന്ന ഇന്റീരിയറാണ് വാഹനത്തിന്. മിനിമലിസ്റ്റ് എ.സി വെന്റുകളും വൃത്തിയായി രൂപകൽപ്പന ചെയ്ത സെന്റർ കൺസോളും ഭംഗിയുള്ളതാണ്.
ആഗോളതലത്തിൽ ഗ്രാൻഡ് ചെറോക്കി എൽ എന്നറിയപ്പെടുന്ന മൂന്ന്-വരി സീറ്റുള്ള വാഹനം ലഭ്യമാണെങ്കിലും ഇന്ത്യയിൽ എത്തിയിരിക്കുന്നത് അഞ്ച് സീറ്റ് പതിപ്പാണ്. 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ചാർജിങ് പാഡ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി, പിൻസീറ്റ് എന്റർടൈൻമെന്റ് സ്‌ക്രീനുകൾ, പനോരമിക് സൺറൂഫ്, ലെതർ അപ്ഹോൾസ്റ്ററി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ടെയിൽഗേറ്റ് എന്നിവയും വാഹനത്തിലുണ്ട്.
പവർട്രെയിൻ
പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്ത മുൻ തലമുറ ഗ്രാൻഡ് ചെറോക്കിയിൽ നിന്ന് വ്യത്യസ്തമായി, പുതിയ മോഡലിന് 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷൻ മാത്രമേ ലഭിക്കൂ. ഈ യൂണിറ്റ് 272 എച്ച്‌പി പവറും 400 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും, 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ്. ഫോർ വീൽ ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും കരുത്ത് അയക്കാൻ എഞ്ചിനാകും. ഓട്ടോ, സ്‌പോർട്ട്, മഡ്, സാൻഡ്, സ്നോ എന്നിങ്ങനെ ഡ്രൈവ് മോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷ
കൂട്ടിയിടി മുന്നറിയിപ്പ്, കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എമര്‍ജന്‍സി ബ്രേക്കിങ് സംവിധാനം, ബ്ലൈന്‍ഡ് സ്‌പോട്ടും വഴിയും കണ്ടെത്താനുള്ള സഹായി, ഡ്രൈവര്‍ വാണിങ് മുന്നറിയിപ്പ് തുടങ്ങി ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളടങ്ങിയ അഡ്വാന്‍സ്ഡ് ഡ്രൈവിങ് അസിസ്റ്റന്‍സ് സിസ്റ്റം (എഡിഎഎസ്), ആക്ടീവ് നോയിസ് കണ്‍ട്രോള്‍ സിസ്റ്റം, അഞ്ച് സീറ്റുകളിലും സീറ്റ് ബെല്‍റ്റ് ഡിറ്റക്ഷന്‍ സിസ്റ്റം, പ്രീമിയം കാപ്രി ലെതര്‍ സീറ്റുകള്‍, വിദൂരനിയന്ത്രണത്തിനുള്ള ഫുള്‍ കണ്ക്ടിവിറ്റി തുടങ്ങി ഒട്ടേറെ ഫീച്ചറുകളാണ് പുതിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയില്‍ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.