ബ്രിട്ടീഷ് മസിൽമാൻ, ആസ്റ്റൻ മാർട്ടിൻ ഡി.ബി എക്സ് ഇന്ത്യയിൽ; വില 3.82 കോടി
text_fieldsബ്രിട്ടീഷ് സ്പോർട്സ് കാർ നിർമാതാക്കളായ ആസ്റ്റൻമാർട്ടിന്‍റെ ആദ്യ എസ്.യു.വിയായ ഡി.ബി എക്സ് ഇന്ത്യയിൽ അവതരിപ്പിച്ചു. 3.82 കോടി രൂപയാണ് വാഹനത്തിന്‍റെ വില. 4.0 ലിറ്റർ, 550 എച്ച്പി വി 8 എഞ്ചിനാണ് ഡിബിഎക്സിന്. 4.5 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയാർജ്ജിക്കാൻ വാഹനത്തിനാവും.
അഞ്ച് മീറ്ററിലധികം നീളമുള്ള ഡിബിഎക്സ് സാമാന്യം വലിയ എസ്‌യുവിയാണ്. പോർഷെ കയേനെക്കാൾ നീളമുള്ളതും എന്നാൽ ബെന്റ്ലെ ബെന്റയ്ഗയുടെ അത്രയും വലുപ്പമില്ലാത്തതുമായ വാഹനമാണിത്. 3,060 മിമി വീൽബേസ് കയേനെക്കാളും ബെന്‍റയ്ഗയേക്കാളും കൂടുതലാണ് എന്നതാണ് ശ്രദ്ധേയം. 190 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. കൂടാതെ അഡാപ്റ്റീവ് എയർ സസ്പെൻഷനും ലഭിക്കും. എസ്.യു.വി എന്നാണ് പറയുന്നതെങ്കിലും ക്രോസോവറിന്‍റെ രൂപഭാവങ്ങളാണ് ഡി.ബി എക്സിനെന്ന് പറയാം. ൈഡ്രവ് മോഡുകളേയും ആന്‍റി-റോൾ സിസ്റ്റത്തെയും ആശ്രയിച്ച് ഡിബിഎക്സിനെ 45 എംഎം ഉയർത്താനോ 50 എംഎം താഴ്ത്താനോ കഴിയും.
കാർബൺ സെറാമികിന് പകരം ഡിസ്ക് ബ്രേക്കുകൾ സ്റ്റീൽ ആണെന്നതും സവിശേഷതയാണ്. എസ്‌യുവിക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത പുതിയ അലുമിനിയം പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. 2.2 ടണ്ണിൽ കൂടുതൽ ഭാരവും ഡി.ബി.എക്സിനുണ്ട്. 22 ഇഞ്ച് വലിയ അലോയ്കൾ, ഫ്രെയിമില്ലാത്ത വാതിലുകൾ, പിന്നിൽ മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയ്‌ലർ, എൽഇഡി ടെയിൽ-ലൈറ്റുകൾ, പിന്നിലെ ബമ്പറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇരട്ട എക്‌സ്‌ഹോസ്റ്റുകൾ തുടങ്ങി അത്യാകർഷകമായ വാഹനമാണിത്.
ഇന്‍റീരിയർ
ലോകോത്തര നിലവാരമുള്ളതാണ് ഈ സൂപ്പർ സ്പോർട്സ് എസ്.യു.വിയുടെ ഉൾവശം. നാപ്പാ, അൽകന്‍റാര തുടങ്ങി ഉന്നത നിലവാരമുള്ള തുകൽ ഉപയോഗിച്ചാണ് ഇന്‍റീരിയർ ഫിനിഷ് ചെയ്തിരിക്കുന്നത്. ഡാഷ്‌ബോർഡിൽ ബെസ്‌പോക്ക് സ്വിച്ചുകളും നിയന്ത്രണങ്ങളും ഉണ്ട്. ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റത്തിനായുള്ള 10.25 ഇഞ്ച് സ്‌ക്രീനിൽ ആപ്പിൾ കാർപ്ലേ സ്റ്റാൻഡേർഡാണ്. 12.3 ഇഞ്ച് ടിഎഫ്ടി ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ഡിസ്പ്ലേ, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, ആംബിയന്‍റ് ലൈറ്റിങ് എന്നിവയും നൽകിയിട്ടുണ്ട്. ഡിബിഎക്സ് ഒരു അഞ്ച് സീറ്റർ വാഹനമാണ്. നീളമുള്ള വീൽബേസ് കാരണം പിൻസീറ്റിലും ധാരാളം സ്ഥലമുണ്ട്. തങ്ങളുടെ സൂപ്പർ-എസ്‌യുവികൾ പ്രായോഗികമാകാൻ ആഗ്രഹിക്കുന്നവർക്ക് 632 ലിറ്റർ ബൂട്ടും ആസ്റ്റൻ നൽകിയിട്ടുണ്ട്.
എതിരാളികൾ
ആസ്റ്റൺ മാർട്ടിൻ ഡിബിഎക്സിന് എതിരാളികളുടെ നീണ്ട നിരയാണുള്ളത്. സ്പെക്ട്രത്തിന്‍റെ ഒരറ്റത്ത് പോർഷെ കയേനാണെങ്കിൽ തുടർന്ന് ബെന്റ്ലെ ബെന്റയ്ഗയും റോൾസ് റോയ്‌സ് കള്ളിനനും ലംബോർഗിനി ഉറൂസും, ഓഡി ആർഎസ് ക്യു 8ഉം മാസരെട്ടി ലെവാന്തെയുമൊക്കെവരും. ലോകത്തിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് ഡിബിഎക്സ് എന്ന് പറയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.