കുറഞ്ഞ ചിലവിൽ കൂടുതൽ ആഡംബരം; ഇത് എതിരാളികളുടെ നെഞ്ചിൻകൂട് തകർക്കുന്ന ടാറ്റയുടെ പഞ്ച്
text_fieldsടാറ്റ പഞ്ച് നിരത്തിലെത്തുേമ്പാൾ നെഞ്ചിടിപ്പേറുന്ന വാഹന നിർമാതാക്കൾ ഏറെയാണ്. മാരുതിയും നിസാനും റെനോയും കിയയുമെല്ലാം അതിൽ ഉൾപ്പെടുന്നു. കാരണം തങ്ങളുടെ ചില ബെസ്റ്റ് സെല്ലറുകളെയാണ് പഞ്ച് വെല്ലുവിളിക്കുന്നതെന്ന് അവർക്കറിയാം. ടാറ്റ പഞ്ച് ഒാടിച്ചുതുടങ്ങിയാൽ എതിരാളികൾ ഭയക്കേണ്ട ചിലത് പഞ്ചിലുണ്ടെന്ന് വേഗംതന്നെ ബോധ്യപ്പെടും. കാരണം സമ്പൂർണമായൊരു പാക്കേജാണ് ടാറ്റ പഞ്ചിൽ ഒരുക്കിയിരിക്കുന്നത്. അതിൽ ആഡംബരവും സുരക്ഷയും ഫീച്ചറുകളും സ്റ്റൈലുമെല്ലാം ഉൾച്ചേർന്നിരിക്കുന്നു.
അഴകളവുകൾ
മുന്നിൽ നിന്ന് നോക്കുേമ്പാൾ, ടാറ്റയുടെ വലിയ എസ്.യു.വികളായ ഹാരിയർ, സഫാരി തുടങ്ങിയവയോടുള്ള സാമ്യം പഞ്ചിൽ വ്യക്തമായി കാണാനാകും. ടാറ്റയുടെ വലിയ ലോഗോയും, മുന്നിൽ അങ്ങോളമിങ്ങോളമുള്ള ക്രോം ഫിനിഷും അതോട് ചേർന്നുള്ള ഡി.ആർ.എല്ലുകളും ടാറ്റ കുടുംബത്തിെൻറ സിഗ്നേച്ചർ രൂപത്തിലേക്ക് പഞ്ചിനെ ചേർത്തുനിർത്തുന്നു. ഗ്രില്ലിന് നൽകിയിരിക്കുന്ന പിയാനോ ബ്ലാക് ഫിനിഷും ആകർഷകമാണ്. ഇൻഡിക്കേറ്ററുകൾ ഡി.ആർ.എല്ലിന് അടുത്താണുള്ളത്. ഹെഡ്ലൈറ്റുകൾ കുറച്ച് താഴെയായി കാണാം. ഉയർന്ന വകഭേദങ്ങളിൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ലഭിക്കും.
ഏറ്റവും താഴെ പ്ലാസ്റ്റിക് ക്ലാഡിങ് കാണാം. ഒാഫ്റോഡർ എന്ന ഫീൽ തരാൻ ഇൗ ക്ലാഡിങ്ങിനാകുന്നുണ്ട്. ഫോഗ് ലാമ്പുകൾ പരമ്പരാഗതമായ ഉരുണ്ട രൂപത്തിലാണ് ടാറ്റ ഡിസൈൻ ചെയ്തിരിക്കുന്നത്. ഫോഗ് ലാമ്പ് ഹൗസിങ്ങിൽ എടുത്തുപറയത്തക്ക പ്രത്യേകതകളൊന്നും നൽകാൻ കമ്പനി ശ്രമിച്ചിട്ടില്ല.
3,827 എംഎം നീളവും 1,742 എംഎം വീതിയും 1,615 എംഎം ഉയരവും 2,445 എംഎം വീൽബേസും വാഹനത്തിനുണ്ട്. 187 എംഎം ഗ്രൗണ്ട് ക്ലിയറൻസും 366 ലിറ്റർ ബൂട്ട് ശേഷിയും മികച്ചതാണ്. ആൽട്രോസ് പോലെ ആൽഫാ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണിത്. 90 ഡിഗ്രിയിൽ തുറക്കുന്ന വാതിലുകളും പരന്ന ഫ്ലോറും സൗകര്യപ്രദമാണ്.
മാരുതി സുസുകി ഇഗ്നിസ്, മഹീന്ദ്ര കെ.യു.വി 100 തുടങ്ങിയ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ പഞ്ചിന് നീളവും വീതിയും വീൽബേസും ഗ്രൗണ്ട് ക്ലിയറൻസുമെല്ലാം കൂടുതലാണ്. ചുറ്റിലുമുള്ള ബോഡി ക്ലാഡിങ്ങ് ചിലർക്കെങ്കിലും അൽപ്പം ചീപ്പാണെന്ന് തോന്നാനിടയുണ്ട്. ഇവ വാഹനശരീരത്തിെൻറ അടിവശത്തിൽ ചെറിയൊരുഭാഗം അപഹരിച്ചിട്ടുമുണ്ട്. പക്ഷെ ഒാഫ്റോഡിങിൽ ഇരുമ്പിൽ എന്തെങ്കിലും ഉരഞ്ഞുണ്ടാകുന്ന നഷ്ടം പ്ലാസ്റ്റിക് ആയതിനാൽ ഉണ്ടാകില്ല.
വശങ്ങൾ
വശങ്ങളിലേക്കുവന്നാൽ, മുന്നിലെ ക്ലാഡിങ്ങിെൻറ തുടർച്ച കാണാനാകും. ഡോറിലേക്ക് അൽപ്പം കയറിയിരിക്കുന്ന രീതിയിലാണ് പ്ലാസ്റ്റിക് ക്ലാഡിങ് നൽകിയിരിക്കുന്നത്. ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളിൽ 16 ഇഞ്ച് മിഷ്യൻ കട്ട് അലോയ് വീലുകൾ നിറഞ്ഞിരിക്കുന്നു. അലോയ് ഡിസൈൻ ആകർഷകമാണ്. മുന്നിൽ ഡിസ്ക് ബ്രേക്കാണ്. പിയാനോ ബ്ലാക് ഡിസൈനോടുകൂടിയ ഒാേട്ടാഫോൾഡിങ് ഫംഗ്ഷനുള്ള വിങ് മിററുകളിൽ ഇൻഡിക്കേറ്ററുകൾ ഇൻസർട്ട് ചെയ്തിട്ടുണ്ട്.
ബോഡി കളർ ഡോർ ഹാൻഡിലുകളാണ് മറ്റൊരു പ്രത്യേകത. പിന്നിലേക്ക് വരുേമ്പാൾ ബോഡി പാനൽ അൽപ്പം തടിച്ചിട്ടുണ്ടെന്നുകാണാം. പിന്നിലെ ഡോർ ഹാൻഡിൽ സി പില്ലറിലേക്ക് കയറിയിരിക്കുന്ന രീതിയിലാണ് നൽകിയിരിക്കുന്നത്. പിന്നിലെ ഇൻഡിക്കേറ്ററിെൻറ ഒരറ്റം വശങ്ങളിലേക്ക് കയറി നിൽക്കുന്നുണ്ട്. അമ്പ് ആകൃതിയിൽ വാഹനത്തിെൻ പുറംഭാഗത്തേക്ക് തറഞ്ഞുനിൽക്കുന്ന ഡിസൈനാണിതിന് നൽകിയിരിക്കുന്നത്.
പിൻവശം
പിന്നിൽനിന്ന് നോക്കുേമ്പാൾ ആദ്യം ശ്രദ്ധയിൽപ്പെടുക പഞ്ച് എന്ന വലുപ്പമുള്ള എഴുത്താണ്. ടാറ്റ ലോഗോക്ക് താഴെയായി ക്രോം ഫിനിഷിലാണ് ഇൗ ബാഡ്ജിങ് നൽകിയിരിക്കുന്നത്.
മുൻവത്തെ അേപക്ഷിച്ച് നിരവധി കയറ്റിറക്കങ്ങളും വളവുതിരിവുകളുമുള്ള പിൻഭാഗമാണ് പഞ്ചിനുള്ളത്. പിന്നിൽ വലിയൊരു ഭാഗം പ്ലാസ്റ്റിക് ക്ലാഡിങ് അപഹരിച്ചിട്ടുണ്ട്. ചിലർക്കിത് അരോചകമായി തോന്നാനുള്ള സാധ്യതയുണ്ട്. നമ്പർ പ്ലേറ്റിനായി വിശാലമായ സ്ഥലമാണ് ടാറ്റ നീക്കിവച്ചിരിക്കുന്നത്. ക്ലാഡിങ്ങിൽ രണ്ട് റിഫ്ലക്ടറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ അടുത്തുവന്നാൽ ടാറ്റ ലോഗോക്ക് താഴെയായി റിവേഴ്സ് കാമറ പിടിപ്പിച്ചിട്ടുള്ളത് കാണാം. പിന്നിലും വൈപ്പറുകൾ നൽകിയിട്ടുണ്ട്. ഉയർന്ന വകഭേദത്തിലും സൺറൂഫുകൾ ഇല്ല.ചിലർക്കെങ്കിലും പിൻ ഇൻഡിക്കേറ്ററുകൾ അൽപ്പം ചെറുതാണെന്ന് തോന്നാൻ ഇടയുണ്ട്. ഇവയുടെ ഒരുഭാഗം വശങ്ങളിലേക്ക് കയറി നിൽക്കുന്നതും വലിപ്പക്കുറവിന് കാരണമാണ്. ഇൻഡിക്കേറ്ററിനുള്ളിൽ ഒരു വൈ കാണാം. ബ്രേക്ക് ചവിട്ടുേമ്പാൾ ഇൗ ഭാഗമാണ് പ്രകാശിക്കുക.
നീണ്ട ഫീച്ചർ ലിസ്റ്റ്
ഡോർ തുറന്നാൽ കറുപ്പ് നിറത്തിെൻറ ആധിക്യമാണ് ഉള്ളിൽ. ഇൻറീരിയറിെൻറ പ്രധാന നിറവും കറുപ്പാണ്. വെള്ളയും എ.സി വെൻറുകൾ ഉൾപ്പടെയുള്ളവയിൽ ബോഡികളർ ഇൻസർട്ടുകളും നൽകിയിട്ടുണ്ട്. മൂന്ന് സ്പോക് സ്റ്റിയറിങ് വീൽ ടാറ്റ ഹാച്ച്ബാക്കായ ആൾട്രോസിന് സമാനമാണ്. ക്രൂസ് കൺട്രോൾ ഒാഡിയോ നിയന്ത്രണങ്ങൾ എന്നിവയെല്ലാം സ്റ്റിയറിങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റൽ പ്ലസ് അനലോഗ് രീതിയിലാണ് ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ രൂപപ്പെടുത്തിയിരിക്കുന്നത്. ഇതും ആൾട്രോസിലേതിന് സമാനമാണ്. സ്റ്റിയറിങ് വീലിലെ സ്വിച്ചുകൾ ഉപയോഗിച്ച് നിരവധികാര്യങ്ങൾ നിയന്ത്രിക്കാനാകും. ഒാേട്ടാ സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടൺ പരമ്പരാഗത സ്ഥാനത്തുതന്നെയാണുള്ളത്. എ.സി വെൻറുകൾക്ക് ദീർഘ ചതുരാകൃതിയാണ്. ഇതിനുചുറ്റും വ്യത്യസ്തമായ ഫിനിഷും നൽകിയിട്ടുണ്ട്. ഉള്ളിലെ ഏറ്റവും പ്രധാന ഘടകം ടച്ച് സ്ക്രീൻ ഇൻഫോടൈൻമെൻറ് സിസ്റ്റമാണ്. വാഹനത്തിെൻറ ഏതാണ്ട് എല്ലാക്കാര്യങ്ങളും നിയന്ത്രിക്കാവുന്ന തരത്തിലാണ് ഇൻഫോടൈൻമെൻറ് സിസ്റ്റം ക്രമീകരിച്ചിരിക്കുന്നത്. നല്ല പ്രകാശത്തിലും മികച്ച റീഡബിലിറ്റി ഇവ നൽകുന്നുണ്ട്. റിവേഴ്സ് കാമറക്കൊപ്പം 360 ഡിഗ്രി വിസിബിലിറ്റിയും പഞ്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ക്രീനിന് താഴെയായി ഇരട്ട എ.സി വെൻറുകൾ കാണാം. അതിനും താഴെയാണ് എസി.യുടെ സ്വിച്ചുകൾ നൽകിയിരിക്കുന്നത്.എ.സിയുടെ നിയന്ത്രണങ്ങളും മികച്ചരീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഉപയോഗിക്കാൻ സൗകര്യത്തിനായി റോട്ടറി സ്വിച്ചും നൽകിയിട്ടുണ്ട്. ക്ലൈമറ്റിക് കൺട്രോൾ എ.സിയാണ് പഞ്ചിനുള്ളത്. എ.സി നിയന്ത്രണങ്ങൾക്ക് ഇടയിൽ സൂക്ഷ്മമായ ക്രോം ഫിനിഷും നൽകിയിട്ടുണ്ട്.ഇതിനുതാഴെയായാണ് ചാർജിങ് സോക്കറ്റുകളുള്ളത്. യു.എസ്.ബിക്കൊപ്പം 12 വോൾട്ട് ചാർജിങ് സൗകര്യവും നിലനിർത്തിയിട്ടുണ്ട്.
ഗിയർ ലിവറിന് പിന്നിലായി പരമ്പരാഗതമായ ഹാൻഡ് ബ്രേക്ക് കാണാം. ഇതിനടുത്ത് രണ്ട് കപ്പ് ഹോൾഡറുകളുമുണ്ട്. സെൻറർ ആം റെസ്റ്റ് പഞ്ചിൽ ഉൾപ്പെടുത്തിയിട്ടില്ല. അതൊരു അസൗകര്യമായി തോന്നാവുന്നതാണ്.ഡ്രൈവർ സൈഡിലുള്ള ഡോറിലും നിരവധി നിയന്ത്രണങ്ങൾ കാണാനാകും. പവർ വിൻഡോയും വിങ് മിററുകളും ഇവിടെ നിന്ന് നിയന്ത്രിക്കാനാകും. ക്രോം ഫിനിഷുള്ള ഡോർ ഹാൻഡിലുകളും സ്പീക്കറുകളും ഡോറിലാണ് പിടിപ്പിച്ചിരിക്കുന്നത്. മികച്ച സ്റ്റോറേജ് ഏരിയകളും ഡോറുകളിൽ നൽകിയിട്ടുണ്ട്.
പിന്നിലേക്കുവന്നാൽ, രണ്ടുപേർക്ക് സുഖമായി ഇരിക്കാനുള്ള ഇടം പഞ്ചിൻ ലഭിക്കും. മൂന്നുപേർ ഇരുന്നാൽ അൽപ്പം ഞെരുങ്ങാൻ സാധ്യതയുണ്ട്. വിശാലമായ ക്യാബിൻ സ്പെയ്സ് എന്നൊന്നും പഞ്ചിനെപറ്റി പറയാനാകില്ല. ആവശ്യത്തിന് ഹെഡ് സ്പെയ്സും ലെഗ് സ്പെയ്സും ഉണ്ടെന്നുമാത്രം. വലുപ്പമുള്ള ഒ.ആർ.വി.എമ്മും അതിനടുത്തായി റീഡിങ് ലൈറ്റും നൽകിയിട്ടുണ്ട്.
നാല് ട്രിമ്മുകൾ
ടാറ്റ പഞ്ച് നാല് ട്രിമ്മുകളിൽ ലഭ്യമാണ്. പ്യൂവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിവയാണ് ട്രിമ്മുകൾ. ഡ്യുവൽ എയർബാഗ്, എ.ബി.എസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട്, ഫ്രണ്ട് പവർ വിൻഡോകൾ, സെൻട്രൽ ലോക്കിങ്, എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ടെക് തുടങ്ങിയ സവിശേഷതകൾ അടിസ്ഥാന ട്രിമ്മിൽ തന്നെ ലഭിക്കും.
നാല് സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകൾ, ഇലക്ട്രിക് അഡ്ജസ്റ്റ് വിങ് മിററുകൾ, റിയർ പവർ വിൻഡോകൾ, ഫോളോ മീ ഹോം ഹെഡ്‌ലാമ്പുകൾ, യുഎസ്ബി ചാർജിങ് സോക്കറ്റ്, ഫുൾ വീൽ കവറുകൾ എന്നിവ അഡ്വഞ്ചർ ട്രിമ്മിലുണ്ട്.7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ വ്യൂ ക്യാമറ, ഫോഗ് ലാമ്പുകൾ, കീലെസ് ഗോ, ക്രൂസ് കൺട്രോൾ, 15 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവ അക്കംപ്ലിഷ് ട്രിമ്മിൽ ലഭിക്കും.
ടോപ്പ്-സ്പെക് ക്രിയേറ്റീവ് ട്രിം സവിശേഷതകളാൽ സമ്പന്നമാണ്. 7.0 ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിങ് വൈപ്പറുകൾ, റിയർ വൈപ്പർ, വാഷർ തുടങ്ങിയ സവിശേഷതകൾ ഇതിന് ലഭിക്കും. കൂടാതെ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ഉണ്ടാകും.
വിവിധ വേരിയൻറുകൾക്കായി കസ്റ്റമൈസേഷൻ പാക്കുകളും പഞ്ചിനായി ടാറ്റ അവതരിപ്പിക്കുന്നുണ്ട്. പ്യുവർ ട്രിമ്മിനായുള്ള റിഥം പായ്ക്ക് പ്രകാരം നാല് സ്പീക്കറുകളും സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകളുമുള്ള ഓഡിയോ സിസ്റ്റം വാഹനത്തിൽ ചേർക്കാനാകും. അതേസമയം അഡ്വഞ്ചറിൽ ഇത് 7.0 ഇഞ്ച് ഹാർമൻ ടച്ച്‌സ്‌ക്രീൻ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉപയോഗിച്ച് സ്റ്റാൻഡേർഡ് ഓഡിയോ സിസ്റ്റം അപ്ഗ്രേഡ് ചെയ്യാം. ഡാസിൽ പാക്കിൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്കൾ, ബ്ലാക് ഫിനിഷ്ഡ് എ-പില്ലർ എന്നിവ ലഭിക്കും. ഏറ്റവും ഉയർന്ന ക്രിയേറ്റീവ് ട്രിമ്മിൽ ടാറ്റയുടെ ഐആർഎ കണക്റ്റഡ് കാർ ടെക് ചേർക്കാനകും.
എഞ്ചിൻ, ഗിയർബോക്സ്
86 bhp കരുത്തും 113 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പഞ്ചിന് കരുത്ത് പകരുന്നത്. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എ.എം.ടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ബന്ധിപ്പിക്കും. ഈ എഞ്ചിൻ ഇതിനകം തന്നെ ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഇന്ധനക്ഷമതക്കായി ഓട്ടോമാറ്റിക് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനം വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചിലെ എ.എം.ടി ഗിയർബോക്‌സിൽ ട്രാക്ഷൻ മോഡുകളും ഉണ്ട്. 6.5 സെക്കൻഡിൽ പഞ്ച് 0-60 കിലോമീറ്റർ വേഗതയും 16.5 സെക്കൻഡിൽ 0-100 കി.മീ വേഗതയും കൈവരിക്കും. മാന്യമായ ബൂട്ട് സ്പെയ്സും പഞ്ചിൽ ടാറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്. 366 ലിറ്ററാണ് ബൂട്ട് ശേഷി.
വിലയും എതിരാളികളും
ഇൗ മാസം 20ന് പഞ്ചിെൻറ വില ടാറ്റ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5.50 ലക്ഷം മുതൽ ഒമ്പത് ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന പഞ്ച്, ടാറ്റയുടെ എസ്‌യുവി ശ്രേണിയിലേക്കുള്ള പ്രവേശന കവാടമായിരിക്കും. ഹൈ-റൈഡിംഗ് ഹാച്ച്ബാക്കുകളായ ഇഗ്നിസ്, കെ.യു.വി 100 എന്നിവയ്ക്കുപുറമെ, നിസ്സാൻ മാഗ്നൈറ്റ്, റെനോ കൈഗർ കോംപാക്ട് എസ്‌യുവികളും പഞ്ചിന് എതിരാളികളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.