എതിരാളികൾ ജാഗ്രതൈ, ജാവ പഴയ ജാവയല്ല; കറുപ്പിന്‍റെ ആഢ്യത്വവുമായി 42 വിപണിയിൽ
text_fieldsപുതിയ നിറങ്ങളും അലോയ് വീലുകളുമൊക്കെയായി പുതിയ ജാവ 42 വിപണിയിലെത്തി. ക്ലാസിക് ലെജണ്ട്സ് നിർമിക്കുന്ന വാഹനത്തിന്‍റെ ടീസർ കമ്പനി നേരത്തേ പുറത്തുവിട്ടിരുന്നു. 2020ൽ ബിഎസ് ആറ് പതിപ്പ് പുറത്തിറങ്ങിയതിന്ശേഷം രണ്ടാമത്തെ മുഖംമിനുക്കലിനാണ് ജാവ വിധേയമാകുന്നത്. ഒറിയോൺ റെഡ്, സിറസ് വൈറ്റ്, ആൾ സ്റ്റാർ ബ്ലാക് എന്നീ നിറങ്ങളാണ് ജാവയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫോർട്ടി ടു എന്ന പഴയ ൈബക്ക് അതേപടി നിലനിർത്തിയാണ് പുതിയ വേരിയന്‍റുകൾ അവതരിപ്പിച്ചിരിക്കുന്നത്. പഴയ വാഹനം ആറ് നിറങ്ങളിൽ ഇപ്പോഴും ലഭ്യമാണ്. പുത്തൻ അലോയ് വീലുകൾ, ഫ്ലൈസ്‌ക്രീൻ, പിന്നിലെ റൈഡറിനായി ഗ്രാബ് റെയിൽ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ബൈക്കിന്‍റെ എഞ്ചിൻ കവറുകൾ, എക്‌സ്‌ഹോസ്റ്റ്, ഹെഡ്‌ലൈറ്റ് ബെസെൽ, സസ്‌പെൻഷൻ എന്നിവ കറുപ്പ് പൂശിയാണ് എത്തുന്നത്. ഇത് വാഹനത്തിന് ആകർഷകമായ ഇരുണ്ട രൂപം നൽകുന്നു. സീറ്റും പരിഷ്കരിച്ചിട്ടുണ്ട്. വലുപ്പം കൂട്ടി കൂടുതൽ മാർദവമാക്കിയ സീറ്റിന് പുതിയ സ്റ്റിച്ചിംഗ് പാറ്റേണും നൽകിയിട്ടുണ്ട്.
എഞ്ചിൻ സവിശേഷതകൾ മുമ്പത്തെപ്പോലെ തന്നെ തുടരുന്നു. എങ്കിലും സാങ്കേതികതയിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയതായും ഇത് വാഹനത്തിന്‍റെ പെർഫോമൻസ് മെച്ചപ്പെടുത്തിയതായും ക്ലാസിക് ലെജൻഡ്സ് പറയുന്നു. ബിഎസ് ആറ്, 293 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ലിക്വിഡ്-കൂൾഡ് ആണ്. ഇത് 27.33 ബിഎച്ച്പിയും 27.02 എൻഎം പീക് ടോർക്കും ഉത്പാദിപ്പിക്കും. 1369 എം.എം ആണ് വീൽബേസ്. ട്യൂബ് ലെസ്സ് ടയറുകളുള്ള കറുത്ത 13 സ്‌പോക് അലോയ് വീലുകൾ പുതിയ ഡിസൈൻ തീമിന് ചേരുന്നതാണ്.
പുനർരൂപകൽപ്പന ചെയ്ത ബോഡി ഗ്രാഫിക്സും ആകർഷകം. സസ്പെൻഷൻ കുറേക്കൂടി ദൃഢമാക്കി എന്നതും എടുത്തുപറയേണ്ടതാണ്. ഇത് മോശം റോഡുകളിൽ ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിക്കുന്നുണ്ട്. ക്ലാസിക് ലെജണ്ട്സ് ക്രോസ് േഫ്ലാ എന്ന് വിളിക്കുന്ന മാറ്റമാണ് എഞ്ചിനിൽ വരുത്തിയിരിക്കുന്നത്. എഞ്ചിനിലെ ലാംഡ സെൻസർ കൂടുതൽ മികച്ച രീതിയിൽ അകത്തും പുറത്തുമുള്ള പരിതസ്ഥിതികളെ മനസിലാക്കി എഞ്ചിനുള്ളിലേക്കും പുറത്തേക്കുമുള്ള വായുസഞ്ചാരത്തെ നിയന്ത്രിക്കുമെന്ന് കമ്പനി പറയുന്നു. ഇത് മലിനീകരണം കുറക്കുകയും ഇന്ധനത്തിന്‍റെ കത്തൽ ശേഷി വർധിപ്പിക്കുകയും ചെയ്യും.
സ്ഥിരമായ മികച്ച പ്രകടനമാവും ഈ മാറ്റങ്ങളുടെ ഫലം. 172 കിലോഗ്രാം ആണ് ഭാരം. പുനർരൂപകൽപ്പന ചെയ്ത സൈഡ് സ്റ്റാൻഡ് വളവുകൾ സുരക്ഷിതമാക്കുന്നുണ്ട്. 2021 ജാവ നാൽപ്പത്തിരണ്ട് ഡീലർഷിപ്പുകളിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. 1,83,942 ലക്ഷം (എക്സ്-ഷോറൂം)രൂപയാണ് ബൈക്കിന്‍റെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.