Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Reviewschevron_rightബഡായിക്കാരൻ ട്രംപ്​...

ബഡായിക്കാരൻ ട്രംപ്​ പോയി ഹരിതവാദി ബൈഡൻ വന്നു, ഇ.വി പറുദീസയാകുമോ അമേരിക്ക?

text_fields
bookmark_border
ബഡായിക്കാരൻ ട്രംപ്​ പോയി ഹരിതവാദി ബൈഡൻ വന്നു, ഇ.വി പറുദീസയാകുമോ അമേരിക്ക?
cancel

എണ്ണ കുടിയന്മാരായ പടുകൂറ്റൻ വാഹനങ്ങളുടെ ആരാധകരാണ്​ അമേരിക്കക്കാർ. ലിറ്ററിന്​ അരയോ ഒന്നോ കിലോമീറ്റർ മൈലേജുള്ള ഹമ്മറും ഡോഡ്​ജും വിളയാടുന്ന അമേരിക്കൻ വിപണിക്ക്​ പറ്റിയ പ്രസിഡൻറായിരുന്നു ഡോണാൾഡ്​ ട്രംപ്​. കാലാവസ്​ഥാ വ്യതിയാനം ഇല്ലാ എന്നും കാർബൺ എമിഷൻ ചൈന ആദ്യം കുറക്ക​െട്ട എന്നുമൊക്കെ ബഡായി അടിച്ചുനടന്ന ​ട്രംപ്​ അമേരിക്കയുടെ ഇ.വി സ്വപ്​നങ്ങളെ നാലുവർഷം പിറകോട്ടടിച്ചതായാണ്​ മേഖലയിലുള്ളവർ വിലയിരുത്തുന്നത്​. ഹമ്മർ പോലും ഇ.വി ആയി മാറുന്ന കാലത്ത്​ അമേരിക്കക്ക്​ മാറാതിരിക്കാനാവില്ല എന്നതാണ്​ സത്യം. ഇപ്പോഴും വികസിത രാജ്യങ്ങളിൽ ഇ.വി സാന്ദ്രത ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്ന്​ അമേരിക്കയാണ്​. ഇൗ അവസ്​ഥക്ക്​ മാറ്റമുണ്ടോകുമോ എന്നാണ്​ ബൈഡൻ വരു​േമ്പാൾ പരിസ്​ഥിതി വാദികളും വാഹന നിർമാതാക്കളും ഉറ്റുനോക്കുന്നത്​.


ബൈഡ​െൻറ നിലപാട്​

ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹ ൗസിൽ നിന്ന് പുറത്താക്കുന്നതിനു മുമ്പുതന്നെ ജോ ബൈഡൻ വാഹനവ്യവസായത്തിലെ മാറ്റങ്ങളെകുറിച്ച്​ വാചാലനായിരുന്നു. ത​െൻറ വലിയ കാലാവസ്ഥാ പദ്ധതിയുടെ ഭാഗമായി വാഹനരംഗത്തും മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ്​ അദ്ദേഹം പ്രചരണ വേളയിൽ പറഞ്ഞിരുന്നത്​. സത്യപ്രതിജ്ഞക്ക്​ശേഷം വൈദ്യുത വാഹന ഉത്​‌പാദനം വർധിപ്പിക്കുന്നതിനും ഇ‌വി മേഖലയിൽ കുടുതൽ ആനുകൂല്യങ്ങൾ‌ നൽ‌കുന്നതിനും കാർബൺ‌ പുറന്തള്ളൽ കുറയ്ക്കുന്നതിനും ആവശ്യമായ നയങ്ങൾ ബൈഡൻ‌ നടപ്പാക്കുമെന്നാണ്​ സൂചന.


ഒബാമ ഭരണകാലത്ത് നടപ്പാക്കിയതും ട്രംപ് പിൻ‌വലിച്ചതുമായ കൂടുതൽ കർശനമായ ഇന്ധന സാമ്പത്തിക മാനദണ്ഡങ്ങൾ പുനസ്ഥാപിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുമെന്ന വാഗ്ദാനം ബൈഡ​െൻറ കാലാവസ്ഥാ പദ്ധതിയിൽ ഉൾപ്പെടുന്നു. 2012ൽ ഒബാമ ആവിഷ്​കരിച്ച നിയമപ്രകാരം വാഹന നിർമാതാക്കൾക്ക് പാസഞ്ചർ, ലൈറ്റ് ഡ്യൂട്ടി വാഹനങ്ങൾക്കുള്ള കാർബൺ എമിഷൻ 2017 മുതൽ 2021 വരെയും 3.5% വരെയും 2022 മുതൽ 2025 വരെ പ്രതിവർഷം 5 ശതമാനമായും കുറയ്ക്കേണ്ടതുണ്ടായിരുന്നു. കാലിഫോർണിയ ഉൾപ്പടെ 12 യുഎസ് സംസ്ഥാനങ്ങൾ ഇതും കടന്ന്​ പൂജ്യം എമിഷൻ എന്ന ലക്ഷ്യവുമായാണ്​ മുന്നേറുന്നത്​.

പ്രചരണ വേളയിൽ, ജോ ബൈഡൻ ത​െൻറ ഭരണത്തി​െൻറ ശ്രദ്ധ ഹരിതോർജ്ജത്തിലായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പക്ഷെ അപ്പോഴും അമേരിക്കക്ക്​ മുന്നിൽ വെല്ലുവിളി ഉയർത്തുന്നത്​ ചൈനയാണ്​. ലോകത്തിലെ ലിഥിയം അയൺ ബാറ്ററിയിൽ 90 ശതമാനവും നിർമിക്കുന്നത്​ ചൈനയാണ്​. ചൈനയോടുള്ള ആശ്രിതത്വം കുറക്കുക എന്നതാണ്​ ബൈഡ​​െൻറ മുന്നിലുള്ള വലിയ വെല്ലുവിളി. നൂതന ബാറ്ററി സാങ്കേതികവിദ്യയും ഇലക്ട്രിക് വാഹനങ്ങളും ഉൾപ്പെടെ ശുദ്ധമായ ഉൗർജ്ജത്തിലേക്ക് മാറുന്നതിന് 400 ബില്യൺ ഡോളർ പൊതുനിക്ഷേപം ബിഡെൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. അങ്ങിനെ ആദ്യം ഇ.വി സ്വയംപര്യാപ്​തതയാണ്​ അമേരിക്ക ലക്ഷ്യംവയ്​ക്കുന്നത്​.


പുതിയ പദ്ധതികൾ

ബൈഡ​െൻറ പദ്ധതി പ്രകാരം 2030 അവസാനത്തോടെ 500,000 പുതിയ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ്​ ഒൗ ട്ട്‌ലെറ്റുകൾ നിർമ്മിക്കാൻ സംസ്ഥാനങ്ങളെയും പ്രാദേശിക ഉദ്യോഗസ്ഥരെയും ഫെഡറൽ സർക്കാർ പിന്തുണയ്ക്കും. യുഎസ് ഉൗർജ്ജ വകുപ്പി​െൻറ കണക്കുകൾ പ്രകാരം, അമേരിക്കയിലെ നിലവിലെ ചാർജിങ്​ ഒൗട്ട്​ലെറ്റുകളുടെ എണ്ണം 87,600 ആണ്​. പുതിയ നയം വരുന്നതോടെ ഇതിൽ ഗണ്യമായ വർധനവ് ഉണ്ടാകും. യൂറോപ്യൻ യൂനിയനിൽ 192,000 ചാർജിംഗ് ഒൗട്ട്‌ലെറ്റുകൾ ഉണ്ടെന്നാണ്​ കണക്ക്​​. ഇതുമായി താരതമ്യപ്പെടുത്തിയാൽ നിലവിൽ അമേരിക്കയിലുള്ളത്​ വളരെ കുറവാണ്​. 400,000-ത്തിലധികം സജീവ അംഗങ്ങളുള്ള യുനൈറ്റഡ് ഓട്ടോ വർക്കേഴ്​സ്​ (യു‌എഡബ്ല്യു) യൂനിയൻ ഇവി ഉത്​‌പാദനത്തിലേക്കുള്ള മാറ്റം പ്രതീക്ഷിക്കുന്നുണ്ട്​. അങ്ങിനെയെങ്കിൽ ഡീസൽ പവർ എഞ്ചിൻ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന്​ തൊഴിലാളികളെ പുനർവിന്യസിക്കാനും കഴിയും.

വാഹന വ്യവസായത്തിൽ ഒരു ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ത​െൻറ കാലാവസ്ഥാ പദ്ധതിയുടെ ലക്ഷ്യമെന്ന് ബൈഡൻ പറഞ്ഞിട്ടുണ്ട്​. ത​െൻറ നയങ്ങൾ തൊഴിലാളികൾക്ക് കൂടുതൽ ഗുണം ചെയ്യണമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ടാക്സ് ക്രെഡിറ്റിലൂടെ ഇലക്ട്രിക് കാറുകൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാനും പുതിയ സർക്കാർ ലക്ഷ്യമിടുന്നുണ്ട്​. ഒരു വാഹന നിർമ്മാതാവ് വിൽക്കുന്ന ആദ്യത്തെ 200,000 വാഹനങ്ങൾക്ക് യുഎസ് ഫെഡറൽ സർക്കാർ നിലവിൽ 7,500 ഡോളർ ഉപഭോക്തൃ നികുതിയിളവ്​ നൽകുന്നുണ്ട്​. ഇതുവരെ ടെസ്‌ലയും ജനറൽ മോട്ടോഴ്‌സും മാത്രമാണ് ഇത്​ ഉപയോഗ​െപ്പടുത്തിയിട്ടുള്ളത്​. ടെസ്‌ലയ്‌ക്കുള്ള സബ്‌സിഡികൾ 2019 അവസാനത്തോടെ പൂർത്തിയായപ്പോൾ ജി‌എമ്മിനുള്ളവ 2020 മാർച്ച് 31ന് തീർന്നു.


നികുതി ക്രെഡിറ്റ് മധ്യവർഗ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടാനും അമേരിക്കയിൽ നിർമിച്ച വാഹനങ്ങൾ വാങ്ങുന്നതിന് മുൻഗണന നൽകാനും താൻ ആഗ്രഹിക്കുന്നുവെന്നും ബൈഡൻ പറയുന്നു. ടെസ്‌ല ഒഴികെയുള്ള ചില വാഹന നിർമാതാക്കൾക്ക് ഇത്​ കടുത്ത വെല്ലുവിളിയാകും. മെക്സിക്കോയിലും കാനഡയിലും ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ ഫോർഡ് പദ്ധതിയിടുന്നുണ്ട്​. ഒരു ലക്ഷം ഡോളറിൽ കൂടുതൽ വിലയുള്ള പ്രീമിയം ഇലക്ട്രിക് കാഡിലാക്, ഹമ്മർ മോഡലുകൾ ജിഎം ആസൂത്രണം ചെയ്യുന്നുണ്ട്​. എന്തായാലും വൈദ്യുത വാഹന വിപണിക്ക്​ കരുത്താകുന്ന നയങ്ങളുമായി പ്രസിഡൻറ്​ ബൈഡൻ മുന്നോട്ടുപോകുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe Bidenelectric vehicleteslaEV policyDonald Trump
Next Story