ഇ.വികളിലെ ലോക സുന്ദരൻ, പിയാജിയോ വൺ ഇന്ത്യയിലെത്തുമോ?
text_fieldsഇ.വി സ്കൂട്ടറുകൾക്കൊരു സൗന്ദര്യ മത്സരംവച്ചാൽ അതിൽ ഒന്നാമതെത്തുക പിയാജിയോയുടെ വെസ്പ ഇലക്ട്രിക്കയാവും. വെസ്പ പോലെ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള സ്കൂട്ടറുകൾ നിർമിച്ച അതേ ഇറ്റാലിയൻ കമ്പനിയുടെ മോഡൽ തന്നെയാണ് ഇതും. ഇനി ഇ.വികളെ പുരുഷന്മാരായി സങ്കൽപ്പിച്ച് ഒരു മത്സരംവച്ചാൽ അതിലും വിജയിക്കുക പിയാജിയോയുടെ വാഹനം തന്നെയാകും. പിയാജിയോയുടെ രണ്ടാമത്തെ ഇ.വി മോഡലായ ഇൗ സ്കൂട്ടറിെൻറ പേര് വൺ എന്നാണ്.
ലക്ഷ്യം യുവാക്കൾ
പുതിയ പിയാജിയോ വൺ യുവാക്കളെ ലക്ഷ്യമിട്ടാണ് പുറത്തിറക്കുന്നത്. ഭാരം കുറഞ്ഞതും കുറഞ്ഞ ബോഡി വർക്ക് ഉള്ളതുമായ മോഡലാണിത്. ഏപ്രിലിയ, വെസ്പ എന്നിവയിൽ നിന്നുള്ള ചില സവിശേഷതകൾ കടമെടുത്താണ് വാഹനം നിർമിച്ചിരിക്കുന്നത്. മുൻവശത്ത് ഇരട്ട എൽഇഡി ലൈറ്റുകളാണുള്ളത്. ഡിആർഎല്ലുകളും ടേൺ ഇൻഡിക്കേറ്ററുകളും ടെയിൽ ലാമ്പുകളുമെല്ലാം എൽ.ഇ.ഡിയാണ്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കീലെസ് സ്റ്റാർട്ട് സിസ്റ്റം, അടിയിൽ മികച്ച സംഭരണ ഇടമുമുള്ള വിശാലമായ സീറ്റ്, ഫുൾ ഫൂട്ട് പെഗ്ഗുകൾ, വൈഡ് ഫുട്ട് ബോർഡ് എന്നിവയും ഇ.വിക്ക് ലഭിക്കും. ഡ്യുവൽ പെയിന്റ് സ്കീം, 10 ഇഞ്ച് അലോയ് വീലുകൾ, മുൻവശത്തെ ഇരട്ട ഷോക്കുകൾ, റിയർ, ഡിസ്ക് ബ്രേക്കുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. ലൈറ്റ് അവസ്ഥകൾക്കനുസരിച്ച് സ്‌ക്രീൻ തെളിച്ചം ക്രമീകരിക്കുന്നതിന് സെൻസറുകളുള്ള ഡിജിറ്റൽ കളർ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയും പിയാജിയോ വണ്ണിന് ലഭിക്കും.
കരുത്തും മൈലേജും
വൺ, വൺ പ്ലസ്, ആക്റ്റീവ് എന്നിങ്ങനെ മൂന്ന് വേരിയൻറുകളാണ് വാഹനത്തിലുള്ളത്. ഏറ്റവും കുറഞ്ഞ വേരിയൻറായ വണ്ണിന് കരുത്തുപകരുന്നത് 1.2 കിലോവാട്ട് മോട്ടോറാണ്. 45 കിലോമീറ്റർ വേഗതയിൽ ഇൗ മോഡൽ സഞ്ചരിക്കും. 55 കിലോമീറ്റർ മാത്രമാണ് ഇതിെൻറ റേഞ്ച്. മിഡ്-സ്പെക് വേരിയന്റായ വൺ പ്ലസിന് 1.2 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ ലഭിക്കും. എന്നാൽ 2.3 കിലോവാട്ട് ബാറ്ററിയാണ് ഇൗ മോഡലിലുള്ളത്. 55 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വാഹനത്തിനാകും. ഒറ്റ ചാർജിൽ 100 കിലോമീറ്റർ റേഞ്ചും വൺ പ്ലസ് നൽകും. ടോപ്പ്-സ്പെക് വേരിയൻറായ ആക്റ്റീവിന് 2 കിലോവാട്ട് മോട്ടോർ ലഭിക്കും. ഇത് സ്കൂട്ടറിനെ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ പ്രാപ്തമാക്കുന്നു. അതേസമയം, ബാറ്ററി വലുപ്പം വൺ പ്ലസിന് തുല്യമാണ്. അതിനാൽതന്നെ 85 കിലോമീറ്ററിൽ മാത്രമാണ് റേഞ്ച് ലഭിക്കുക. ആറ് മണിക്കൂർകൊണ്ട് ബാറ്ററികൾ പൂർണമായി ചാർജ് ചെയ്യാനുമാകുെമന്നാണ് പിയാജിയോ പറയുന്നത്.
ആധുനികം
രണ്ട് സവാരി മോഡുകളാണ് സ്കൂട്ടറിനുള്ളത്. ഇക്കോ മോഡ് ഉപയോഗിച്ച് കൂടുതൽ റേഞ്ച് നേടാനാകും. സ്പോർട് മോഡും ലഭ്യമാക്കിയിട്ടുണ്ട്. നീക്കംചെയ്യാവുന്ന ലിഥിയം-അയൺ യൂനിറ്റായിരിക്കും ബാറ്ററി. വ്യത്യസ്ത പവർ, ടോർക്ക് ഒ ൗട്ട്‌പുട്ടുകളും വൺ വാഗ്ദാനം ചെയ്യും. പവർ ഡെലിവറിയും ശ്രേണിയും മാറ്റുന്നതിന് രണ്ട് മോട്ടോർ മാപ്പുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി വെളിപ്പെടുത്തി. മെയ് 28 ന് നടന്ന ബീജിങ് മോട്ടോർ ഷോയിലാണ് പിയാജിയോ വൺ ഒൗദ്യോഗികമായി അരങ്ങേറ്റം കുറിച്ചത്.
നിലവിൽ വെസ്പ, ഏപ്രിലിയ ബ്രാൻഡുകൾക്ക് കീഴിലുള്ള സ്‌കൂട്ടറുകൾ മാത്രമാണ് ഇന്ത്യയിൽ പിയാജിയോ വിൽക്കുന്നത്. അതിനാൽ ഇവിടത്തെ ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല. പിയാജിയോ ഇന്ത്യ നിലവിൽ വെസ്പ ബ്രാൻഡിന് കീഴിൽ മൊത്തം 7 സ്കൂട്ടറുകൾ വിൽക്കുന്നുണ്ട്. 125 സിസി, 150 സിസി എഞ്ചിൻ ഓപ്ഷനുകളിലാണ് ഈ സ്‌കൂട്ടറുകൾ. ഇന്ത്യയിൽ ലോഞ്ച് ചെയ്താൽ, ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിലെ ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ആതർ 450 എക്സ് എന്നിവയുമായി വൺ മത്സരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.