ഹ്യൂണ്ടായ് ബയേൺ, കണ്ടിട്ടുണ്ടാകില്ല ഇങ്ങിനൊരു എസ്.യു.വി
text_fieldsഹ്യൂണ്ടായുടെ രണ്ടാം വീട് എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. അത്രയും സ്വീകാര്യതയും ജനപ്രിയതയുമാണ് ഈ കൊറിയൻ നിർമാതാവിന് രാജ്യം നൽകിയിരിക്കുന്നത്. ഹ്യുണ്ടായുടെ ആഗോളഹിറ്റുകളിൽ ഭൂരിഭാഗവും ഇന്ത്യയിലും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ നാമിതുവരെ കേൾക്കാത്തൊരു പേരാണ് ഹ്യൂണ്ടായ് ബയേൺ എസ്.യു.വി. കഴിഞ്ഞ ദിവസമാണ് ബയേൺ എസ്.യു.വി ഹ്യൂണ്ടായ് ആഗോള മാർക്കറ്റിൽ അവതരിപ്പിച്ചത്. പേരുമുതൽ ഡിസൈനും നിലവാരവുമെല്ലാം തികച്ചും യൂറോപ്യനായ വാഹനമാണ് ബയേൺ. ഫ്രാൻസിലെ ബാസ്ക് പ്രവിശ്യയുടെ തലസ്ഥാനമായ ബയേണിന്‍റെ പേരിൽ നിന്നാണ് വാഹനനാമം ഉരുത്തിരിഞ്ഞിരിക്കുന്നത്. യൂറോപ്യൻ വാഹനവിപണി ലക്ഷ്യമിട്ടാണ് പുതിയ എസ്.യു.വി ഹ്യൂണ്ടായ് പുറത്തിറക്കിയിരിക്കുന്നതും.
എന്താണീ ബയേൺ
നാം കണ്ട് പരിചയിച്ചിട്ടുള്ള ഐ20 ആക്ടീവ് എന്ന മോഡലിന്‍റെ പരിഷ്കൃത രൂപമാണ് ഹ്യൂണ്ടായ് ബയേണിന്. തുടക്കത്തിൽ വാഹനം ഒന്നിലധികം അന്താരാഷ്ട്ര വിപണികളിൽ ഐ 20 ആക്റ്റീവിന് പകരക്കാരനായി വിൽപ്പനയ്ക്കെത്തുകയും ചെയ്യും. വലിയ എസ്.യു.വിയായ ക്രെറ്റയ്ക്ക് താഴെയും വെന്യുവിന് മുകളിലുമാണ് ബയേണിന് സ്ഥാനം നൽകുക. ഐ 20 യേക്കാൾ സവിശേഷമായ എക്സ്റ്റീരിയർ സ്റ്റൈലിംഗും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിനുണ്ട്.
വൈദ്യുത വാഹനമായ കോനയ്ക്ക് സമാനമാണ് പുറത്തുള്ള ഡിസൈൻ. കനംകുറഞ്ഞ ഡിആർഎല്ലുകളും അമ്പ് ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ഇതിൽ ഉൾപ്പെടുന്നു. അമ്പ് അടയാളമാണ് വാഹനത്തിന്‍റെ തീമായി വരുന്നത്. എസ്.യു.വി എന്നതിനേക്കാൾ ക്രോസോവർ രൂപഭാവങ്ങളാണ് ബയേണിന്. ചുറ്റുമുള്ള ക്ലാഡിംഗും മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകളുമൊക്കെ നൽകി എസ്.യു.വി രൂപഹാവാദികൾ നൽകിയിരിക്കുന്നു എന്നേയുള്ളൂ. വാഹനത്തിന് ഓൾ-വീൽ-ഡ്രൈവ് സംവിധാനവും നൽകിയിട്ടില്ല.
ഇന്‍റീരിയർ
ഇന്ത്യക്കാർക്ക് പരിചിതമായ ഇന്‍റീരിയറാണ് ബയേണിന്. ഇതിന് കാരണം ഐ 20യുമായുള്ള സാമ്യമാണ്. ഓൾ-ബ്ലാക്ക് ഡാഷ്‌ബോർഡ്, സ്വിച്ച് ഗിയർ, സ്റ്റിയറിംഗ് വീൽ, 10.25 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ബയോൺ ഒരു നഗര കേന്ദ്രീകൃത വാഹനമാണെന്നും യൂട്ടിലിറ്റി, സ്പേസ്, കംഫർട്ട് എന്നിവ കണക്കിലെടുത്താണ് ഇന്‍റീരിയർ രൂപകൽപ്പന ചെയ്തതെന്നും ഹ്യൂണ്ടായ് പറയുന്നു. 2,580 എംഎം വീൽബേസ് ഐ 20 ക്ക് സമാനമാണ്. മുന്നിലെ യാത്രക്കാർക്ക് 1,072 എംഎം ലെഗ് റൂം നൽകുന്നുണ്ട്. 411 ലിറ്റർ ബൂട്ട് സീറ്റുകൾ മടക്കിവച്ചാൽ 1,205 ലിറ്ററായി ഉയർത്താം.
എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ
ആഗോളതലത്തിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ബയോണിൽ വാഗ്ദാനം ചെയ്യുന്നു. 84 എച്ച്പിക്ക് 1.2 ലിറ്റർ പെട്രോളും ഹൈബ്രിഡ് ടെക്ക് ഉള്ള 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ലഭ്യമാണ്. 100 എച്ച്പി അല്ലെങ്കിൽ 120 എച്ച്പി 1.2 ലിറ്റർ എഞ്ചിൻ ലഭിക്കാത്ത യുകെ പോലുള്ള രാജ്യങ്ങളിൽ 1.0 ടർബോ പെട്രോൾ ഓഫർ ചെയ്യും. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഐഎംടി ഗിയർബോക്സ് ഓപ്ഷനുകളിൽ ഉൾപ്പെടും.
ഇന്ത്യയിൽ വരുമോ?
ബയോൺ ഇന്ത്യയിലേക്ക് വരുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഹ്യുണ്ടായ് നൽകിയിട്ടില്ല. ഇന്ത്യക്കായി കമ്പനി പുതിയ മൈക്രോ എസ്‌യുവി തയ്യാറാക്കുന്നതായി വിവരമുണ്ട്. അത് പക്ഷെ ബയേൺ ആയിരിക്കുമോ എന്ന് ഉറപ്പില്ല. ഇന്ത്യയ്‌ക്കായി ഐ 20 എൻ-ലൈനും ഹ്യൂണ്ടായ് തയ്യാറാക്കുന്നുണ്ട്. ഈ വർഷം വാഹനം വിപണിയിലെത്താൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.