ഫോർച്യൂണറും ലെജൻഡറും ഒന്നാണോ? അറിയാം ടൊയോട്ടയുടെ അതികായന്മാരെ
text_fieldsപരിഷ്കരിച്ച ഫോർച്യൂണർ എസ്.യു.വി ഈയിടെയാണ് ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിച്ചത്. അതോടൊപ്പം ഫോർച്യൂണറിനോട് ഏറെ സാമ്യമുള്ള മറ്റൊരു വാഹനവും കമ്പനി വിപണിയിൽ എത്തിച്ചു. ലെജൻഡർ എന്ന് പേരുള്ള ഈ വാഹനം നമ്മുക്ക് ചിലപ്പോൾ ആശയക്കുഴപ്പം ഉണ്ടാക്കിേയക്കാം. ഫോർച്യൂണറും ലെജൻഡറും രണ്ട് വാഹനമാണോ അതോ ഒരേ വാഹനത്തിന്‍റെ വകഭേദങ്ങളാണോ എന്നതായിരിക്കും ആദ്യം നമ്മിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നത്. ഇനി ഫോർച്യൂണറിന്‍റെ വകഭേദമാെണങ്കിൽ വിലയിത്ര കൂടാൻകാരണമെന്തെന്നാകും അടുത്ത സംശയം.
ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് 2021ൽ ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ എസ്‌യുവിയാണ്. രണ്ടാം തലമുറ ഫോർച്യൂണറിന്‍റെ ആദ്യത്തെ പ്രധാന പരിഷ്കരണവുമാണിത്. നാല് വർഷം മുമ്പാണ് ഈ മോഡൽ വിപണിയിലെത്തുന്നത്. 2021ൽ ടൊയോട്ട ഫോർച്യൂണറിന് ഒരു ഉയർന്ന വേരിയന്‍റുകൂടി നൽകി. അതാണീ ലെജൻഡർ. എന്തായാലും ഒരു സംശയം ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടുണ്ടാകും. ലെജൻഡർ മറ്റൊരു വാഹനമാണോ എന്ന സംശയത്തിന് ഇനി സ്ഥാനമില്ല. ലെജൻഡർ ഫോർച്യൂണറിന്‍റെ ഏറ്റവും ഉയർന്ന വേരിയന്‍റാണ്. ഇനി പരിശോധിക്കേണ്ടത് ഫോർച്യൂണറും ലെജൻഡറും തമ്മിലുള്ള വ്യത്യാസമാണ്. എന്താണ് ഇവയെ തമ്മിൽ വേർതിരിക്കുന്നതെന്ന് നോക്കാം.
ഫോർച്യൂണർ vs ലെജൻഡർ; ഡിസൈൻ
സ്റ്റാൻഡേർഡ് ഫോർച്യൂണറും ലെജൻഡറും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ രൂപത്തിലാണ്. പുതിയ ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്ലൈറ്റുകളും മുൻ ബമ്പറും, പുതിയ 18 ഇഞ്ച് വീലുകളും സ്ലിമ്മർ എൽഇഡി ടെയിൽ ലൈറ്റുകളും ലെജൻഡറിൽ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വളരെ വ്യത്യസ്തമാണ്. സ്പ്ലിറ്റ് ഗ്രില്ലും എൽഇഡി ഹെഡ്ലൈറ്റുകളും ഡിആർഎല്ലുകൾക്ക് സവിശേഷമായ രൂപകൽപ്പനയും ലജൻഡറിനുണ്ട്. സീക്വൻഷൽ ടേൺ ഇൻഡിക്കേറ്ററുകൾ, ഡ്യുവൽ ടോൺ 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ലഭിക്കും. മറ്റൊരു വ്യത്യാസം നിറത്തിലാണ്. സ്റ്റാൻഡേർഡ് ഫോർച്യൂണറിന് എട്ട് വ്യത്യസ്ത പെയിന്‍റ് ഷേഡുകൾ നൽകുന്നുണ്ട്. പക്ഷേ ഡ്യുവൽ-ടോൺ കളറുകളൊന്നും ഇവയിലില്ല. അതേസമയം ലെജൻഡറിന് ഇരട്ട-ടോൺ പെയിന്‍റ് സ്കീം മാത്രമാണുള്ളത്. പേൾ വൈറ്റും കറുപ്പുമാണ് ലെജൻഡറിന്‍റെ ഒരേയൊരു നിറം.
ഇന്‍റീരിയർ
ഫോർച്യൂണറിലെ പരിഷ്കാരങ്ങളെല്ലാം ലെജൻഡറിനും ലഭിക്കും. കണക്റ്റഡ് കാർ ടെക്കിനൊപ്പം 8.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റവും ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവയുമുണ്ട്. സ്റ്റാൻഡേർഡ് ഫോർച്യൂണറും ലെജൻഡറും തമ്മിലുള്ള പ്രധാന വ്യത്യാസം ഉള്ളിലെ നിറത്തിലാണ്. സ്റ്റാൻഡേർഡ് ഫോർച്യൂണറിന് കറുപ്പ് അല്ലെങ്കിൽ ബീജ് ഇന്‍റീരിയർ ആണുള്ളത്. ലെജൻഡറിനുള്ള ഒരേയൊരു കളർ സ്കീം കറുപ്പും മെറൂണുമാണ്. മെറൂണിലെ കോൺട്രാസ്റ്റ് സ്റ്റിച്ചിങും പ്രത്യേകതയാണ്. ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററിനുള്ള ബ്ലാക്ക് ഡയലുകൾ (സ്റ്റാൻഡേർഡ് ഫോർച്യൂണറിൽ നീല), റിയർ യുഎസ്ബി ചാർജിങ് പോർട്ട്, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിങ്, ആംബിയന്‍റ് ലൈറ്റിങ്, ഓട്ടോ-ഡിമ്മിംഗ് ഇന്‍റീരിയർ റിയർ വ്യൂ മിറർ, ഹാൻഡ്സ് ഫ്രീ ടെയിൽ-ഗേറ്റ് ഓപ്പണിംഗ്, 11 സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം എന്നിവയും ലെജൻഡറിലുണ്ട്.
എഞ്ചിൻ
സ്റ്റാൻഡേർഡ് ഫോർച്യൂണറും ലെജൻഡറും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം അവരുടെ പവർട്രെയിൻ ഓപ്ഷനുകളിലാണ്. ഫോർച്യൂണറാണ് എഞ്ചിന്‍റെ കാര്യത്തിൽ സമ്പന്നൻ എന്ന്പറയാം. പഴയ 2.7 ലിറ്റർ പെട്രോൾ എഞ്ചിൻ മാറ്റമില്ലാതെ തുടരുന്നുണ്ട്. ഇത് 166 എച്ച്പി കരുത്തും 245 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിൽ വാഹനം ലഭ്യമാണ്. അപ്ഡേറ്റ് ചെയ്ത 2.8 ലിറ്റർ ഡീസൽ എഞ്ചിനും ഫോർച്യൂണറിലുണ്ട്. 204 എച്ച്പി കരുത്തുള്ള ഈ എഞ്ചിൻ 6 സ്പീഡ് മാനുവലുമായി ചേരുമ്പോൾ 420 എൻഎം ടോർക്കും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായി ചേരുമ്പോൾ 500 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. സ്റ്റാൻഡേർഡ് ഫോർച്യൂണറിന് രണ്ട്, നാല്-വീൽ ഡ്രൈവ് പതിപ്പുകൾ ഉണ്ടായിരിക്കുമെങ്കിലും ലെജൻഡറിൽ ഇഷ്ടാനുസരണം അവ വാഗ്ദാനം ചെയ്യുന്നില്ല. ലെജൻഡർ 2.8 ലിറ്റർ ഡീസൽ എഞ്ചിനിൽ 6 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി രണ്ട്വീൽ ഡ്രൈവിൽ മാത്രമേ ലഭ്യമാവുകയുള്ളൂ.
വിലകളും വേരിയന്‍റുകളും
ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിന്‍റെ ഏറ്റവുംകുറഞ്ഞ പെട്രോൾ 4x2 പതിപ്പിന് 29.98 ലക്ഷം മുതൽ വിലവരും. ടോപ്പ്-സ്‌പെക്ക് 4x4 ഡീസൽ ഓട്ടോമാറ്റിക് വേരിയന്‍റിന് 37.43 ലക്ഷം രൂപയാണ്. ലെജൻഡർ 4x2 ഡീസൽ ഓട്ടോമാറ്റിക് വാഹനത്തിന് 37.58 ലക്ഷം രൂപയാണ് വില. ഏറ്റവും ഉയർന്ന 4x4 ഡീസൽ-ഓട്ടോ ഫോർച്യൂണറിനേക്കാൾ 15,000 രൂപ കൂടുതലാണ് ലെജൻഡറിനെന്ന് സാരം. മാത്രമല്ല സ്റ്റാൻഡേർഡ് ഫോർച്യൂണറിന്‍റെ 4x2 ഡീസൽ-ഓട്ടോ പതിപ്പിനേക്കാൾ 2.74 ലക്ഷം രൂപയും ലെജൻഡറിന് കൂടും. ടൊേയാട്ട ലെജൻഡറിന്‍റെ ഫോർവീൽ ഡ്രൈവ് സിസ്റ്റം ഒഴിവാക്കാൻ കാരണം വില ഇനിയും കൂടുമെന്നതാണ്. ഫോർവീൽ ഡ്രൈവ്കൂടി വന്നാൽ ലെജൻഡർ വില 40 ലക്ഷം കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.