പുതിയ സ്വിഫ്റ്റും പഴയ സ്വിഫ്റ്റും, എന്തൊക്കെയാണ് മാറ്റങ്ങൾ? അറിയാം ഇക്കാര്യങ്ങൾ
text_fieldsമാരുതി സുസുക്കി അവരുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ സ്വിഫ്റ്റിൽ പരിഷ്കരണംവരുത്തി പുറത്തിറക്കിയിരിക്കുന്നു. പുതിയ വാഹനത്തിൽ നിരവധി മാറ്റങ്ങളാണ് കമ്പനി വരുത്തിയിട്ടുള്ളത്. പുറത്തുള്ള മാറ്റങ്ങൾക്കുപുറമേ കൂടുതൽ ഇന്ധനക്ഷമത, പുതിയ ഫീച്ചറുകൾ, ഡ്യുവൽ ടോൺ കളർ ഓപ്ഷനുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാത്തിനുംപുറമേ കരുത്തുറ്റ എഞ്ചിനും പുതിയ സ്വിഫ്റ്റിൽ മാരുതി ഉൾപ്പെടുത്തിയിട്ടുണ്ട്.
5.73 മുതൽ 8.41 ലക്ഷംവരെ വില വരുന്ന സ്വിഫ്റ്റിന് പഴയ മോഡലിനേക്കാൾ 15,000 മുതൽ 24,000 രൂപ വരെ കൂടുതലാണ്. സ്വിഫ്റ്റ് വി.എക്സ്.ഐ വേരിയന്‍റിന് പുതിയ ഓഡിയോ യൂനിറ്റ് ലഭിക്കും. എ.എം.ടി വേരിയന്‍റിൽ ഹിൽ സ്റ്റാർട്ട് അസിസ്റ്റ് സ്റ്റാൻഡേർഡാണ്. സ്മാർട്ട് പ്ലേ സ്റ്റുഡിയോ ആപ്ലിക്കേഷനുമായി യോജിപ്പിക്കുമ്പോൾ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം തത്സമയ ട്രാഫിക് ഡാറ്റ കാണിക്കുമെന്നതും പ്രത്യേകതയാണ്.
ഡിസൈൻ
പുതിയ സ്വിഫ്റ്റിന് ബോൾഡർ ഗ്രില്ലുള്ള സ്‌പോർട്ടിയയായ രൂപമാണുള്ളത്. നേരത്തേ ഉണ്ടായിരുന്ന തിരശ്ചീന തലത്തിലുള്ള പാറ്റേണിനുപകരം പരിഷ്കരിച്ച ഗ്രില്ലിൽ ക്രോസ് മെഷ് ഡിസൈനാണുള്ളത്. ഗ്രില്ലിന്‍റെ മധ്യഭാഗത്ത് ക്രോം ബാർ സ്ഥാപിച്ചിരിക്കുന്നു. ഇത് സ്വിഫ്റ്റിനെ രൂപത്തിൽ സ്പോർട്ടിയാക്കുന്നു. ഇതൊഴിച്ചാൽ രൂപത്തിൽ വാഹനത്തിന് വേറേ മാറ്റങ്ങളില്ല.
പുതിയ നിറങ്ങൾ
മുമ്പത്തെ ആറ് സിംഗിൾ ടോൺ ഓപ്ഷനുകളോടൊപ്പം പുതിയ ഡ്യുവൽ-ടോൺ നിറങ്ങളും ഉൾപ്പടുത്തിയിട്ടുണ്ട്. കറുത്ത മേൽക്കൂരയുള്ള പേൾ ആർട്ടിക് വൈറ്റ് ബോഡി, കറുത്ത മേൽക്കൂരയുള്ള സോളിഡ് ഫയർ റെഡ് ബോഡി, വെളുത്ത മേൽക്കൂരയുള്ള മെറ്റാലിക് മിഡ്‌നൈറ്റ് ബ്ലൂ എന്നിവയാണ് ഡ്യൂവൽ ടോൺ നിറങ്ങൾ. പുതിയ സ്വിഫ്റ്റ് നേരിയ തോതിൽ വളർന്നിട്ടുണ്ട്. മുമ്പത്തെ മോഡലിന് 3840 മില്ലിമീറ്ററായിരുന്നു നീളമെങ്കിൽ ഇപ്പോഴത് 3845 മില്ലീമീറ്ററാണ്. അഞ്ച് മില്ലിമീറ്റർ കൂടിയെന്ന് സാരം. വീതി, ഉയരം, വീൽബേസ് തുടങ്ങിയവ -1735 മില്ലീമീറ്റർ, 1530 മില്ലീമീറ്റർ, 2450 മില്ലീമീറ്റർ- മാറ്റമില്ലാതെ തുടരുന്നു.
ഡ്യുവൽ ജെറ്റ് എഞ്ചിൻ
പഴയ 83 എച്ച്പി, 1.2 ലിറ്റർ കെ 12 എഞ്ചിന് പകരം കൂടുതൽ കരുത്തുറ്റ 90 എച്ച്പി 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ യൂനിറ്റാണ് പുതിയ സ്വിഫ്റ്റിൽ വരിക. കഴിഞ്ഞ വർഷം ഡിസയറിൽ അവതരിപ്പിച്ച എഞ്ചിനാണിത്. ടോർക്ക് ഔട്ട്‌പുട്ട് 113എൻ.എം ആണ്. പുതിയ വാഹനത്തിൽ സ്റ്റാർട്ട് സ്റ്റോപ്പ് ഫംഗ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനം എവിടെയെങ്കിലും നിർത്തുേമ്പാൾ എഞ്ചിൻ ഓഫാവുന്ന സംവിധാനമാണിത്. ഇന്ധനക്ഷമത അൽപ്പം വർധിക്കുമെന്നതാണ് ഇതിന്‍റെ മെച്ചം. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി യൂണിറ്റായി ട്രാൻസ്മിഷൻ തുടരുന്നു.
ഇന്ധനക്ഷമത
പുതുക്കിയ സ്വിഫ്റ്റ് മാനുവൽ പതിപ്പിൽ 23.20kpl ഉം ഓട്ടോമാറ്റികിൽ 23.76kpl ഉം ആണ് മൈലേജ്. പഴയ കാറിന്‍റെ 21.21kpl നെ അപേക്ഷിച്ച് കൂടുതലാണിത്. ഗിയർബോക്സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി യൂനിറ്റ് എന്നിവ ഉൾപ്പെടുന്നു.
മറ്റ് സവിശേഷതകൾ
ഇന്‍റീരിയറിന് പുതുക്കിയ അപ്ഹോൾസറി ലഭിക്കും. 2021 സ്വിഫ്റ്റ് വിഎക്സിന് പുതിയ ഓഡിയോ യൂനിറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. വോളിയത്തിനും ട്രാക്ക് മാറ്റത്തിനും ഫെതർ-ടച്ച് നിയന്ത്രണങ്ങൾ ഇവയുടെ പ്രത്യേകതകളാണ്. മുമ്പത്തെപ്പോലെ ബ്ലൂടൂത്ത്, യുഎസ്ബി, ഓക്സ് കണക്റ്റിവിറ്റി നിലനിർത്തിയിട്ടുണ്ട്. ഏറ്റവും ഉയർന്ന മോഡലിൽ ക്രൂസ് കൺട്രോൾ, ഓട്ടോമാറ്റിക് ഒ.ആർ.വി.എം എന്നിവയുമുണ്ട്. എൽഇഡി ഹെഡ്‌ലാമ്പുകൾ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, കീലെസ് എൻട്രി ആൻഡ് ഗോ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിയർ വ്യൂ ക്യാമറ എന്നിവയും ഉയർന്ന വേരിയന്‍റിലുണ്ട്. സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ മൊബൈൽ അപ്ലിക്കേഷൻ വഴി തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളും സിസ്റ്റം വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.